പി.എ. നാസിമുദ്ദീൻ

നിറം മങ്ങിയ
ഫ്രെയിമുകളിട്ട
പെയിന്റിങ്ങുകൾ നിരത്തിയ
മുറിയിൽ

സന്ദർശകനായെത്തിയ
എനിക്ക്
ചായയിൽ മധുരമിളക്കുകയായിരുന്നു
ദീർഘകായനായ ചിത്രകാരൻ

മങ്ങിയ വെളിച്ചത്തിൽ
അയാൾ
ചരിത്രത്തിൽ
നിശ്ചലമായ
ഒരു വാസ്തുഗോപുരം

പെയിന്റിങ്ങുകളുടെ
പശ്ചാത്തലങ്ങളിൽ
ആലസ്യം ചാരനിറമായും
മടുപ്പ് തവിട്ടിലും
പുതഞ്ഞു കിടന്നു

അതിൽ നിന്ന്
കമ്പിനാരുപോലുള്ള
ഉടലിൽ പുറത്തേക്കു നീണ്ട ഒരു തലയോട്ടി
എന്തോ പറയാൻ
വിക്കി കൊണ്ടിരുന്നു

ഇടക്കിടെ
പുറത്തുകൂടെ
പോകുന്ന
വാഹനങ്ങളുടെ
കൂർത്ത വെളിച്ചം
അവിടെ
മിന്നി മറഞ്ഞു

കപ്പ്
എനിക്ക് നേരെ
നീട്ടിയിട്ട്
അയാൾ പറഞ്ഞു

"ഞാൻ സ്തംഭിച്ചിട്ട്
എത്ര നാളായ്'

മടുപ്പിന്റെ
വീചികൾ
അദൃശ്യമായ്
അന്തരീക്ഷത്തിൽ
പൊഴിഞ്ഞു കൊണ്ടിരുന്നു

ഇത്
സമുദ്രത്തിലാഴ്ന്നു പോയ
ഒരു കപ്പൽഛേദത്തിന്റെ
മുറിയോ

അതോ കാലത്തിൽ നിന്ന്
നിർഗമിച്ച
ഉപഗ്രഹമോ?

നിർത്തൂ
ഞാനലറി
എനിക്കുടനെ
പുറത്തു പോകണം

ഞാൻ വാതിൽ
തള്ളി
തുറന്ന്
തെരുവിലൂടെ
ആഞ്ഞു നടന്നു


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പി.എ. നാസിമുദ്ദീൻ

കവി. ദൈവവും കളിപ്പന്തും, വൈകുന്നേരം ഭൂമി പറഞ്ഞത്എന്നീ കവിതാസമാഹാരങ്ങൾ

Comments