സുബീഷ് തെക്കൂട്ട്

തിരുവനന്തപുരം

ചാക്കയിൽ ബസിറങ്ങി
രണ്ടുകവർ പാൽ വാങ്ങി
വീട്ടിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം
അഞ്ചരമണിവെയിൽക്കിറ്റിൽ
ആട്ടമാവും പുളിയുള്ള തൈരും.

ശംഖുമുഖത്തേക്കുള്ള
വളവ് തിരിയുന്നു
9 സി ഓറഞ്ച്
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്.

അവളോടിക്കുന്ന ബൈക്കിൽ
ഇറുക്കിപ്പിടിച്ചവൻ പിന്നിൽ,
ഒന്നയഞ്ഞാൽ
പിടിവിട്ട് താഴുമീ സന്ധ്യ
നോമ്പുതുറയ്ക്ക്
മുറിച്ചുവെച്ചപോലൊരു
പാതി സൂര്യൻ
കടലിൽ.

മുളകുബജ്ജിയുടെ
മണമുള്ള
കടലോരം.

കടുപ്പം കുറച്ചൊരു കാപ്പിയിട്ട്
സൊറ പറഞ്ഞിരുന്നു
സ്പെൻസർ ജംഗ്ഷനിലെ
പഴയ കോഫീ ഹൗസ്
പഴക്കം വരാത്തൊരു
പ്രണയകഥയ്ക്ക്
പാട്ടുമൂളി നിശാഗന്ധി.

സംസമിൽ ഒരു കോഴി
കമ്പിക്കാലിൽ
തലങ്ങും വിലങ്ങും തിരിഞ്ഞപ്പോൾ
രാത്രിയായി.

മലബാറിൽ ബർത്തുറപ്പിച്ച്
മടക്കയാത്രക്ക്
രസവട പൊതിഞ്ഞു
തമ്പാനൂർ

കോട്ടയ്ക്കകത്ത്
അനന്തശായിക്ക് അത്താഴപൂജ,
വെട്ടുകാട് പാതിരാമണലിൽ
മാതാവിൻ്റെ
കോരുവല കുടഞ്ഞിട്ട പോൽ മാനത്ത്
വെള്ളിമീൻകൂട്ടം.

Comments