എന്റെയേറ്റവും
പ്രിയപ്പെട്ടവനാവാൻ പോകുന്ന
മുഹമ്മദ് താരിഷിന്.
നീയെന്റെയവസാന
കാമുകനാണ്.
അതെങ്ങനെയെന്ന്
ആകുലപ്പെടരുത്.
അർഹിക്കുന്നതിലധികം
എകാന്തതയേറ്റുവാങ്ങിയ
ഒരു കുഞ്ഞിനെ
നീ ഹൃദയത്തിൽ
കൊണ്ട് നടക്കുന്നുണ്ടെന്ന്
നീയെനിക്കെഴുതിയ
അതേ രാത്രിയിൽ
ഞാനത് തീരുമാനിച്ചിരുന്നു.
ഞാനവനെ എന്നെങ്കിലും വാരിയെടുക്കും.
അത് പോട്ടെ!
നോക്ക് താരിഷ്,
എന്റെ പതിനേഴുകളിലെ പ്രേമം
പരിശുദ്ധമായിരുന്നു...!
പാട്ടു പാടുന്ന മൂന്ന്
പാപികളെ ഞാൻ പ്രേമിച്ചു
കാര്യമുണ്ടായില്ല..!
അവറ്റകൾ
കവിതയെഴുതാനറിയാത്ത,
അതിസുന്ദരികളായ
മൂക്കുത്തിയിട്ട നാട്യക്കാരി
പെണ്ണുങ്ങളുടെ പിറകെ പോയി.
ഞാനോ കാൽക്കാശിന്
ഗതിയില്ലാത്ത
പ്രേമലേഖനങ്ങളെഴുതി
വേദന തീർത്തു…
ഞാൻ ഇടറിപ്പോയി താരിഷ്…
വീണ്ടുമെഴുന്നേൽക്കാൻ
വയ്യാത്തത്ര കുഴിയിലേക്ക്
വീണു
എങ്കിലും,
ഞാൻ നൂണ്ട് കയറി
നശിച്ച ലോകത്തെ നോക്കി
പല്ലിളിച്ചു.
എന്റെ ആസക്തിയവസാനിച്ചു
എന്റെ ഇരുപതുകളിൽ
ഞാൻ വഞ്ചനയ്ക്ക്
നിന്നുകൊടുത്തു.
പ്രേമത്തിൽ ചതിക്കപ്പെട്ടപ്പോഴൊക്കെ
പൊട്ടക്കവിതകളെഴുതി.
ക്ഷമിക്കാനും
പൊറുക്കാനും പഠിച്ചു.
ഇരുപതുകളുടെയവസാനം
ഞാനതുപേക്ഷിച്ചു...
ഇനിയെനിക്ക്
മറക്കാനും പൊറുക്കാനുമാവില്ല....!
മുപ്പതുകളുടെ തുടക്കത്തിൽ
ഞാൻ എന്നെ കണ്ടു
നിന്നെ കണ്ടു...
പ്രേമിക്കാൻ പഠിച്ചു...
താരീഷ്,
ഇനിയെനിക്ക്
പ്രേമത്തിൽ തോൽക്കാൻ
വയ്യ!
എന്നെ കണ്ടത്
മുപ്പതുകളുടെ മധ്യത്തിൽ.
ഞാൻ മുടി വകഞ്ഞു
പതിനേഴു ചമഞ്ഞു
വീണ്ടുമെഴുതാൻ തുടങ്ങി...
മുപ്പതുകളുടെയവസാനത്തിൽ
നമ്മൾ,
വിളഞ്ഞുകിടക്കുന്ന
ചോളപ്പാടങ്ങളിലൂടെ,
നിനക്കഭിമുഖമായി
തീവണ്ടിയിലൂടെ
യാത്ര പോവുമായിരിക്കും.
നിന്റെ ഉറുദു കവിതാ
സമാഹാരത്തിലെ
പതിനേഴാമത്തെ
കവിത നീ
ചൊല്ലി തരുമായിരിക്കും.
നോക്ക് താരിഷ്,
നാൽപതുകളിലും
നിന്നെയെനിക്ക് വേണം
അൻപതുകളിൽ
ഞാനെന്റെ കവിതയും
കരുണയും കളയും.
എന്നെ തന്നെയും.
എന്നിട്ട്,
നമുക്കൊരുമിച്ച്
ആരുമില്ലാത്ത
ഒരു വൈകുന്നേരം
ചേരമാൻ മസ്ജിദിന്റെ
പള്ളിപ്പറമ്പിലെ
തഴച്ച മൈലാഞ്ചിയില
നുള്ളണം.
എന്നെ
അവിടെത്തന്നെ
അടക്കണം.