ജയനൻ

തമ്പുരാൻ തോറ്റം;
ഒരു പ്രതിക്രിയാവാദിയുടെ
കാക്കത്തെയ്യം

ജയനൻ

(ഉത്തരമലബാറിൽ നിന്ന് വിവിധ ദേശങ്ങളിലേയ്ക്ക് ആട്ടിയോടിക്കപ്പെട്ട / പ്രാണരക്ഷാർഥം ഒളിച്ചോടിയ / നിഷ്കരുണം കൊല ചെയ്യപ്പെട്ട പ്രതിവിപ്ലവകാരികൾക്കായി സമർപ്പണം.
കുടകിലെ വീരാജ്പേട്ട ഉണക്കമത്സ്യ മാർക്കറ്റിലും, ചെന്നൈ പാരീസ് സ്ട്രീറ്റിലെ ഹോട്ടലിലും യാദൃച്ഛികമായി കണ്ടുമുട്ടിയ യുവാക്കളും, കണ്ണൂർ രജിസ്ട്രേഷൻ ആക്റ്റീവ സ്കൂട്ടർ കണ്ട് വിഴിഞ്ഞം ജംഗ്ഷനിൽ വച്ച് ഓടിവന്ന് പരിചയപ്പെട്ട യുവാവും പങ്കുവച്ച സമാനതകളുള്ള അനുഭവസാക്ഷ്യങ്ങൾ ഓർക്കുന്നു.
നമ്പൂതിരി, നമ്പ്യാർ, കുറിച്ച്യാർ, നായർ, തീയർ, വണ്ണാർ, മലയർ, പുലയർ, വേടർ, അടിയാർ - പുലർത്തിവന്ന ഗോത്രവൈരം -ഫ്യൂഡൽ പക... മത-രാഷ്ട്രീയ ഫാഷിസത്താൽ സ്നാനപ്പെട്ടവർ... രക്തസാക്ഷി മണ്ഡപങ്ങളായും രക്തസാക്ഷി സ്തൂപങ്ങളായും വാഴ്ത്തപ്പെട്ട കുഴിമാടങ്ങൾ...ശവക്കല്ലറകൾ... നാളെ അവർ ദൈവക്കരുവായ്, തെയ്യക്കോലമായ് വെളിച്ചപ്പെടും...)

വാഴ്ക ... വാഴ്ക ...
നീണാൾ വാഴ്ക ...
വന്ദിച്ചനാളിലെ കീർത്തിയെല്ലാം
നിന്ദിച്ചു നീയങ്ങെടുത്തു കൊൾക...

നന്മദോഷം പറയാതെ
തിന്മദോഷം പറയാതെ
കട്ങ്ങനെ കീഞ്ഞോളാം തമ്പുരാനേ...
പെറ്റോരമ്മയെ കേക്ക വേണ്ട
ആരെയുമൊപ്പരം കൂട്ടവേണ്ട
ആടയും ഈടയും വീടാരത്തും
പയ്യാരം കൂട്ടിപ്പൊറുത്തൂടാണ്ട്
ഇരുളത്ത് പാശാരകൂറ്റ് വേണ്ട
വേശാറ് കാട്ടാണ്ട് കീഞ്ഞ്നോളി...

പടവിളി കേട്ടാലും
മാറ്മുറിയെ പുളയിച്ചാലും
എടംവലം നോക്കാണ്ട്
അന്നം മുറിച്ചങ്ങ് കീഞ്ഞ്നോളി...

അടിതൊഴുത്
വിടതൊഴുത്
വൃത്താന്തമൊന്നുമേ തീണ്ടിടാതെ
ചീങ്കപ്പണയിൽ കീഞ്ഞിടാതെ
മൺമഴുതൊട്ടുനമിച്ചിടാതെ
ശീലിച്ചകർമ്മം മുറിച്ച കറ്റി
നാവുരിയാടാതെ
പോർവാതുക്കൽ മുട്ടാതെ
കുടകൻ മലകേറി
പൊയ്ക്കൊള്ളാമേ...

പച്ചച്ചുകപ്പിൻ ചോരമണം;
മണത്തുന്മാദിയാവുന്ന തമ്പുരാനേ
കൊക്കരതാളത്തിൽ പോർവിളി;
വിളിച്ചുന്മാദിയാവുന്ന തമ്പുരാനേ
നിന്നുടെ വാചാലേറ്റു തിളച്ച ചോര
ചൊൽവിളിയേറ്റ് കുളിർത്തിടട്ടേ...

പടിമരം വിട്ടിങ്ങിറങ്ങി വായോ
നട്ടപ്പാതിരനേരമായി
അന്യായക്കൂറെല്ലാം കേട്ട്നോനി
ഉച്ചനിലാവങ്ങ് ചാഞ്ഞിനല്ലോ
ചെറുകാപ്പുറമെ വിരിപ്പായമടക്കി
നിദ്രമുറിച്ച്
വേശാറ് കാട്ടാണ്ട് കീഞ്ഞ്നോളി...

തണൽമരം ചായുന്ന ഇടവഴിയിൽ
ഇരുൾമൂടി നിൽക്കുന്ന പെരുവഴിയിൽ
നരരക്തം വീഴുന്ന മണ്ണലത്തിൽ
ഇനി ഞാൻ വാഴില്ല...വാഴില്ല...തമ്പുരാനേ...

പോരാ..പോരാ.. പോരായുധക്കലി
കല്പിച്ചയച്ച നിൻ കല്പന
വാഴട്ടെ... വാഴട്ടെ... തമ്പുരാനേ...
മറുതല ചങ്ങാതി വഞ്ചകന്മാർ
അന്യായക്കൂറൊക്കെ
കണ്ടുനിന്നോർ
പകച്ചെരൻ... പകച്ചെരൻ...
പക പറഞ്ഞ്
പടവിളി പിൻവിളി കേട്ടനേരം
വീട്ടകം നോക്കാതെ
ഏറാച്ചട്ടി കനൽകെടുത്തി
തണ്ടൊറ തമ്പ്രാൻ്റെ
കാല്ക്കൽ വച്ച്
മുഖം തുറന്ന് മുപ്പിളി കൂട്ടാതെ
മുഖം തുറന്നെന്നുടെ
പെണ്ണാളെ നോക്കാതെ
മുഖം തുറന്നെന്നുടെ
മണിത്തറക്കാവൊന്നു തീണ്ടാതെ
ആണയിട്ടാണയിട്ട്
വായ് പിളർന്നാണയിട്ട്
ഞാനിതാ പോകുന്നേൻ തമ്പുരാനേ...
ചോരമണച്ചൂരിൻ ആൺപിറവി;
വന്ദിച്ച നാളിലെ മെയ്യിൻ വീര്യം
നായാട്ടത്തിൻ കല്പന പത്തും
നിന്ദിച്ചു നീയങ്ങെടുത്തു കൊൾക...

ഞാൻ കണ്ട കാര്യവും
ഞാൻ പറഞ്ഞ കാര്യവും
ഞാൻ ചെയ്ത കർമവും
നീ ചെയ്ത ക്രിയയും
അകമുഖം തുറന്ന്
നാവുരിയാടാതെ
ആദിമൂലിയാടൻ
ദൈവക്കരു സാക്ഷി;
മീശക്കൊടി വലിച്ചിറക്കി
സുഖം പറയാതെ
ദുഃഖം പറയാതെ
നെയ്നിറയാറിനെ
കടലിലൊഴുക്കും
ആദിമലയെ കിനാവുകാണാതെ
പെരുങ്കിനാവുകളൊന്നുമേ
കാണാതെ
ആണയിട്ടാണയിട്ട്
വായ്പിളർന്നാണയിട്ട്
ഞാനിതാ പോകുന്നേൻ തമ്പുരാനേ...

അറിയേണ്ടാരും നിന്നുടെ ശീലം -
കള്ളു കൊടുത്തു മയക്കി
കെട്ടിമുറുക്കിയ ശിരസ്സിൽ
കണ്ടു ഭയക്കും ഊരാളരുടെ
പിൻകണ്ണോരം
വെറ്റില തിന്ന് തുപ്പിയ
ശീലക്കേടിൻ *ധനുമാസം
ആരോടും ഞാൻ മൊഴിയാതെ
ആണയിട്ടാണയിട്ട്
വായ്പിളർന്നാണയിട്ട്
ഞാനിതാ പോകുന്നേൻ
തമ്പുരാനേ...

മണിക്കടവ് കുറുകെ നീന്തി
കൂട്ടുപുഴ നെടുകെ നീന്തി
നരരക്തത്തിൻ മുട
ചീന്തിയൊഴുക്കി
മാക്കൂട്ടച്ചുരവും താണ്ടി
അടമഴപ്പെയ്ത്തിൽ
ചോർന്നൊലിക്കും
കുടകിൻ നെടുമല
ഊഞ്ചവളള്ളീമ്മൽ ചുഴറ്റിത്തുഴഞ്ഞും
ഉദയംവാഴും കുടകിൻ കൊടുമല
കണ്ടേൻ ഞാൻ...

എന്നുടെ തമ്പേര് പറഞ്ഞ്
തൃച്ചെറുകുന്നിൻ വീര്യം ചൊല്ലി
കുടകനു മുന്നിൽ ഉടലുവളച്ചു
നാവു വിറച്ചു
എന്നുടെ ഉടലിൻ അടയാളങ്ങൾ
കണ്ടു കനിഞ്ഞൂ കുടകൻ...
കാപ്പിത്തറയുടെ ചുവടുവയക്കി
കാലിയെമേച്ചു
പാലു കറന്നു
തൂമ്പയെടുത്തു
ചേറിൽ കൊത്തിനടന്നു
ചെറുകല്യാണങ്ങൾ കൂടി
നീണ്ടൊരു കാലം പോക്കിയിരിക്കെ
ഒരുനാൾ നട്ടപ്പകലിൽ
നാഗമരച്ചോട്ടിൽ
നാഗപ്പുറ്റിനു മീതെ
കാലിയെമേച്ച്
കാലിച്ചൂരേറ്റുമയങ്ങെ
ഒരു കാക്ക പറന്ന്
കാഷ്ഠിച്ചെന്നുടെ ശിരസ്സിൽ
ദൈവക്കരുവായ്
ഞാനൊരു കാക്കക്കോലം
ആവേശിച്ചു വെളിപ്പെട്ടു
നെഞ്ചിൽ കടുകനൽ
മുനിയും വെട്ടം
ആവേശിച്ചു പറന്നു
കുടകിൻതാഴ് വാരങ്ങൾ
ദൈവത്താരകൾ...
നെയ്നിറയാറ്റിൽ
മുങ്ങിനിവർന്നു...

വരികാ.. വരികാ...
കാക്കച്ചുവടുകൾ വച്ചു
വരികാ.. വരികാ...
കുന്നുകൾ മേടുകൾ
ചുഴലുന്നല്ലോ
കാക്കത്തെയ്യം...
വരികാ... വരികാ...
വിനകളകറ്റാൻ വരികാ...
നരരക്തത്താൽ സ്നാനപ്പെട്ടവർ -
ഊരാളന്മാർ
ഇവാഴ്ചക്കാർ
വരികാ...
പൊറാളിമക്കൾ -
പണിയന്മാരും
പുലയന്മാരും
വരികാ...
കാക്കക്കോലം ചുവടുകൾ വച്ചു
കാഷ്ഠിച്ചവരുടെ
ശിരസ്സിന്മേലെ
തിരുമുടി മേലെ
ആവേശിച്ചുവിറച്ചൂ
വട്ടം മൂന്നു പറന്നു
അവരുടെ ദേശം ...
ഉച്ഛിഷ്ടങ്ങൾ തിന്നു
തീട്ടംതിന്നു
കാഷ്ഠിച്ചവരുടെ
ശിരസ്സിനുമേലെ
വരവിളികേട്ടു...
വരികാ... വരികാ ...
ശൗചം ചെയ്യൂ എന്നുടെ വായ
ശൗചം ചെയ്യൂ എന്നുടെ പൃഷ്ഠം...

എവിടെ എന്നുടെ ആസനപീഠം
എവിടെ എന്നുടെ ഏറാച്ചട്ടി
എവിടെ എന്നുടെ തണ്ടൊറ
എവിടെ എന്നുടെ കാക്കരു
എവിടെ എന്നുടെ
കൂലി വരമ്പത്തേകിയ
ഇടവാഴ്ചക്കാർ
തമ്പ്രാക്കന്മാർ
അവരുടെ വാചാലേറ്റ്
ദിക്കുകൾ വാഴും
രക്തപരമ്പരസാക്ഷികൾ…
ബലിയുടെശവകൂടാരം…
ഉദയംവാഴും മലയെ മറയ്ക്കും
അണിയലയാടകൾ...
ക്രോധം മുറ്റിയ
കനലിൻ കണ്ണാൽ
ഓരോ ചേരിക്കല്ലുകൾ തോറും
ആവേശിച്ചു പറന്നു
കാക്കക്കോലം...
വരികാ.. വരികാ...
ഇടവാഴ്ചക്കാർ
തമ്പ്രാക്കന്മാർ
വരവിളി കേട്ടു...
മൂപ്പ് കഴിച്ച്
തളർന്നു വലഞ്ഞവർ വരികാ...
കാക്കക്കോലം നിന്നുവിറച്ചു
കാക്കച്ചുവടുകൾവച്ചു
കാഷ്ഠിച്ചവരുടെ
നൈവേദ്യത്തിൽ -
കളകടും ചോപ്പായ
പുടയാടകളിൽ
കനകപ്പൊടിയിൽ
തിരുനീറിൽ ....
കാക്കക്കോലം
ആക്രോശിച്ചു മൊഴിഞ്ഞു:
നിന്നുടെ കാഷ്ഠം;
ഉച്ഛിഷ്ടത്തിൻ ഊർജ്ജം പകരും
എന്നുടെ മാംസം *
മൃഷ്ടാന്നം നീ ഭക്ഷിച്ചീടുക;
രക്തോന്മാദച്ചൂട് ശമിക്കും....
കാക്കക്കോലം
കാക്കച്ചുവടുകൾ വച്ചു
ആവേശിച്ചു ചിലച്ചു:
ശൗചം ചെയ്യൂ എന്നുടെ വായ
ശൗചം ചെയ്യൂ എന്നുടെ പൃഷ്ഠം
അണിയലമെല്ലാം അണിയിച്ചെന്നുടെ
മുള്ളെകിറിത്തിരിമൂർച്ച വരുത്തൂ
ഉദയംവാഴും മലയെ മറയ്ക്കും
നരരക്തത്തിൻ
കൂറവിരിപ്പുകൾ
നാടകൾ
കൊത്തിമുറിച്ചൊന്നുറയട്ടെ ഞാൻ...

(കട്ങ്ങനെ - വേഗം.
വേശാറ് - വേവലാതി.
കൂറ്റ് -ഒച്ച.
വീടാരം- ഭാര്യവീട്.
അന്യായക്കൂറ് - കുറ്റവിചാരണ.
ചെറുകാപ്പുറം - വരാന്ത.
പകച്ചെരൻ - പ്രതിയോഗി.
പുളയിക്കുക - മർദ്ദിക്കുക.
ഏറച്ചട്ടി - തെയ്യത്തിനുള്ള കനൽചട്ടി.
തണ്ടൊറ-പൊള്ളലേൽക്കാതിരിക്കാനുള്ള ഉറ.
നെയ്നിറയാറ് - വളപട്ടണം പുഴയുടെ പൂർവ്വനാമം.
മുട - അഴുക്ക്.
ഊഞ്ചവള്ളി -കാട്ടുവള്ളി.
തൃച്ചെറുകുന്ന് - കൊട്ടിയൂർമല.
തമ്പേര് - സ്വന്തം പേര്.
വയക്കുക - തെളിക്കുക.
ചെറുകല്യാണം- സല്ക്കാരം.
വിന - ദോഷം.
ഇടവാഴ്ചക്കാർ - തറവാടികൾ.
കാക്കരു- ചിലമ്പ്.
ചേരിക്കല്ല് - വയലും കരയും ഉൾപ്പെടുന്ന ദേശം.
മൂപ്പ് - ആഢ്യഗൃഹങ്ങളിൽ പോയി അടിയാന്മാർ നടത്തുന്ന കൊട്ടിപ്പാടൽ.
കനകപ്പൊടി - മഞ്ഞൾപ്പൊടി.

* തെയ്യം ആരംഭിക്കുന്ന മാസം.
**കാക്കയുടെ മാംസം ഉന്മാദരോഗത്തിനുത്തമമെന്ന് നാട്ടുവൈദ്യം.)


ജയനൻ

കവി. ബുദ്ധപൂർണ്ണിമ , സർപ്പസീൽക്കാരത്തിന്റെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments