നജീബ് റസൽ

ശ്രീബുദ്ധനുള്ള
മെഴുതിരികൾ

ബുദ്ധപ്രതിമക്ക്
മുന്നിൽ നീയൊരു
മെഴുതിരി
കത്തിച്ചുവെക്കുന്നു.

കുഷ്ഠരോഗികളുടെ
കൈകൊണ്ടു നിർമിച്ച
വെളിച്ചത്തിൽനിന്നും
വെങ്കലപ്രതിമ
ദൈവത്തെപ്പോലെ
തിളങ്ങിത്തുടങ്ങുമ്പോൾ
രണ്ടുകാലുകൾക്കും വേണ്ടത്ര
ബലമില്ലാത്ത നീ
ഒരുവിധം
നിരങ്ങിയിഴഞ്ഞുവന്ന്
വേട്ടക്കു കാട്ടിൽ
പോകുന്നയെന്റെ
ജീപ്പിൽ കയറിയിരിക്കുന്നു...

“എന്നാ മല കയറുകയല്ലേ?”
എന്നുള്ള നിന്റെ
ചോദ്യത്തിൽനിന്നും
ഒരുപാടൊരുപാട് മുയലും
മയിലും മാനും ഓടിയൊളിക്കുന്നു.

നമ്മെയൊരു കാടു
വരിഞ്ഞുമുറുകും വരെ…
നാം വളഞ്ഞുപുളഞ്ഞ്
മുകളിലോട്ടൊഴുകിക്കൊണ്ടേയിരിക്കും.

നേരമേറെക്കഴിയുമ്പോൾ
വേണ്ടുവോളം നീളവും
വീതിയുമുള്ള ഒരു രാത്രിയെ
രണ്ടുപേരും ചേർന്ന്
നിവർത്തിയിട്ട്
അവയിൽ പറ്റിപ്പിടിച്ച
മുഴുവൻ നക്ഷത്രങ്ങളെയും
കുടഞ്ഞുകളഞ്ഞ്
അതിഗംഭീരമായ ഇരുട്ടിൻ
സ്വകാര്യതയെ നാം
തരപ്പെടുത്തിയെടുക്കും.

പിന്നെ തലയിണക്കുള്ളിൽ
കരുതിവെച്ച
കുറേ വിഷസർപ്പങ്ങളെ
കാവലിനെന്നപോലെയിരുളിൽ
തുറന്നുവിട്ട് ഉങ്ങുകയായി...

അന്നേരം എന്റെയും നിന്റെയും
സ്വപ്നങ്ങൾക്ക് കുറുകെ
വലിച്ചുകെട്ടിയ ഒരയയിൽ
ബുദ്ധന്റെ മുഖമുള്ള
കുറേ കുഞ്ഞുങ്ങളെ
ഉണങ്ങാനിട്ട അടിവസ്ത്രങ്ങൾ
പോലെയാരോ ഞാത്തിയിടുന്നു.

അവയിൽ നിന്നിറ്റിറ്റിവീഴുന്ന
മെഴുകുതുള്ളികളിൽ
ഞെട്ടിയുണർന്നു നാം
കിടന്നുറങ്ങാൻ നിവർത്തിയിട്ട
രാത്രിയെപ്പോലുമൊന്നു
മടക്കിവെക്കാതെ
വെടിയിറച്ചിയും
അടിവാരത്തിലെ
ബുദ്ധനു മുന്നിൽ
കത്തിച്ചുവെക്കാനുള്ള
മെഴുകുതിരിയും കരുതി.
ഭയത്തിന്റെ മലയിറങ്ങും.

Comments