തൊണ്ടിമുതൽ

ഞെക്കുവിളക്കിനുമെക്സ്റേ കണ്ണുകൾക്കും നോക്കെത്താത്തൊരിടത്ത് പാത്തുംപതുങ്ങിയും ഏത് തൊണ്ടിമുതലാണൊളിപ്പിക്കാൻ പാടുപെടുന്നതെന്റെ പാവം മനസ്സേ....

പതിനെട്ടാം വയസിലച്ഛാ എന്നു വിളിച്ച ആ കുഞ്ഞാവയേയോ, പിന്നീടൊരിക്കൽ പോലും കണ്ടിട്ടേയില്ലാത്ത അവന്റെ അമ്മയേയോ ?

ഋതുമതിയായ മകളെ, അവളുടമ്മയേയും നട്ടപ്പാതിര മുതൽ കൊച്ചുവെളുപ്പാൻ കാലം വരെ പെരുമഴയത്ത് വീടിനു ചുറ്റും നെട്ടോട്ടമോടിച്ച അച്ഛനേയോ ?

ആകെയറിയാവുന്ന ആ ഒരൊറ്റക്കഥ ഒരിക്കൽപോലും പറഞ്ഞു മുഴുമിപ്പിക്കാനാവാതെ തേങ്ങലായൊടുങ്ങിയ അമ്മയേയൊ: ഒരിടത്തൊരിടത്തൊരമ്മയും
മക്കളും.......

എന്തേ, ഇരുപത്തിരണ്ടാം വയസിൽ കണ്ടിട്ടും കാണാതെ പോയി നാം, കാൽനൂറ്റാണ്ട് കഴിഞ്ഞു വീണ്ടും കണ്ടുമുട്ടിയപ്പോഴേക്കും വൈകിപ്പോയേറെ: എങ്കിലുമൊന്നു തൊട്ടോട്ടെയാമോതിര വിരൽതുമ്പിൽ വീണ്ടും ?

എഴുപതാം വയസിലാണല്ലൊ ആണൊരുത്തൻ ഇളമുളം പൊട്ടും പോലിങ്ങനെ ഏങ്ങിയേങ്ങിക്കരയുന്ന,
തേറെയുണ്ടായിരുന്നവസരങ്ങൾ
മുമ്പും കെട്ടിപ്പിടിച്ച് പൊട്ടിക്കരയാ,
നെന്നിട്ടുമെന്തേ പഹയാ ?

തൂങ്ങിക്കിടക്കുന്നു കിടപ്പറച്ചുമരിലൊരാങ്ങളയും പെങ്ങളു, മവരേതോ എതിർ ഗോത്രങ്ങളിൽ നിന്നുവന്നവരപരിചിതർ, പിന്നെ നാമെങ്ങനെയൊരേ കമ്മട്ടത്തിലടിച്ച കറൻസിയായ്, പ്രിയേ ?
കടിച്ചെടുത്തേഴില്ലം കടത്തുന്നല്ലോ പേരക്കുട്ടിയെ, ഭൂമിയുടെ ഏതേതറ്റങ്ങളിലേക്ക്, മുത്തച്ഛന്റെ ചിതക്ക് തീ കൊളുത്താനിനിയാര്, ദൈവമേ?

കണ്ണടച്ചാലുടനെത്തുന്നവൾ, പറഞ്ഞേർപ്പാടു ചെയ്തിട്ടുണ്ടായിരുന്നു നാത്തൂനെ, കല്യാണം കഴിപ്പിക്കരുതൊരു കാരണവശാലും, ഏട്ടനെന്നെ മറക്കുന്നത് സഹിക്കില്ലെനിക്കേട്ത്തി പെണ്ണേ...
നഗ്നപാദനായർധനഗ്നനായ് രാവിലേം വൈകീട്ടും തെക്കുവടക്ക് , കിഴക്കുപടിഞ്ഞാറും നടക്കുന്നതെന്തി, നെന്തുമറക്കാനെന്തു മറയ്ക്കാനേതുതൊണ്ടിമുത- ലൊളിപ്പിക്കാനെന്റെ പാവം മനസ്സേ...


സിവിക് ചന്ദ്രൻ

കവി, നാടകകൃത്ത്​, എഴുത്തുകാരൻ, ആക്ടിവിസ്റ്റ്. പാഠഭേദം മാസികയുടെ പത്രാധിപർ. ജനകീയ സംസ്‌കാരിക വേദിയുടെ സെക്രട്ടിയും അതി​ന്റെ മുഖപത്രമായ പ്രേരണയുടെ പത്രാധിപരും ആയിരുന്നു. തടവറക്കവിതകൾ, നിങ്ങളാ​​രെ കമ്യൂണിസ്​റ്റാക്കി (പ്രതിനാടകം), എഴുപതുകളിൽ സംഭവിച്ചത്,​ നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments