കടുംപച്ചയാണോ ഇളംപച്ചയാണോ
എന്നത്ര ഉറപ്പില്ലാത്ത
ഏതോ ഒരു പച്ചനിറത്തിൽ
ഓർമ്മയിലിപ്പോളുമൊരു കൂമുൾച്ചെടി വളരുന്നുണ്ട്.
അതിന്റെ വിത്ത് പന്ത് പോലുരുണ്ട്,
നേർത്തു നീണ്ട മുള്ളുകൾ നിറഞ്ഞ സൂര്യനായിരുന്നു.
കൈവെള്ളയിലെടുക്കാൻ പറ്റിയ
ഒരേയൊരു സൂര്യൻ.
അതു കൊണ്ടായിരിക്കാം ഇലകളെ മുള്ളുകളാക്കി
കൈപ്പത്തിയിൽ പലവട്ടം
പാമ്പിനെ പോലെ ആഞ്ഞുകൊത്തിയിട്ടും
പിന്നേയും പിന്നേയും ആ മുൾമുനകളിലേക്ക് കൈകൾ നീണ്ടത്.
ആ മുള്ളുകൾക്കിടയിലാണ് കിളിക്കൂട് പോലെ
സൂര്യൻ ഒളിച്ചിരുന്നിരുന്നത്.
ആ സൂര്യനാദ്യം പച്ചനിറത്തിലാണുദിക്കുക.
പിന്നെ, ഒണക്കലുപോലുണങ്ങി വൈക്കോൽ നിറത്തിലാവും.
ഞെട്ടറ്റു വീഴുന്ന കൂമുള്ള്,
ഉള്ളിലൊരായിരം രശ്മികളെയൊളിപ്പിച്ച്,
കച്ചാനി*ലുരുണ്ടുരുണ്ട്,
ഭ്രമണപഥത്തിന്റെ അറ്റം തേടും.
എത്ര ഓടിയാലും അസ്തമിച്ചുദിക്കാൻ കുതിക്കുന്ന
ആ സൂര്യനരികിലെത്താൻ കഴിഞ്ഞിരുന്നില്ല.
നിരാശയോടെ പിറകിലേക്കു നോക്കുമ്പോൾ മറ്റൊരു സൂര്യൻ
ഞെട്ടറ്റ് പുറപ്പെടാൻ തയ്യാറെടുക്കുന്നുണ്ടാവും.
ചിലത് വഴിതെറ്റി കടപ്പുറത്തെ പൊന്തകളിൽ വിറക് തിരയുന്ന
പെണ്ണുങ്ങളുടെ കൊട്ടയിൽ ഭ്രമണവസാനിപ്പിക്കും.
കൊട്ട നിറയെ സൂര്യനേയുമെടുത്ത്
പോകുന്ന പെണ്ണുങ്ങൾക്കെല്ലാം
കെട്ടുപോയ കനലിന്റെ നിറമായിരുന്നു.
അവരുടെ അടുപ്പിലെരിയുമ്പോളായിരുന്നു
കൂമുള്ള് ശരിക്കും സൂര്യനായിരുന്നത്.
അന്തിമയങ്ങും നേരം ഞങ്ങൾ കടപ്പുറത്തിരുന്ന്,
കണ്ണുവെട്ടാതെ നോക്കാറുള്ള അതേ സൂര്യൻ.
ഒറ്റ നിമിഷത്തെ മാത്രം ജ്വലനത്തിൽ,
അടുപ്പിനരികെ കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്കായ്
ഒരു വറ്റ് വേവിച്ചതിന്റെ നിറവിൽ
കൂമുൾസൂര്യനസ്തമിക്കും;
ജന്മങ്ങൾ തീർന്ന് നിത്യനിർവ്വാണത്തിലമർന്ന
ബുദ്ധന്റ പുഞ്ചിരിയോടെ.
അടുപ്പിലെരിഞ്ഞടങ്ങിയ സൂര്യന്റെ ചൂടേറ്റാവും
പെണ്ണുങ്ങളത്ര കറുത്ത് പോയത്.
കച്ചാനടിക്കും കാലത്ത്
ഉരുണ്ട് വരുന്ന കൂമുള്ളുകളേയും കാത്ത്,
ചണ്ഡന്റെ* കുറ്റബോധത്തോടെ
പെണ്ണുങ്ങളിപ്പോഴും പടിഞ്ഞാട്ട് നോക്കി നിൽക്കാറുണ്ട്.
കൂടെ, വലുതായിട്ടും ഉള്ളിലുണർന്ന് നിൽക്കുന്ന ഒരു കുട്ടിയും.
അവരുടെ കൊട്ടയിൽ നിന്ന് വീണുപോയതിലൊന്ന്
മണ്ണിനടിയിലെവിടെയോ ഉദയം കാത്ത് കിടക്കുന്നുണ്ടാകണം.
അത് മുള പൊട്ടി പുറത്ത് വരും വരെ,
ഉറപ്പില്ലാത്ത ഏതോ ഒരു പച്ചനിറത്തിൽ
ഓർമയിലെന്നും കൂമുള്ള് വളർന്നു കൊണ്ടേയിരിക്കും.
▮
* പ്രാദേശികമായി പലയിടത്തും കൂമുള്ള്, എലിമുള്ള് എന്നീ പേരുകളിൽ അറിയപ്പെടുന്ന സസ്യം * വടക്കൻ കാറ്റ് * ചണ്ഡൻ ബുദ്ധന് വിളമ്പിയ വിഭവങ്ങളിലൊന്ന് കൊഴുത്ത പന്നിയുടെ മാംസമായിരുന്നു എന്നും അതാണ് ബുദ്ധന്റെ അസുഖത്തിന് കാരണമായതെന്നും ബുദ്ധമത രേഖകളിലൊന്നായ ദീർഘപ്രഭാഷണം (ദിഘനിക്കയ) പറയുന്നു. തന്റെ പ്രവൃത്തിയുടെ പരിണാമം കണ്ട് ദുഃഖിച്ച ചണ്ഡനെ, പരിനിർവാണത്തിന് മുൻപ് ബുദ്ധൻ ആശ്വസിപ്പിച്ചു. തഥാഗതന്റെ മോചനത്തിന് വഴിതുറന്ന ഭക്ഷണം വിളമ്പുക വഴി ചണ്ഡൻ ചെയ്തത് സൽക്കർമമാണെന്നാണ് ബുദ്ധൻ പറഞ്ഞത്- വിക്കിപീഡിയ.