ശൂർപ്പണഖ

ആദി⠀

കൗസല്യ കുശുമ്പിയായിരുന്നു
കുശുമ്പ് മൂത്ത്
ദശരഥൻ്റെ കാതീ
കുശുകുശു ചൊന്നൂ

രണ്ട്

മന്ഥര ഒരു കുറുമ്പി
കൊട്ടാരം കുലുക്കാൻ തോന്നിയപ്പോ
കൗസല്യയുടെ കാതീ
കുശുകുശു ചൊന്നൂ

മൂന്ന്

ദശരഥൻ
രാമനെ കാട്ടിലയച്ചു
രാമൻ സീതയെ
വീട്ടിലിരുത്തി
സീതേടെ മൂടിറങ്ങിയ മുടി
വെയിൽ കൊള്ളാ വെളുപ്പ്
വരി തെറ്റാപ്പല്ല്
നിലമറിയാ നടപ്പ്
മുല മുക്കിയിരുപ്പ്
മാനം കുലുക്കാ ചിരി
മനം നോക്കാ സഞ്ചാരം
ലക്ഷ്മണൻ്റെ കാവൽ.

നാല്

ശൂർപ്പണഖയൊരു
സുന്ദരി
മൂടിറങ്ങാ മുടി
വെയിൽ കൊണ്ട കറുപ്പ്
വരിതെറ്റിയ പല്ല്
നീട്ടും നഖം
നിലം കുലുക്കി നടപ്പ്
മുല വിരിച്ച് കുതിപ്പ്
കാട്ടിൽ പൂ തേടിയലച്ചിൽ
മാനം കുലുക്കി ചിരി
മനം നോക്കി സഞ്ചാരം

അഞ്ച്

സീതയൊരു കുശുമ്പി
ലക്ഷ്മണൻ്റെ
കാതിൽ കുശുകുശു ചൊന്നൂ
സീത
തക്കം നോക്കി
ശൂർപ്പണഖയെ വീട്ടിൽ വിളിച്ചു
''ഞാനില്ലേ ഞാനില്ലേ''
"നീ വന്നേ നീ വന്നേ"
"പൂമാല തരാലോ"
"പൂ ഞാനിറുത്തോളാം
പൂമാലയും കോർത്തോളാം"
"കാട്ടിൽ പൂ തേടി നടക്കുമ്പോൾ
കാല് നോവില്ലേ
കണ്ണ് കറുക്കില്ലേ
കാട്ടിൽ പതിയിരുപ്പില്ലേ
കറുത്ത കൈ"

"പുറത്തുണ്ടേ, വെയിൽ
വെയിലേറ്റ മരം
മരം നീട്ടും തണൽ
കിളികളുടെ പാട്ട്.’’

"വാ, ഒറ്റ ഞാനിവിടെ
പറയൂ പുറംകാഴ്ചകൾ
വല്ലപ്പോഴും ദയയുണ്ടെന്നാകിൽ.’’

സീത കുണുങ്ങി
ഇരുവരും പൊട്ടിച്ചിരിച്ചൂ.

ആറ്

രാമനും ലക്ഷ്മണനും
തിരിച്ചെത്തീ
മാനം കുലുക്കി
ചിരികേട്ടൂ
വഴി നീളെ കാലടി
കണ്ടൂ
മൂടിറങ്ങാ മുടി
കണ്ടൂ

അമ്പെടുത്തൂ രാമൻ
വാളുലച്ചൂ ലക്ഷ്മണൻ
"ആരെ നീ വീട്ടിൽ കേറ്റി
ആര്യനെയാട്ടി മാറ്റി"

സീതയോ ഭാവം മാറ്റി
"വഴി തെറ്റിക്കാനെത്തിയീ
വഴിയെന്നെ
പൂ കാട്ടി കൊതിപ്പിച്ചൂ
കാട്ടിലേക്കും വിളിച്ചല്ലോ"

തരിച്ചുനിന്നയ്യോ ശൂർപ്പണഖ
നടുക്കമായവൾക്കയ്യോ
ഉള്ളുലഞ്ഞുപോയയ്യോ
ഉടലെരിഞ്ഞുംപോയി.

ഏഴ്

"ആണുങ്ങൾ നടക്കും വഴി
ഒറ്റയ്ക്ക് നടക്കും
പെണ്ണേ നീ ഭയങ്കരീ"

കാലറുത്തൂ രാമൻ
"സീതയെ മോഹിപ്പിക്കാൻ മാത്രം
നിനക്കെന്തഹമ്മതി"

മുല മുറിച്ചൂ അനിയൻ

കാടുതീണ്ടി
നടന്ന കാലുകൾ
ചോന്ന പൂക്കൾ ചൂടി
ഞൊടിയിൽ

തെറിച്ചുപോയീ
മുലകൾ കഷ്ടം

ഉലഞ്ഞുവീണവൾ മണ്ണിൽ
സീതയോ വീട്ടിൽക്കേറി
പാത്രം മോറി.
രാമനും അനുജനും
തൊടീപ്പോയി

"തെന്നലേയെന്നെ തേരിലേറ്റൂ
മെല്ലെമെല്ലെ ദൂരെ മായൂ
വേണ്ട,
നോവും കണ്ണുനീരും
വേദനിക്കും ദേഹവും.
നാക്കിലില്ലാ വാക്കതൊന്നും
നോവു മാറ്റാൻ നീരുമില്ല
നീറ്റൽ മാറ്റാൻ മോഹവും.’’

ശൂർപ്പണഖയുടെ കരച്ചിലിൽ
മല കുലുങ്ങി.

ഭൂമി കീറിയവളപ്പടി
മണ്ണിനുള്ളിൽ മറഞ്ഞൂ.


Summary: Surpanaka Malayalam Poem by Aadhi


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments