പൂക്കളുടെ
അലിഗറികൾ കൊണ്ടണിയിച്ച
സ്വപ്നഗോപുരത്തിന്റെ
ഗന്ധഭാരം പേറി
അയാൾ വാഷ് റൂമിലേക്ക്
വേച്ചു വേച്ചു നടന്നു.
രാത്രി
രണ്ടു മണി പിന്നിട്ട ശേഷം
മനുഷ്യൻ ചിന്തിക്കുന്ന ഭാഷ
യുക്തിയും സ്വപ്നവുമായുള്ള
ഗുസ്തിയുടേതാണ്.
രേഖപ്പെടുത്താതെ പോകുന്ന
ഈ അനുഭവചരിത്രം
സ്വപ്നത്തിന്റെ
ഭാഗമാണെന്നും അല്ലെന്നും
വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്.
സ്വപ്നത്തിൻ്റേതെന്ന
ഉത്തമബോധ്യത്തിലേക്ക്
വഴി തെറ്റുന്നവരാണ്
കിടക്കയിൽ മുള്ളുന്നത്.
ക്യാമറാ ഫിലിമുകൾ
ചിത്രങ്ങളാക്കുന്ന ഇരുട്ടുമുറിയിൽനിന്നുള്ള
നിർബന്ധിത കുടിയൊഴിക്കലാണ്
സ്വപ്‌നഗോപുരത്തിൽനിന്ന്
വാഷ് റൂമിലെ
അനേകവാട്ട് ശുഭ്രവെളിച്ചത്തിലേക്കുള്ള
ദ്രുതപതനം.
അവിടെയും കാര്യങ്ങൾ
നേർരേഖയിലല്ല.
കണ്ടു തീരാത്ത സ്വപ്നങ്ങൾ
ചിറകെട്ടി നിർത്തിയ മൂത്രശങ്കയ്ക്കും
ശാന്തിമാർഗ്ഗമായ
കമ്മോഡിനുമിടയിൽ
സ്വപ്നത്തിൽനിന്ന്
അടർന്നുവീണ ചായത്തരിപോലെ
ഒരു രണ്ടിതൾ മഞ്ഞപ്പൂവ്.
പൂവല്ലെന്നും
അപൂർവ്വമായി മാത്രം കാണുന്ന
വർണ്ണവിസ്മയങ്ങളണിഞ്ഞ
രാപ്രാണിയാണെന്നും
ജീവന്റെ അവസാനതരികൊണ്ട്
അത് പറ്റിപ്പോയ അബദ്ധത്തിൽനിന്ന്
തിരിച്ചുകേറാൻ ശ്രമിക്കുകയാണെന്നും
പൊടുന്നനെ വെളിവായി.
വർണ്ണക്കട്ടകൾകൊണ്ടു തീർത്ത
പ്രണയസൌധത്തിൽനിന്നിറങ്ങിവന്നവന്
ജീവകാരുണ്യം വെറുമൊരു മേലുടുപ്പല്ല,
ഭൂമിയിൽ ഇന്നോളം ജീവിച്ചു മരിച്ച
എല്ലാ ചിത്രകൃത്തുക്കളുടെയും
രാഷ്ട്രീയവും കലാദർശനവും
കടുത്ത രാഷ്ട്രീയഗന്ധമായി
രോമകൂപങ്ങളിലേക്കിറങ്ങിയാണ്
അയാളുടെ നിൽപ്പ്.
എപ്പോൾ വേണമെങ്കിലും
പൊട്ടിത്തെറിച്ചേക്കും
എന്ന മൂത്രാശയനിലയെ
പ്രാണിയുടെ ജീവൻ
എന്ന ലോകദുഃഖവുമായി
ലളിതവും പ്രായോഗികവുമായി
ബന്ധിപ്പിക്കുന്നതിൽ
അയാൾ സൈദ്ധാന്തികമായി
പരാജയപ്പെട്ടുകൊണ്ടിരുന്നു.
വക്രരേഖകളിലുള്ള ആലോചനകൾ
ദഹിച്ചുണ്ടായ
രൂക്ഷഗന്ധമുള്ള അമ്ലദ്രാവകത്തെ
കമ്മോഡിലേക്കൊഴിക്കാതിരിക്കുക എന്ന,
എളുപ്പത്തിൽ സാധിക്കുന്ന
അപരപ്രിയത്തിൽ തലയൊളിപ്പിച്ച്,
സത്യത്തിൽ അയാൾക്ക്
യാതൊരു ഉത്തരവാദിത്തവുമില്ലാത്ത(?)
പ്രാണിയുടെ ജീവനെ
അതിന്റെ വഴിക്കുവിട്ട്
വാഷ് റൂമിന്റെ തറയിലോ
ജനൽവഴി
ഏഴാം നിലയിൽനിന്ന് താഴേക്കോ
മൂത്രമൊഴിക്കുന്നതിനെ കുറിച്ച്
ആലോചിച്ച് അയാൾ ലജ്ജിച്ചു.
ഒരു ജീവനും ഒരു പൊട്ടിത്തെറിയും
മുഖാമുഖം നിൽക്കേ
ഏതെങ്കിലുമൊന്നിനെയെങ്കിലും
രക്ഷിച്ചെടുക്കാതെ
ഇങ്ങനെ വിചാരങ്ങളിൽപ്പെട്ട്
കാലം കഴിച്ചാലെങ്ങനെ
എന്നും അയാൾക്കു ചിന്തയുണ്ടായി.
സമയരേഖകൾക്കിടയിൽ
അനേകായിരം സംവാദബിന്ദുക്കളുണ്ടെന്ന്
കവി വിഷ്ണുപ്രസാദ്
ഒന്നിലധികം കവിതകളിലൂടെ
സ്ഥാപിച്ചിട്ടുണ്ടെന്ന ഓർമ്മ
അയാൾക്കു രക്ഷയായി.
റോബർട്ട് എൻറികോയുടെ
ആൻ ഒക്യുറൻസ് അറ്റ്
ഓൾ ക്രീക്ക് ബ്രിഡ്ജ്
എന്ന സിനിമ പോലും അയാൾക്കപ്പോൾ തെളിഞ്ഞു.
തൂക്കുകയർ മുറുകി
പ്രാണൻ പോകുന്നതിനുമുമ്പ്
പെയ്റ്റൺ ഫാർഖർ എന്ന കഥാപാത്രം
സഞ്ചരിച്ചെത്തുന്ന
സങ്കീർണ്ണദൂരങ്ങളെ
ഇരുപത്തിയെട്ടു മിനിറ്റു കൊണ്ട്
അഭ്രപാളിയിൽ
പകർത്തിയതോർത്ത്
ആ നിലയിലും അയാൾക്ക് രോമാഞ്ചമുണ്ടായി.
നോക്കൂ, മൂന്നു സമയങ്ങൾ:
ആരാച്ചാർ കാലിനടിയിലെ
നിരപ്പലക നീക്കുന്നതിനും
കുരുക്കു മുറുകി പ്രജ്ഞയറ്റു പോകുന്നതിനും
ഇടയിലുള്ള നിമിഷങ്ങൾ,
അത്രയും നേരം കൊണ്ട്
അയാളുടെ മനസ്സ് സഞ്ചരിച്ചെത്തിയ
കാലദേശങ്ങൾ,
അതു പകർത്താൻ
സംവിധായകനും എഡിറ്ററും ചേർന്ന് വെട്ടിയൊതുക്കിയ
ഇരുപത്തിയെട്ടു മിനിറ്റുകൾ.
ആംബ്രോസ് ബിയേഴ്സ്,
അതേ പേരിൽ
വർഷങ്ങൾക്കുമുമ്പ്
ഈ കഥയെഴുതിയപ്പോൾ
പെയ്റ്റൺ ഫാർഖറുടെ
മനോസഞ്ചാരത്തിന്
എത്ര സമയമാകും
സങ്കല്പിച്ചിട്ടുണ്ടാവുക?
സമയപ്രഹേളികകൾക്കിടയിൽനിന്ന്
പുറത്തേക്കുവന്ന് പിന്നെയും പതറി നിൽക്കേ,
വാതായനത്തിനപ്പുറം ആകാശത്ത്
മസ്നവിയുമായി റൂമി
തിളങ്ങിനിൽക്കുന്നതു കണ്ടു.
കണ്ണുകളുയർത്തി
അയാൾ വായിച്ചു:
‘മരണത്തിനുമുമ്പ്
സ്വയം മരിക്കുക.’
സന്ദേഹങ്ങളൊഴിഞ്ഞതോടെ
സ്വന്തം കൈകൊണ്ട്
അതിസുന്ദരിയായ
ആ മഞ്ഞപ്രാണിയെ അയാൾ രക്ഷിച്ചു.
ശേഷം
ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ
കർമ്മം പോലെ
ധാരാളം സമയമെടുത്ത് മൂത്രമൊഴിച്ചു.
തിരക്കില്ലാതെ,
കമ്മോഡിൽ മുക്കിയ വിരൽ
സോപ്പിട്ടു കഴുകി.
തിരിച്ചുനടന്ന് നക്ഷത്രങ്ങൾക്കിടയിൽ
കൂടുകൂട്ടാൻ ശ്രമിച്ച്
ഉറങ്ങിപ്പോയി.
