നിക്കാനോർ പാർറ, റോബർട്ടോ ബൊലാനോ, ഗബ്രിയേലാ മിസ്ട്രൽ; മൂന്ന് ലാറ്റിനമേരിക്കൻ കവി(ത)കൾ

നിക്കാനോർ പാർറ

ചിലിയൻ കവി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ലാറ്റിനമേരിക്കൻ കവികളിലൊരാൾ. ‘പ്രതികവിത' യുടെ ഉപജ്ഞാതാവ്. സാമാന്യ ജനങ്ങളുടെ വ്യവഹാരഭാഷയിൽ കവിത എഴുതി. മനുഷ്യജീവിതത്തിന്റെ അസംബന്ധങ്ങളും വിരോധാഭാസങ്ങളും മൂർച്ചയുള്ള ഭാഷയിൽ അവതരിപ്പിച്ചു. 1950 കളിൽ ലാറ്റിനമേരിക്കൻ സാഹിത്യലോകത്ത് ശ്രദ്ധേയനായി. ‘കവിതകളും പ്രതികവിതകളും' അടക്കം അദ്ദേഹത്തിന്റെ കവിതകൾ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഷേക്സ്പിയറിന്റെ കിങ് ലിയർ സ്പാനിഷിലേക്ക് വിവർത്തനം ചെയ്തു.

ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു

പോകും മുമ്പ്
ഉണ്ടെനിക്കൊരു അവസാന ആഗ്രഹം.
ഉദാരനായ വായനക്കാരാ
കത്തിച്ചുകളയുക ഈ പുസ്തകം
രക്തം കൊണ്ടെഴുതിയതെങ്കിലും
ഇതായിരുന്നില്ല ഞാൻ പറയാൻ ആഗ്രഹിച്ചത്
എങ്കിലും
പറയാൻ ഞാൻ ആഗ്രഹിച്ചത് അതല്ല
എന്റെ വിധിയേക്കാൾ ദുഃഖമേറിയത് മറ്റൊന്നില്ല
സ്വന്തം നിഴലിനാൽ തോൽപ്പിക്കപ്പെട്ടവൻ
എന്റെ വാക്കുകൾ എന്നോട് പ്രതികാരം ചെയ്യുന്നു.
വായനക്കാരാ, എന്നോട് ക്ഷമിക്കൂ, നല്ല വായനക്കാരാ
ചേർത്തുപിടിച്ചു പിരിയാനാവുന്നില്ലെങ്കിലും
പോവുന്നു ഞാൻ നിർബന്ധിക്കപ്പെട്ട സങ്കടം നിറഞ്ഞ ചിരിയോടെ
ഒരു പക്ഷെ അതെല്ലാം ആണ് ഞാൻ

എന്റെ അവസാന വാക്കിനായി കാതോർക്കൂ
പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു ഞാൻ
ലോകത്തിൽ വച്ചേറ്റവും കയ്പ്പ് നിറഞ്ഞതൊക്കെയും
ഞാൻ പറഞ്ഞതെല്ലാം തിരിച്ചെടുക്കുന്നു.

റോബർട്ടോ ബൊലാനോ

രുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും പ്രശസ്ത ലാറ്റിനമേരിക്കൻ എഴുത്തുകാരിലൊരാൾ. ചിലിയിൽ ജനിച്ചു, യുവത്വം മെക്‌സിക്കോയിൽ, സ്‌പെയിനിൽ സ്ഥിരതാമസം. പിനോഷെക്കെതിരായ സോഷ്യലിസ്റ്റ് വിപ്ലവത്തിൽ പങ്കെടുക്കുവാൻ ചിലിയിൽ തിരിച്ചെത്തി, അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും രക്ഷപ്പെട്ടു എന്ന സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളുണ്ട്. ജീവിതം മുഴുവൻ കവിതക്കായും ഇടതുരാഷ്ട്രീയ പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു. ജീവിതത്തിന്റെ നിഴലിൽ തന്നെ എഴുതപ്പെട്ടതാണ് കഥകളത്രയും. ധാരാളം കഥകളും നോവലുകളും എഴുതിയിട്ടുണ്ട്. 'ദി സാവേജ് ഡീറ്റെക്റ്റീവ്‌സ്' എന്ന നോവലിന് റോമുലോ ഗാലഗോസ് സമ്മാനം ലഭിച്ചു.

നിനക്കുള്ള എന്റെ സമ്മാനം

വൾ പറഞ്ഞു, നിനക്കുള്ള എന്റെ സമ്മാനം അത്രമേൽ നിറവുള്ളതായിരിക്കും
അത്രമേലത് സൂക്ഷ്മമായിരിക്കും
മെക്‌സിക്കോയിൽ നിന്നും എന്നിൽ നിന്നും
ഏറെ ദൂരത്തായിരിക്കുമ്പോൾ നീയതറിയും.
അത്രയേറെ വേണ്ട നേരത്തിൽ നീയത് കണ്ടെടുക്കും
ഒരിക്കലുമതൊരു ആനന്ദകരമായ
അന്ത്യമല്ല

ശൂന്യതയുടേയും സന്തോഷത്തിന്റേയും ക്ഷണമാത്രയായിരിക്കും.
ഒരു പക്ഷേ നീയെന്നെ ഓർത്തേക്കാം
അത്രയും ക്ഷണികമായി

ഗബ്രിയേലാ മിസ്ട്രൽ

നോബൽ സമ്മാനത്തിന് അർഹയായ ചിലിയൻ കവി. ലാറ്റിനമേരിക്കൻ സാംസ്‌കാരിക ചരിത്രത്തിന്റെ എഴുത്തുകാരി. സ്പാനിഷ് അമേരിക്കൻ സാഹിത്യറാണി എന്നാണ് ഗബ്രിയേല അറിയപ്പെട്ടിരുന്നത്. ബന്ധങ്ങളും അവയെ നിലനിർത്തുന്ന സ്‌നേഹവുമാണ് എക്കാലവും ഗബ്രിയേലയുടെ വിഷയം. വിദ്യാഭ്യാസ പ്രവർത്തക, എഴുത്തുകാരി എന്നീ നിലകളിൽ സ്ത്രീകളുടെയും, കുഞ്ഞുങ്ങളുടെയും അശരണരുടെയും ക്ഷേമം, ജനാധിപത്യം സ്വാതന്ത്ര്യം, സമാധാനം എന്നിവക്ക് വേണ്ടി പ്രവർത്തിച്ചു. പാബ്ലോ നെരൂദയുടെ അധ്യാപികയായിരുന്നു. എക്കാലത്തും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു ഗബ്രിയേല.

അവനെ വീണ്ടും കാണാൻ

രിക്കലും ഒരിക്കലുമില്ല?
ഇല്ലേ, നക്ഷത്രങ്ങൾ ചിമ്മുന്ന രാത്രിയിൽ
പുതിയ പ്രഭാതത്തിന്റെ പ്രഭയിൽ
അല്ലെങ്കിൽ ബലിയുടെ ഉച്ചകളിൽ?
അല്ലെങ്കിൽ കൃഷിയിടങ്ങളെ ചുറ്റിപ്പോകുന്ന
വിളറിയ പാതയുടെ ഓരത്ത്,

അല്ലെങ്കിൽ തിളങ്ങുന്ന ചന്ദ്രൻ വെളുപ്പിച്ചെടുത്ത
വിറയാർന്ന ജലധാരയുടെ വക്കിൽ
അല്ലെങ്കിൽ നിറഞ്ഞ വനത്തിന്റ ഇരുണ്ട മുടിക്കെട്ടിനുള്ളിൽ
അവിടെയാണെന്നെ, നിന്റെ പേര് വിളിച്ചു നടന്നപ്പോൾ രാത്രി കീഴ്‌​പ്പെടുത്തിയത്
അല്ലേ, എന്റെ നിലവിളി പ്രതിധ്വനിക്കുന്ന ഗുഹയിൽ?

ഓ.ഇല്ല.
അവനെ വീണ്ടും കാണാൻ -
എവിടെയായാലെന്ത് -

സ്വർഗ്ഗത്തിലെ ജീവനില്ലാജലത്തിലോ
അല്ലെങ്കിൽ തിളയ്ക്കുന്ന ചുഴിയിലോ
ചന്ദ്രന്റെ സൗമ്യതയിലോ, രക്തരഹിതമായ ഭയത്തിലോ
അവന്റെ കൂടെയാവാൻ...

ഓരോ വസന്തത്തിലും ശൈത്യത്തിലും
ദുഖത്തിനൊറ്റക്കെട്ടിൽ ഒരുമിക്കാൻ
അവന്റെ ചോരമയമാർന്ന കഴുത്തിനുചുറ്റും.

Comments