വിനോദ്​ ശങ്കരന്റെ കവിതകൾ

കവിത ഒരു മരുന്നല്ലെന്നിരിക്കെ

ആദ്യം കുരുങ്ങിയത്
ആ തീവണ്ടി തന്നെയായിരുന്നു
ശിരസ്സിനും
ദേഹത്തിനുമിടയിലെ ദൂരത്തെ
വേഗതകൊണ്ടളന്ന്
തോറ്റുപോയ സഞ്ചാരി.
ഇതേ തീവണ്ടിയെ
ഒരു ഉദാഹരണമായിട്ടെടുത്താൽ
എനിക്കും
അവൾക്കുമിടയിലെ ദൂരത്തെ
പ്രണയംകൊണ്ടളന്നാൽ
ഞാൻ തോറ്റുപോയ ഒരു സഞ്ചാരി
എന്നു നിങ്ങൾ സങ്കൽപ്പിക്കും
എന്നാൽ ആ പിടച്ചിലിലറിയാം
രണ്ടാമത്തേത് അവൾതന്നെ.
അവളേയും തീവണ്ടിയേയും
ഞാൻ
സ്വപ്നങ്ങളെ വളർത്തുന്ന
അക്വേറിയത്തിൽ ഇടുന്നു
അത്രയുംകാലം തീവണ്ടിയെ
സ്വപ്നം കാണുകയായിരുന്ന
അതിനകത്തെ സ്വപ്നങ്ങൾ
ഓർമ്മകളിലേക്ക് ചൂളംകുത്തുന്നു
അവൾ ഏറ്റം മുന്നിലായ്
കാണപ്പെടുന്നു.
(സ്വപ്നങ്ങൾക്ക് പരസ്പരം
കാണാനാവില്ല, അറിയാനും,
യാത്രയിൽ തനിച്ചാണെന്ന്
അവ കരുതുന്നു,
മനുഷ്യർ കരുതുന്നതുപോലെ)
പത്തുവർഷം ഓടിക്കഴിയുമ്പോൾ
ഒരു ദിവസംമാത്രം ജീവിച്ച മകനെ
കാണാതാവുന്നു,
ഓടിക്കൊണ്ടിരിക്കേ തീവണ്ടിയെ
കാണാതാവുന്നു,
അടുത്ത നാൾ അവളെയും,
വണ്ടി അപ്രത്യക്ഷമായിട്ടും
അതേ ഇരിപ്പിൽ, വേഗതയിൽ
ബാക്കിയുള്ളവ(ർ)
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
നോക്കിയിരിക്കെ
ജനിച്ചുവളർന്ന തറവാട്ടുവീടും
മുറ്റത്തെ മൂവ്വാണ്ടനും
കാണാതാവുന്നു,
അനാഥമായൊരു കാലത്തിൽ
അച്ഛനെ കാണാതാവുന്നു
അക്വേറിയം ശൂന്യമാവുന്നു!
ചൂണ്ടയുമെടുത്തു ഞാൻ
നദിക്കരയിലേക്കോടുന്നു
പേരുചൊല്ലിവിളിക്കുമ്പോൾ
വരിവരിയായ് കയറിവരുന്നു
ഏറ്റം അനുസരണയോടെ
വെള്ളംപോലെ വിശുദ്ധിയോടെ,
ഉണർന്നിരിക്കുമ്പോഴത്തെ
ലോകത്തിൽനിന്നും
വഴുതിപ്പോയവ.

പട്ടാമ്പി റെയിൽവേ സ്റ്റേഷനിലിരിക്കുമ്പോൾ
പട്ടാമ്പി റെയിൽവേ സ്റ്റേഷനിലിരിക്കുമ്പോൾ
പാളത്തിനപ്പുറത്തു നിന്നും
മാടി വിളിക്കുന്നു
മേലാസകലം നീരുവന്നു മരിച്ച
ഗവൺമെന്റാസ്പത്രി.

അരികെയെത്തിയപ്പോൾ
എന്നെനോക്കി പുഞ്ചിരിച്ചു
വിഷുപ്പുലരിയുടെ മടിയിലിരുന്നു കത്തിച്ച
അതേ പൂത്തിരി

മരിച്ചവരുടെ മസ്തിഷ്‌കത്തിന്
നമ്മുടെ ഗൂഗിളിനേക്കാൾ
പതിനായിരമിരട്ടി വേഗമുണ്ടത്രെ!
എന്നിട്ടും മുപ്പത്തിയഞ്ച് വർഷം
വേണ്ടിവന്നു എന്നെ കണ്ടെത്താൻ!

മരിച്ചവരെപ്പറ്റി നമ്മുടെ
മിന്നൽവേഗമറവിപോലെയല്ല,
ജീവിച്ചിരിക്കുന്നവരുടെ
അപ്പപ്പോഴത്തെ
നിഴൽ വരയ്ക്കുകയാണവർ

മരിക്കുക എന്നാൽ
മറുവശത്തേയ്ക്ക്
ഒന്നു ചെരിഞ്ഞു കിടക്കുക
എന്നേ അർത്ഥമുള്ളൂ,
എങ്കിലും, ഈ ഇത്തിരി ദൂരത്തേയ്ക്ക്
കണ്ണു മൂടിക്കെട്ടിയേ കൊണ്ടുപോകൂ

അതിനാലാണ്
മരിച്ചുപോയവരിലേക്ക്
നമുക്കു വഴിതെറ്റുന്നത്.

തൊട്ട് തൊട്ട്...
നോക്കി നോക്കിയിരിക്കേ,
കൈഫോണിൽ നീ ഒപ്പിയെടുത്ത
ആ ചിത്രത്തിലേക്ക്
പൊടുന്നനെ നാമിരുവരും
വീണുപോകുന്നു

ജനിച്ചു വളർന്ന
ഗ്രാമത്തിലേ,ക്കേറെ,ക്കഴിഞ്ഞെ-
ത്തുംപോലെ
നമ്മൾ വീണ്ടും ജനിക്കുന്നു,
ആകാശത്ത് നമ്മുടെ കുഞ്ഞുകാലടികൾ
എണ്ണമറ്റ ഓർമകളെ
ഉമ്മവെച്ചുണർത്തുന്നു

ഒരു മഴവില്ലിനപ്പുറമിപ്പുറം
നമുക്കു
വെള്ളിമേഘങ്ങളാൽ മേഞ്ഞ
വീടുകളുണ്ടാവുന്നു
ആരുമറിയാതെ
നാം വീടുകളെ തമ്മിൽ ചേർത്തു
വെയ്ക്കുന്നു, മഴവില്ലു കട്ടെടുത്ത്
കണ്ണുകളിൽ ഒളിച്ചു കടത്തുന്നു
പെട്ടെന്നു മുതിർന്നുപോയ
നമ്മെക്കണ്ട് ദൈവം
ഹമ്പോ,യെന്നാശ്ചര്യപ്പെടുകയും
അനുഗ്രഹിക്കുകയും ചെയ്യുന്നു.

ഒരു പള്ളിക്കൂടം
എന്റെയും നിന്റെയും ഒച്ചകളെ
മേഘങ്ങളിലെവിടെയോ ഒളിച്ചു
വയ്ക്കുന്നു,
മൗനത്തിന്റെ മാലാഖമാർ നമുക്കു
ചുറ്റും നിന്ന് ഉദാത്തമായൊരു
സംഗീതം പൊഴിക്കേ
ഭൂമിയിൽ വെച്ച് നമുക്കു നഷ്ടമായ
എന്നെയും നിന്നെയും തിരിച്ചു
കിട്ടുന്നു,
വിരലുകളിൽ ഇടിമിന്നലുകളെ കോർത്ത്
ഒന്നായിത്തീരലിന്റെ, ഇല്ലാതായ്-
ത്തീരലിന്റെ ഒടുവിലത്തെ
ആകാശവും താണ്ടുന്നു.

രണ്ടു പക്ഷികൾ
നമ്മെ തൊട്ടുരുമ്മി എതിർദിശയിലേക്ക്
പറന്നു പോവുന്നു.

Comments