സ്റ്റാലിന

ഹാക്കിങ്ങ്

നാലായി പിരിച്ചൊരിടത്ത്
തൊട്ടരികിലായെത്തിയവൻ
പണ്ടൊപ്പം പഠിച്ചവൻ -
മുഖംമൂടിയിട്ടവൻ
പുതിയ കാറിൽ
പുറത്തുനോക്കാതെ തിടുക്കത്തിൽ
കടന്നുപോകുമ്പോളോർത്തെടുക്കുന്നു

തമ്മിലകറ്റും വിഷം
നമുക്കിടയിലെന്നേയുണ്ടായിരുന്നെന്ന്
വിളിച്ചുകൂവിയകറ്റിയിരുന്നതിപ്പോൾ
തൊട്ട് തൊട്ട് പങ്കിട്ട് , പടർത്തിയത്
വളർന്നു വീർത്ത്
വിഴുങ്ങുന്നുണ്ടെന്റെ വീടുകളെ .

അവന്റെ ചെവിക്കുപിന്നിൽ
ചേർന്നു നിന്നത്
പിറുപിറുക്കുന്നു
പഴയ കുടിലമന്ത്രങ്ങൾ
വെറുപ്പിന്നീയമുരുക്കുന്നുണ്ടതെന്റെ
കേൾവികളെയടക്കാൻ
എല്ലാർക്കുമൊരു പോലെ വീതം
വെയ്ക്കുന്നത്
തട്ടുതട്ടായി തിരിച്ച
കെട്ടുകഥകൾ
ഏതുകഥയിലുമൊരേ മുഖമുള്ള
ശത്രുക്കൾ .

വഴികൾ കൂടുമിടത്തു നിന്നുമെന്നേ
വേറിട്ടവർ ഞങ്ങൾ
വെയിലിൽ ഞാൻ തിളയ്ക്കുമ്പോൾ
വിരൽത്തുമ്പിലെ ചെറുചതുരത്തിലേക്ക്
ചുരുങ്ങിയിരുന്നവൻ പുറത്തിറങ്ങുമ്പോൾ
അവനു കൂർക്കുന്നു കൊമ്പുകൾ
എന്നിലതിന്റെ മുറിവുകൾ
തോലിലതിൻ വടുക്കളും.

ഇപ്പൊഴീ തൊഴിലിടത്തിലെ
ചെറുകിടങ്ങുകളിൽ
പതിയിരിക്കുന്നവർ ഞങ്ങൾ
തലയ്ക്കു മീതേ കറങ്ങും
കണ്ണുകൾക്ക് താഴെയെല്ലാരും
നൂൽപ്പാവകളെങ്കിലും
തമ്മിലിഴകൾ ചേരുമെന്നൊരടുപ്പത്താൽ മാത്രമൊരുവൻ
കൂട്ടത്തിൽ മിടുക്കനെന്നാകുന്നു -
അവൻ വേഗത്തിലുയരുന്നു

ഇടനാഴിയിലെ കണ്ണാടിയിൽ നിന്നും
തമ്മിൽനോക്കാതെ മുഖം തിരിക്കുമ്പോളവിടെ
മിന്നി മറയുന്നൊരാ പുരാതന
മനുഷ്യരേതെന്നറിയുന്നില്ലവൻ

നേര് പറയും കണ്ണാടികൾ -
നോക്കേണ്ടും വിധമറിഞ്ഞാൽ മാത്രം .

അവന്റെ നെഞ്ചിൽ
നുണകൾ കോർത്തൊരാ നൂലിഴകൾ
എന്റെ മേലെത്ര പൊട്ടിച്ചെറിഞ്ഞിട്ടും
വന്നു വീഴുന്നൊരാ കല്ലുമാല.

മുറിവുകൾ മൂടിയുണക്കാനിന്നു ഞാൻ
പഴയൊരാ പുഴവക്കത്തെ
ചെളിമണ്ണുപൊത്തുന്നു
തോലിൽ പിടിച്ചിട്ട
പിടച്ചിലുകളുടെ ചൂടിലൊരു
വാക്കത്തി -

കൽപ്പാളികളിലാഴത്തിൽ
തറഞ്ഞു നിൽക്കുന്ന വാക്കുകൾക്ക്
ചലിക്കാനാവില്ലെന്നുറക്കെ ചിരിച്ച്
നിലവിളികളുടെ നെഞ്ചിൽ
ചവിട്ടി നിൽക്കുന്നവന്റെ
ചതിക്കെട്ടറുക്കാൻ
കണക്കുറപ്പിച്ചെന്റെ
രഹസ്യഭാഷയെ ...
രാകി വെയ്ക്കുന്നു.


Comments