സുരേഷ് ശേഖരന്റെ കവിതകൾ

ഒപ്പ്

ഇപ്പോൾ ഞാൻ ഒപ്പിടാറില്ല
ഒപ്പെനിക്ക് വഴങ്ങാറില്ല.

അനേക വർഷങ്ങൾ-
ഹരജികളിൽ,
അപേക്ഷാ ഫോറങ്ങളിൽ,
മഞ്ഞയും പച്ചയും നിറമായ വൗച്ചറുകളിൽ,
തേഞ്ഞു തേഞ്ഞാണ്
എന്റെ കയ്യൊപ്പ് ഇന്നത്തെപ്പോലെ ആയത്.

മിനുങ്ങി
തിളങ്ങി
കാമരൂപ സുഭഗ സ്വരൂപം.

നീല മഷിയിൽ ഞാൻ വരക്കുന്ന
തികവുറ്റ ചിത്രമെന്ന്
അവൾ ചിരിച്ച നേരം
ഹൃദയം തുടുതുടാ മിടിച്ചു നിന്ന
അവളുടെ ഇടത്തേ മുലക്കണ്ണിൻ ചാരത്ത് ഞാനത്
പച്ചകുത്തിച്ചു.

അതിനാലാവണം
കടലാസിൽ പിന്നെ
എന്റെ കയ്യൊപ്പ് വിരിയാതെ പോയത്!

മൂർത്ത ചിത്രത്തിന്റെ
സ്‌ത്രൈണ ചാരുത
അങ്ങനെയാണ്
അന്യം നിന്നുപോയത്.

അന്നു തൊട്ടാഞ്ഞ്
ഞാൻ അമൂർത്ത സ്ത്രീരൂപങ്ങളുടെ
കാമുകനായതും!

എടുക്കാത്ത ഫോൺ

ഫോണടിക്കുന്നുണ്ട്
എടുക്കുന്നില്ല.

‘ബ്രോവ ഭാരമാ രഘുരാമാ ' എന്ന് വയലിനിൽ വായിച്ചത്
പല്ലവി, പകുതി മാത്രം പാടി ആവർത്തന വിരസമാകുവോളം
ഫോണടിക്കുന്നുണ്ട്
എടുക്കുന്നില്ല.

എടുക്കാത്ത ഫോണിനറ്റത്ത് തമസ്സാണ്, തണുപ്പും!
ഇപ്പുറത്ത് അകം മെഴുകായുരുകുന്നത്
അപ്പുറത്തെ തണുപ്പാലാണ്. തമസ്സാലും.

ഉണ്ണീ..
ഒന്നോർക്കണം...
നീ നിന്റെ കഥ തുടരുന്നെന്നത് ശരി...
പക്ഷെ ഞാൻ നിന്നെ കൊത്തി മാറ്റിയിട്ടില്ല..
എന്റെ അമ്മച്ചിറകിനടിയിൽ
നിന്റെ കുരുന്നു സ്പർശം ഞാനറിയാതെ അറിയുന്നുണ്ട്.
എന്നും എപ്പോഴും...

കത്ത്

ഞാനെഴുതിയ അവസാനത്തെ കത്ത്
അച്ഛനോടുള്ള സ്‌നേഹാന്വേഷണമായിരുന്നു.

അച്ഛാ,

സുഖമല്ലേ?
മരുന്ന് മുറക്ക് കഴിക്കാറില്ലേ?
പറമ്പിൽ പണിക്ക് ആള് വരാറില്ലേ?
നടക്കാറില്ലേ?
പെൻഷൻ, സമയത്തിനു് വരാറില്ലേ?
അമ്മക്ക് സുഖമല്ലേ?
കഷായം കുറുക്കാറില്ലേ?
തേങ്ങ പറിച്ചില്ലേ?
കുറുമുളക് മെതിച്ചില്ലേ?
ചതച്ചില്ലേ?
മെതിച്ചില്ലേ?
ഉടച്ചില്ലേ?
കൊടുത്തില്ലേ?
തെഴുത്തില്ലേ?
തളിർത്തില്ലേ?
തകർന്നില്ലേ?
മരിച്ചില്ലേ?
ല്ലേ?
ല്ലേ?

ഒരു മാസം കഴിഞ്ഞ്
മഞ്ഞക്കാമല വന്നെന്ന പോലെ
വിളറിമഞ്ഞച്ച കാർഡിൽ ഒരു വാചകം മറുപടിയായി വന്നു.
‘ഞാൻ ഉണ്ട്'

പിന്നെ ഞാനാർക്കും കത്തെഴുയിട്ടില്ല

Comments