മൂന്നാംലോക രാജ്യത്തെ ഇടത്തരം പട്ടണം.
പൊടിയും നിരാശയും മലിന ശബ്ദങ്ങളും
അടിഞ്ഞുകൂടിയ പകലുകളിലൊന്നിന്റെ
രാത്രിബാക്കിയിൽ
ഒരു സ്റ്റാൻഡപ് കോമഡി മത്സരം നടക്കുന്നു.
മത്സരം വിഷയാധിഷ്ഠിതം,
വിഷയം – ഐക്യരാഷ്ട്രസഭ.
ഒരു പെറ്റികേസുപോലും
വരില്ലെന്ന തികഞ്ഞ വിശ്വാസത്തിൽ
മത്സരാർത്ഥികൾ
തമാശകളെ തുടലഴിച്ച് വിട്ടിരിക്കുന്നു.
അലറിച്ചിരിക്കുന്നുണ്ട് പുരുഷാരം.
വേറെയെവിടെയൊക്കെയോ
ചിരിക്കാൻ പറ്റാത്ത ചിരിയാണ്
ഇവിടെ ചിരിക്കുന്നതെന്നൊന്നും
ആരും ചിന്തിക്കുന്നില്ല.
ഒരു കാര്യത്തിന്റെ നിലനിൽപ്പ് തന്നെ
തമാശയായാൽ
അതിനെപ്പറ്റി വേറെ തമാശ സാധ്യമല്ല
എന്നു പറഞ്ഞ യുവ മത്സരാർത്ഥിക്ക്
എന്തുകൊണ്ടോ
സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്.
പേടിച്ച് ചിരിക്കുന്ന ചിരി
ഐക്യരാഷ്ട്രസഭയുടെ
ഔദ്യോഗിക ആംഗ്യമാക്കണമെന്ന്
അടുത്തയാൾ പറഞ്ഞതിനാവട്ടെ
പകുതിയിലും കുറവ്
ആളുകൾ മാത്രമാണ് ചിരിച്ചത്.
എവിടെയുമേശാതെ
പരാജയപ്പെടുന്നൊരു തമാശ
പറയുന്നയാളും
നേരിട്ട് കേൾക്കുന്നവരുമല്ലാതെ
അകന്ന് നിന്ന് നോക്കുന്നവർക്ക്
നല്ല തമാശയായിരിക്കും
എന്ന സാധ്യത മാത്രം
മാറ്റമില്ലാതെ അവശേഷിക്കുന്നു.
പരാജയപ്പെട്ട നർമ്മം
വേറെയൊരു തരത്തിൽ
തമാശയാകുന്നതിനുള്ള
അകലത്തിന്റെ
അസ്ഥികളും പേശികളും
സമനിലയുമായി നിലനിൽക്കുന്നു
നമ്മുടെ ജീവിതങ്ങൾ.
നിശ്ശബ്ദത ഒരു ഭാഷയാണെങ്കിൽ
ആ നിൽപ്പും
ഒരു സ്റ്റാൻഡപ്പ് കോമഡി.
ടി.പി. വിനോദ്