ചെറ്റപ്പൊരയുടെ മിറ്റത്ത്
കൈതോലപ്പായ മെടഞ്ഞുകൂട്ടിയത്
തമ്പായേട്ടി തലേല്
എടുത്തുവെക്കുന്നു.
കളിയാട്ടത്തിന് കലവറയിൽ
പായ നിരന്നു
വെള്ളരിയും മത്തനും നിറഞ്ഞു.
തെയ്യത്തിന്റെ ചെക്കിച്ചോപ്പു
ചേല നോക്കി
ആകാശം തൊട്ട
തിരുമുടി നോക്കി
മഞ്ഞളും അരിച്ചാന്തും ചാലിച്ച
മീട് നോക്കി
കടലാഴക്കണ്ണുനോക്കി
തമ്പായേട്ടി ചോദിച്ചു:
തോറ്റ തെയ്യേ
തോറ്റുന്ന തോറ്റത്തില്
ചതിയുടെ കതയുണ്ടല്ലോ
ചോരച്ചോപ്പ് പൊഴയുണ്ടല്ലോ
ജാതിയുണ്ടല്ലോ
നെറമുണ്ടല്ലോ
നെറത്തിന്റെ നെഗളിപ്പുണ്ടല്ലോ
വെട്ടിനുറുക്കിയിട്ടും
ന്ലാവായ നിന്റെ ചിരിയുണ്ടല്ലോ!
തെയ്യം തമ്പായേട്ടിയോട് മിണ്ടി:
പൈതങ്ങളേ,
ഗുണം വരട്ടെ എന്നുരിയാടുന്ന
എന്നെ നോക്കൂ
ജാതി എഴുതീറ്റുണ്ടോ
ഈ മെയ്യില്
നെറത്തിന്റെ അട്ടഹാസമുണ്ടോ
ഈ വാക്കുരയിൽ?!
ചുട്ട ഉടലും
കുടഞ്ഞിട്ട കുടലും
ശ്വാസനാളത്തിലെ
ചെളിനീരും;
അങ്കി മാറ്റി വെളിച്ചപ്പെടണോ പൈതങ്ങളേ?
ഊരും ഉയിരും
മനുഷ്യന്റെ കഥ പറയട്ടെ!
പൂവും അരിയും
നിന്റെ നെറുകയിലിരിക്കട്ടെ!
....ന്റെ തെയ്യേ
തെയ്യം തെയ്യായിറ്റ് തന്നെയുണ്ട്
പക്ഷേങ്കില്
മന്ച്ചൻമാര്
ഈട്ന്ന് കൂടിപ്പിരിഞ്ഞാപ്പിന്നെ
എന്താണ് ഏതാണെന്നല്ലേ?
തെയ്യൊന്ന് പൊറത്തിറങ്ങി നോക്ക്
നല്ലോണം നോക്ക്.
“തെയ്യത്തോട്
തോന്ന്യാസം പറഞ്ഞ പെണ്ണ്"
പുറത്തിറങ്ങിയപ്പോൾ
പുലഭ്യത്തിന്റെ ചെണ്ടക്കൂറ്റ്.
തമ്പായേട്ടി
തെയ്യമാകുമോ!
▮
മിറ്റം – മുറ്റം
മീട് – മുഖം
കത – കഥ
നെഗളിപ്പ് – അഹങ്കാരത്തോടെയുള്ള പ്രവൃത്തി.