ഒന്ന്
ഇളവെയിലിൽ ത്രസിക്കും
ജലമിഴികളവയുടെ തീരങ്ങളിൽ
തിളങ്ങുമുന്മാദത്തിൻ
ചിറകിരമ്പങ്ങൾ
രണ്ട്
മണങ്ങളോർമ്മിച്ചെടുക്കുന്ന
മൃഗത്തെപ്പോലെ
മനസ്സ്
മൂന്ന്
ഇരുട്ട് തോൽ പൊഴിയ്ക്കുന്ന
നിഗൂഢമാം വഴിത്താര
നാല്
കാതിലൊരേ തേനീച്ച മൂളക്കം.
അഞ്ച്
ചുണ്ടുകളറിയുന്നു
പാട്ടിൻ കമ്പനങ്ങൾ
കുരൽനാഴിയിലിരമ്പങ്ങൾ
കടൽക്കെട്ടിൽ
ചിതറിവീഴും മുഴക്കങ്ങൾ ...
ആറ്
നിലാവ് പിളർന്ന് പ്രണയദംശനം
പിടച്ചുണർന്നൊരൊറ്റ
മരത്തിൽ നിന്നും പൊഴിയുന്നതിൻ
നീലിച്ച തേൻ തുള്ളികൾ
ഏഴ്
തീരത്ത് ഒരേയൊരൂഞ്ഞാൽ
ജീവിതത്തിൽ നിന്ന് മരണത്തിലേയ്ക്ക്
മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക്.▮