തിങ്കള്‍ എന്ന പെണ്‍കുട്ടി

തിങ്കള്‍ എന്ന പെണ്‍കുട്ടിയാവാതിരിക്കല്‍
കുതിരകളെ പൂട്ടിയ ആഴ്ചാവസാനം
കിതപ്പില്‍ കാപ്പിക്കടകളും
ബാറുകളും വെളിച്ചവും സ്ത്രീകളും
കലങ്ങിമറിയുന്ന തെരുവിലൂടെ
നിന്നിലേക്കുള്ള എന്റെ വരവ്.

കീറലുകളില്‍ അലങ്കരിച്ച ജീന്‍സും
ചെവിയില്‍ വലിയ വളയങ്ങളും
കഴുത്തിറങ്ങിയ അയഞ്ഞ വസ്ത്രങ്ങളും
കനമേറിയ ആഭരണങ്ങളുമണിഞ്ഞ
സ്ത്രീകള്‍ കൈ വീശുന്ന
ഇരുണ്ട വഴികളിലൂടെ
അവരെ തൊട്ടുതൊട്ട്
ഒരുവളില്‍ തുടങ്ങുന്ന
മുടിയിഴകളിലമരുന്ന
പൂക്കളുടെ രാത്രിമണം.

തിങ്കള്‍,
നീല റിബണുകളും
മുട്ടു വരെയുള്ള ഉടുപ്പുമണിഞ്ഞവള്‍.
അവളായി കഴിഞ്ഞാല്‍
കുഞ്ഞുകാലടികളില്‍ നീങ്ങുന്ന ദിവസങ്ങള്‍
മുതിരുവാനുള്ള തിടുക്കം.

വീണ്ടും നിന്നിലവസാനിക്കുന്ന
ശനിയും ഞായറും,
രണ്ടു നിറങ്ങളുടെ മിഠായിഭരണി.
കടകളില്‍ മറ്റൊരാളെ നോക്കാനേല്‍പ്പിച്ചുപോവുന്ന
ഉടമയില്‍ നിന്നും കളവുപോവുന്ന
ദിവസങ്ങളുടെ സൂക്ഷിപ്പുകാര്‍ നമ്മള്‍.

തിങ്കളെന്നും പെണ്‍കുട്ടിയായി അവസാനിക്കുന്നില്ല,
മുതിര്‍ന്ന സ്ത്രീയാവുന്നതിന്റെ വിറ
പൂക്കാലമെന്ന് നടിച്ച് സാരിയില്‍ വരുന്ന
ദിവസങ്ങളുമുണ്ടായിവരുന്നു
മുടി നീട്ടി വളര്‍ത്തേണ്ടിയും വരുന്നു.

വരണ്ട മുടിയിഴകളുമായി
പാര്‍ക്കുബെഞ്ചുകളിലില്‍
ഇരുന്നെഴുന്നേറ്റുപോവുന്ന
ഏപ്രിലിന്റെ നഗ്നത അലസം
ഇക്കൊല്ലത്തിന്റെ പിന്‍കഴുത്തില്‍
മുറുകുന്ന ഈണം
കാറ്റുകളുടെയും കുട്ടികളുടെയും
കുരുവികളുടെയും
ഐസ്ക്രീം വില്‍പ്പനക്കാരുടെയും
ഇല പൊഴിഞ്ഞ
മുഖാവരണം
ഞാന്‍ നിന്നിലുയരുന്നു.

കടന്നുപോവുമ്പോള്‍
രാത്രി നഗരം കുടഞ്ഞു വിരിച്ച ടാറ്റു,
സമയം അനക്കമറ്റ ചിത്രത്തുന്നല്‍,
ശീതീകരിച്ച വാഹനങ്ങളും കെട്ടിടങ്ങളും
നിലച്ചുപോയ ശരീരങ്ങളും
കട്ടിലിനുകീഴില്‍ ഒളിപ്പിച്ച
മിന്നുന്ന കളിപ്പാട്ടങ്ങളും
കൈ വിലങ്ങും ലെതര്‍ ബൂട്ടുകളും
പക്ഷിതൂവലുകളിലും മുത്തിലും
അലങ്കരിച്ച പോലീസ് തൊപ്പിയും
രണ്ടു ചുവന്ന വരകളുടെ പേടിയും
പൊതുസ്ഥലത്ത് ഉമ്മ വെച്ചേക്കാവുന്ന
കമിതാക്കളില്‍ കൈകോര്‍ത്തുകിടന്ന്​
നമ്മളെ വായിക്കുന്ന
ഗ്രാഫിക് നോവല്‍.

ആഴ്ചാവസാനം ഉപ്പും കുരുമുളകും നിറച്ച
ചെറിയ ചില്ലുകുപ്പികള്‍ എന്തിനെന്നറിയാതെ
തിടുക്കത്തില്‍ ഭക്ഷണമേശക്കുമേല്‍
നമ്മളില്‍ ചെറുതരികളുടെ അധികാരം
കൈമാറി കൊണ്ടേയിരിക്കുന്നു.
കൈ തുടയ്ക്കാനുപയോഗിച്ച
നേര്‍ത്ത പേപ്പറുകളിലും
വൈന്‍ ഗ്ലാസുകളിലും പതിഞ്ഞ
ചുണ്ടടയാളങ്ങള്‍ ചുവടുകളില്‍.

“ആണുങ്ങളെല്ലാം നിന്നെ കുറിച്ചു പാടുന്നു
പക്ഷേ നീ എവിടെ? എനിക്കുള്ളിലല്ലേ നീ, മണ്ടന്മാർക്കെന്തറിയാം”
എന്നാവര്‍ത്തിക്കുന്ന ഒരു R&B പാട്ട്
എന്റെ കാതിലെ വളയങ്ങളിലൊന്നിലൂടെ
വേഗതയുടെ നീയായി കടന്നുപോവുന്നു.

Comments