സ്ഫടികം: നിഷ നാരായണന്റെ കവിത

തോമസ് ചാക്കോ,
വരൂ, നമുക്ക് അജ്ഞാതങ്ങളായ നദീതടങ്ങളിലേക്കു പോകാം
അവിടെയല്ലേ സംസ്‌കാരങ്ങൾ ഉരുത്തിരിഞ്ഞുവന്നത്.

വ്യവസ്ഥിതികൾക്കെതിരെയുള്ള
ചെകുത്താൻ ലോറികൾ
ഒരുപാട് ഓടിയിട്ടുള്ളത്.

ആ ജലസ്രോതസ്സുകളിൽ
മുഖം കഴുകി, ഇറക്കമുള്ള അതിന്റെ
തീരപഥങ്ങളിലൂടെ
ഏറെദൂരം സഞ്ചരിക്കാം.

കാലമടിച്ചുകയറ്റിയ
ആണികളുടെ തുരുമ്പും
കുരിശിന്റെയും കഴുമരത്തിന്റെയും
വെടിയുണ്ടകളുടേയും കണക്കുകളും
പരിശോധിച്ചുനോക്കാം.

തോമസ് ചാക്കോ,
കണക്കിനന്ന് നൂറിൽ നൂറു വാങ്ങിയ
ബേബി കുഞ്ചറിയ ഇന്ന്
അമേരിക്കയിലെ മാസച്ചൂസെറ്റ്‌സിൽ
ചരിത്രപര്യവേഷകനായി
ജോലിചെയ്യുന്നു.

സാഹിത്യകുതുകി കൂടിയായ അയാൾ
ബ്രഹ്മാണ്ഡ കഥാപാത്രങ്ങളെ
വിശകലനം ചെയ്യുന്നു,
അവയെപ്പറ്റി എഴുതുന്നു.
ചരിത്രപുരുഷൻമാരെപറ്റി (സ്ത്രീകളെപ്പറ്റിയും)
മനഃശ്ശാസ്ത്രപരമായ പരികൽപനകൾ
നടത്തി മൂന്നാംവീക്ഷണങ്ങൾ ഉണ്ടാക്കുന്നു.

ബേബി കുഞ്ചറിയ മാസാണ്.
അയാൾ തന്റെ ഭൂഗോളക്കരണ്ടിയുമായി
ചരിത്രം ടോർച്ചുവീശാത്ത,
മനുഷ്യൻ കടന്നുകേറാത്ത വഴികളിലൂടെ, നടന്നു.

ജോൻ ഓഫ് ആർക്ക്
അപാര സ്‌കിസോഫ്രിനിയാക് ആയിരുന്നോയെന്നും,
വാൻഗോഘ് അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഒട്ടും വിറ്റുപോവാഞ്ഞതെന്തെന്നും
അയാൾ ഹൈപ്പത്തിസിസുകളെ മുൻനിർത്തി വിവക്ഷിച്ചു.

ചാക്കോ മാഷിന്റെ സ്ഥിരം പ്രശ്‌നവിശകലനപ്പടികളെ
ചാടിക്കടന്ന്, പെരിസ്‌ട്രോയിക്ക
പാളിപ്പോയ ഗോർബച്ചേവിയൻ റഷ്യയുടെ
സ്വേച്ഛാധിപത്യനിരത്തുകളിൽ
അയാൾ ഖനനം ചെയ്തുനടന്നു.
മാസാണ് അയാൾ.

ആളുകളെ അയാൾ പുനർവായിച്ചു
ചരിത്ര താന്തോന്നിപ്പുകളെ
പുനർവ്യാഖ്യാനം ചെയ്തു.
ഭാഷ പോരാ സംവേദനത്തിനെന്നു പ്രഖ്യാപിച്ച
ദെറിദയെ അയാൾ ആലിംഗനം ചെയ്തു.
എത്ര ദെറീദർ!
എത്രയെത്ര ദെറീദർ, നെരൂദർ, വാരിയം കുന്നർ!
വ്യവസ്ഥിതിയ്‌ക്കെതിരെ
താന്താങ്ങളുടെ ചെകുത്താൻലോറി
ഓടിച്ചവർ!

മി.ബേബി കുഞ്ചറിയ,
ചാക്കോമാഷുടെ കണക്കുതെറ്റിയൊരു
തോമസ് ചാക്കോയുണ്ട്.
ഭൂഗോളത്തിന്റെ സ്പന്ദനം
മനുഷ്യനിലാണെന്നു പിറുപിറുത്ത്
അയാൾ ആ പുഴയോരത്ത്
ഇരിക്കുന്നുണ്ട്.

റിമോട്ട് സെൻസിംഗിലൂടെ അയാളെ കണ്ട്
ആഹ്‌ളാദിരേകത്താൽ നിങ്ങളുടെ
കൺനിറഞ്ഞത് കണ്ടു.
..നിങ്ങൾ ഒന്നും മിണ്ടുന്നില്ലായിരുന്നു.
ദെറീദ പറഞ്ഞതെത്ര ശരി.
ഭാഷ ചിലപ്പോൾ ചില സംവേദനങ്ങൾക്ക് അപര്യാപ്തമായേക്കാം...

അറിയാം..
നിങ്ങൾ അയാളെ ഇത്രകാലവും
അന്വേഷിക്കുകയായിരുന്നു.
മരണമാസ് ആട്‌തോമായെ!
ദൂരെ മാസച്ചുസെറ്റ്‌സിലെ
വിശാലമുറിയിലിരുന്ന്
ബേബി കുഞ്ചറിയ അയാളെ
പുണരാനാഞ്ഞു.

തോമസ്ചാക്കോ
ഭീമാകാരനായി
മരണമാസായി ചിരിച്ചുനിന്നു.

Comments