പ്രദർശനം പുരോഗമിക്കെ
നായകവേഷം ഭൂമിയ്‌ക്കെന്നുതന്നെ തോന്നി.
ട്വിസ്റ്റ്.
ഭൂമിയെ അമ്മാനമാടി സൗരയൂഥം വെളിവായി.
വീണ്ടും ട്വിസ്റ്റ്.
സൗരയൂഥത്തെ പഞ്ഞിക്കിട്ട്
താരാപഥങ്ങളുടെ മൾട്ടിസ്റ്റാർ ആട്ടം.
നായകസാധ്യതകൾ നിലനിർത്തി, ഒന്നല്ല, നിരവധി താരങ്ങൾ.
നോൺലീനിയർ കുഴമറിയലുകൾ, ഫ്‌ളാഷ്ബാക്ക്, കാർചേസ്.
ഒടുവിൽ പൊട്ടുംപൊടിയുമകന്നപ്പോൾ
തവളമുട്ടമാലയണിഞ്ഞ്,
വിരിച്ച കൈകളാൽ സ്‌ക്രീനിന്റെ നാലതിരുകളും ഭേദിച്ച്
പ്രപഞ്ചമെന്ന സൂപ്പർസ്റ്റാറിന്റെ രംഗപ്രവേശം.
പർപ്പിൾ തവളമുട്ടമാലയുടെ വൈഡ് ആംഗിളിൽ നിന്ന്
ഇപ്പോൾ പൊട്ടക്കുളത്തിൽ
വാൽവിറപ്പിക്കുന്ന എക്‌സ്ട്രാ നടന്മാരിലേക്ക് സൂം.
ടിൽറ്റ് അപ്പ് ഷോട്ടില്ല, ടിൽറ്റ് ഡൗണില്ല.
പാനിംഗ് ഷോട്ടുമില്ല.
നീന്തിത്തുടിച്ച ഗർഭാശയം.
ചിറയിൽ നിന്ന് പുഴയിലേക്ക്
നീരൊഴുകുന്ന ഞരമ്പ്.
പൊങ്ങുതടിയിൽ സവാരിചെയ്യുന്ന ഉറുമ്പ്.
പരസ്പരബന്ധമില്ലാത്ത പലവിധ കട്ടുകളുടെ
മൊണ്ടാഷ്.
അയയിൽ വിരിച്ചിട്ട പലനിറം ഋതുക്കൾ.
കൊത്താങ്കല്ലാടുന്ന കാലത്തിന്റെ ഫ്രീസിംഗ് ഷോട്ടിൽ
ഇടവേള.
മലയെന്ന അഹംബോധം നഷ്ടപ്പെടാത്ത മണൽത്തരിയെ
ആയിരവും കോടിയും സഹസ്രകോടിയുമായി പകുത്തുനോക്കുന്ന ക്ലോസപ്പ്.
തുരന്നുതുരന്നുപോകുമ്പോഴതാ
ഭൂമി,സൗരയൂഥം, നക്ഷത്രമാലകൾ, പ്രപഞ്ചം.
ഇരുകൈകളിൽ വിത്ത് കൊറിക്കുന്ന അണ്ണാൻ അത്ഭുതം.
ഇരുകാലുകളിൽ മനുഷ്യർ നടന്നുപോകുന്നതും
ജീവനില്ലാത്ത കല്ലുകളുടെ സംസാരവും
മേഘങ്ങളുടെ വാൾപ്പയറ്റും അത്ഭുതം.
നന്ദി, പ്രപഞ്ചമേ
ഒറ്റക്ലൈമാക്‌സിലേക്ക്
എന്നെ നീ തള്ളിയിട്ടില്ലല്ലോ.
