കാറ്റ് വാതിൽ തുറന്നു.
മലയുടെ അതിരുവരെ കണ്ണുകളെത്തി.
അതിനപ്പുറം മനസ്സ് സവാരി പോകുന്നു.
സമയം…
മാനത്തുനിന്ന് ആരോ കത്തിച്ചിടുന്ന
വെളിച്ചത്തിന്റെ പൂത്തിരി.
അത് എരിഞ്ഞുതീരുന്ന
ക്ഷണികനേരമേ എനിക്കുള്ളൂ.
നിന്നെക്കുറിച്ചോർത്തു
തോട്ടിലെ ഇളകുന്ന വെള്ളത്തിലെ
ഒലുമ്പി ചിരിച്ച നാണയത്തെ ഓർത്തു.
ഓളപ്പാത്തിയിൽ ഇളകിയാടുമ്പോൾ
ഒന്നല്ല, രണ്ടല്ല, വെള്ളിവെളിച്ചപ്പിടച്ചിൽ.
ഓളത്തിൽ പാളിച്ചുവിട്ട കല്ല്
നിന്റെ ചിരിയലയായി, പാദസരകിലുക്കമായി
എന്റെ കാൽ തൊടുന്നു.
ബ്രാൽമീൻ ചോരപ്പൊടിച്ചികളെ
തുള്ളിച്ചുകൊണ്ടുപോകുന്ന പോലെ
നിന്റെയോർമകളെ ഞാൻ തടുത്തുകൂട്ടിയിരിക്കുന്നു.
ഇനിയെനിക്ക് സൗരയൂഥങ്ങളെ അടുത്ത് കാണേണ്ട.
നിന്റെ ഓർമകൾ കണ്ണിൽ
പുൽനാമ്പിലുറഞ്ഞ മഴത്തുള്ളിയെഴുതുന്നു.
ഞാൻ മയങ്ങിപ്പോകുന്നു.
നമ്മുടെ പ്രണയം കരുവെച്ച അന്നാണ്
ഭൂമി കറങ്ങാൻ തുടങ്ങിയത്.
അതുവരെ ഏതോ തട്ടിൻപുറത്ത് മറന്നുവെച്ച കളിപ്പന്തായിരുന്നു.
ഇപ്പോൾ പ്രണയത്തിന് ചൂട് പിടിച്ചിരിക്കുന്നു.
നിന്റെ രൂപം എനിക്കറിയില്ല
ഈ ഭൂമിയിൽ നിന്നുകൊണ്ടുള്ള
കുഞ്ഞുനോട്ടം ഒട്ടും തികയുകയുമില്ല.
കെണിച്ചുവെച്ച എല്ലിൻ കൂടിൽ
അൽപ്പം തോലും ചോരയും പറ്റിയ
കോലമാണ് ഞാൻ.
ഇപ്പോഴിതാ കുറ്റാക്കുറ്റിരുട്ടിൽ ഇടവഴിയിലൂടെ
നിന്റെ ചിരിയുടെ ലാവെട്ടത്തിൽ ഞാൻ നടക്കുന്നു
നിന്നെ കുറിച്ചുള്ള ഓർമ്മകളുടെ ഭാരവുമായി
രണ്ടുകാലിൽ
എങ്ങനെ വീഴാതെ നടക്കുമെന്ന് എനിക്കറിയില്ല.
