സുകുമാരൻ ചാലിഗദ്ദ

നൂറ് മീറ്റര്‍ ഫൈനല്‍
ഉടനെ ആരംഭിക്കുകയാണ്,
മത്സരാര്‍ത്ഥികള്‍
സ്റ്റാര്‍ട്ടിങ് പോയന്റില്‍ എത്തിച്ചേരുക.

ചെസ്​റ്റ്​ നമ്പര്‍ one 129 GHSS കാട്ടിക്കുളം
ചെസ്​റ്റ്​ നമ്പര്‍ two 130 GHSS മാനന്തവാടി
ചെസ്​റ്റ്​ നമ്പര്‍ three 131 GHSS കാക്കവയല്‍
ചെസ്​റ്റ്​ നമ്പര്‍ four 132 GHSS മീനങ്ങാടി.

Ready
on your mark
get set...
go.

-ഠോ-

ശൂന്യതയില്‍ നിന്നും ചിറകടിച്ച
ഓളപ്പരപ്പുകള്‍ കാടുള്ള പുഴയുള്ള
കടലുള്ള നാടുകളിലൂടെ
ആറാട്ടുപോലെ ആളിപ്പടര്‍ന്നു.

കാട് കുടുംബം ജീവിതം ചുവട്
മുറ്റം ഗ്രാമം റോഡ് വണ്ടി നഗരം
മനുഷ്യര്‍ വായന മനസ്സ് ഹൃദയം,
ഇവിടെ വേലികളില്ലായിരുന്നു.

മറക്കാന്‍ പറ്റാത്ത രശ്മികളെല്ലാം
കണ്ണുകളില്‍ കൂട് കെട്ടുകയാണ്.
അവിടെ തിളങ്ങുന്ന ഇളംമഞ്ഞകള്‍
നമ്മോട് ചേര്‍ന്നലിയാന്‍ തുടങ്ങുന്നു.

ഞാനൊരു കൃഷിക്കാരനാണ്
എന്റെ വിളകള്‍ സ്വീകരിച്ച്
ഉപ്പിട്ട് പുളിയിട്ട് എരിവിട്ട് മധുരമുള്ള
സ്‌നേഹം തരേണ്ടത് നിങ്ങളാണ്.

ജയം
ജയം
ജയം
ജയം.

പക്ഷേ നടന്നില്ല.

ഒന്നാം സ്​ഥാനം ജോര്‍ജിന്
രണ്ടാം സ്​ഥാനം ഷെമീറിന്
മൂന്നാം സ്​ഥാനം ഭാസ്‌ക്കരന്.

നാലും അഞ്ചും കഴിഞ്ഞ് ആറില്‍പെട്ട മാരന്‍
ഫിനിഷിംഗ് നാടയുടെ മുന്നിലേക്ക് പടരാന്‍
ഒരു വാശിവെച്ചിട്ട് കിതച്ചു കിതച്ചു.

അടുത്ത വര്‍ഷത്തെ മത്സരത്തില്‍
ഞാനായിരിക്കും ചാമ്പ്യന്‍.


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments