ഡോ. രുദ്രമൂർത്തി ചേരൻ

ഡോ. രുദ്രമൂർത്തി ചേരന്റെ കവിതകൾ

ശ്രീലങ്കൻ തമിഴ് കവിതകൾ, വിവ: ഡോ. ജ്യോതിമോൾ പി.

  1. എനിക്ക് ഇതെല്ലാം മറക്കാമായിരുന്നു

എനിക്ക് ഇതെല്ലാം മറക്കാമായിരുന്നു

ഈ പാച്ചിൽ
കൊച്ചുകുട്ടിയുടെ പ്രതീക്ഷാനാളവുമായി
ഗാലി റോഡിലൂടെ മുന്നോട്ട്
ഈ നികൃഷ്ടവും അരക്ഷിതവുമായ ജീവിതം
നിരാകരിക്കാൻ വിസമ്മതിച്ച്
ചുറ്റും ലോകം കിടുകിടുക്കുമ്പോഴും

അതുപോലെ എന്റെ ഹൃദയമേ
ആ കാഴ്ച മറക്കുക.

തലകീഴായ കരിഞ്ഞ കാറിൽ നിന്ന്
പുറത്തേക്ക് തള്ളി നിൽക്കുന്ന തുടയെല്ല്,
ഭൂമിക്കും ആകാശത്തിനുമിടക്കെവിടെയോ
തറച്ചുനോക്കുന്ന ഒറ്റക്കണ്ണ്,
ചോരയിൽ കുളിച്ച് ദ്വാരം മാത്രമായത്
ഡിക്ക്മാൻ റോഡിൽ തലപിളർന്നു മരിച്ച ആറു പേർ,
കറുത്ത മുടികൾ ചോരയിൽ ചുമന്ന്
തീയിൽ നിന്ന് രക്ഷപ്പെട്ട ഒരു സാരിക്കഷണം,
അതിന്റെ പങ്കാളിയില്ലാതെ
അനാഥമായ കൈ, റിസ്റ്റ് വാച്ച് ഊരി എടുക്കപ്പെട്ടത്,
വെന്തെരിഞ്ഞ ഭവനത്തിൽ നിന്ന്
തൊട്ടിലുമായി പുറത്തേക്ക് ഓടുന്ന സിംഹളസ്ത്രീ.

എനിക്ക് ഇതെല്ലാം മറക്കാമായിരുന്നു,
എല്ലാം മറക്കാമായിരുന്നു, ഒന്നും ബാക്കിയില്ലാതെ.

പക്ഷേ എന്റെ പെൺകുട്ടി,
തട്ടിയെടുത്ത് വലിച്ചെറിയപ്പെട്ടവൾ.
ദിവസങ്ങളുടെ വിശപ്പടക്കാൻ
ഉരിയരി കഞ്ഞി തിളയ്ക്കാൻ കാത്തിരുന്നപ്പോൾ
തേയിലക്കാടുകളിൽ കുട്ടികളെ ഒളിപ്പിച്ച്
താഴേക്ക് തൂങ്ങുന്ന മേഘപാളികൾ അവരെ പൊതിഞ്ഞു സൂക്ഷിച്ചു. തകർന്ന ചട്ടിക്കഷണങ്ങളും
നിലത്തുണങ്ങിയ തൂവിയ കഞ്ഞിയും
എനിക്ക് എങ്ങനെയാണ് മറക്കാനാവുക?

2. കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങളെ ആര് സൃഷ്ടിക്കുന്നു
എന്നു ഞാൻ ചോദിച്ചു.
തുറന്ന ജനലിൽ കുറുകുന്ന കാറ്റു പറഞ്ഞു,
ഞാനല്ലത്.
അവരുടെ ശബ്ദങ്ങളെ
സംഗീതത്താൽ ശാക്തീകരിക്കുന്നു ഞാൻ.
അവരുടെ കണ്ണിന് അഗാധമായ നിറങ്ങൾ നൽകുന്നത്
ഞാനെന്ന് വെളിച്ചം മൊഴിഞ്ഞു.
അവരുടെ മൃദുപാദങ്ങളിൽ
പുഞ്ചിരിയോടെ തൊടുന്നുണ്ട്,
ഞാനെന്ന് രുധിരശോണിമയിൽ
അരളി ചൊല്ലി.
അവരുടെ ഹൃദയങ്ങളിൽ
സ്നേഹനാരുകൾ നെയ്യുന്നു,
ഞാനെന്ന് കടൽ പറഞ്ഞു.
അവരുടെ ചിരിക്ക് വശ്യശക്തി നൽകുന്നു,
ഞാനെന്ന് കാടു മൊഴിഞ്ഞു.

അത് ശരിയെങ്കിൽ
അവരുടെ കൈയിൽ തോക്ക് പിടിപ്പിക്കുന്നത്,
കാലിൽ പട്ടാളബൂട്ടുകൾ ഇടുവിക്കുന്നത്,
അരക്കെട്ടിൽ ഗ്രനേഡുകൾ വയ്ക്കുന്നത്,
കണ്ണിൽ വെറുപ്പ് നിറക്കുന്നത് ആര്?
എന്ന് ഞാൻ ചോദിച്ചു.

കേട്ടപാടെ
കാറ്റും കടലും കല്ലായി
വെളിച്ചം ആടിയുലഞ്ഞ്
ചില്ലുകഷ്ണങ്ങൾ പോലെ തകർന്നടിഞ്ഞു.

ഒരൊറ്റ മിന്നലിൽ
പൂക്കൾക്കും കാടുകൾക്കും തീപിടിച്ചു
മൃഗങ്ങളും പക്ഷികളും
അതിൽ വെന്തെരിഞ്ഞു
കുഞ്ഞുങ്ങൾ,
നമ്മുടെ കുഞ്ഞുങ്ങൾ…


Summary: Sri Lankan Tamil Poems by Dr. Rudramurthy Cheran, translated by Dr. Jyothimol P. Published in Truecopy Webzine Packet 310.


ഡോ. രുദ്രമൂർത്തി ചേരൻ

ശ്രീലങ്കയിൽ ജനിച്ച തമിഴ് വംശജൻ. ശ്രീലങ്കൻ എന്ന നിർബന്ധിത സ്വത്വത്തെ നിരന്തരം നിരാകരിച്ച്, താൻ കാണേണ്ടിവന്ന വംശീയ കൂട്ടക്കൊലകളുടെ മുറിവുകൾ സദാ ഹൃദയത്തിലേറ്റിയയാൾ. ശ്രീലങ്കൻ പട്ടാളം ജാഫ്ന ലൈബ്രറി തീയിട്ട് അനേകായിരം പുസ്തകങ്ങൾ നശിപ്പിക്കുന്നതിന് ദൃക്‌സാക്ഷിയായി. “ഇന്നവർ പുസ്തകങ്ങൾ ചുടുന്നു. നാളെ മനുഷ്യരെയും” എന്ന് പ്രവചിച്ച കവി.

വിവ: ഡോ. ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments