ച. ദുരൈ

ച. ദുരൈയുടെ കവിതകൾ

മിഴ്നാട്ടിലെ രാമേശ്വരത്തിനടുത്തുള്ള മണ്ഡപം ഊരിലെ എഴുത്താളാണ് ച. ദുരൈ. കടലുമായും തീരദേശവുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹത്തിന്റെ രചനകളിൽ പ്രധാന പ്രമേയമായി വരുന്നത്. മത്തി, ചങ്കായം എന്നിവയാണ് കവിതാസമാഹാരങ്ങൾ. കഥകളും എഴുതുന്നു. അകഴ് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ച മൂന്ന് കവിതകളാണ് തമിഴിൽ നിന്ന് പരിഭാഷപ്പെടുത്തിയിട്ടുള്ളത്.
വിവർത്തനം: വിജയകുമാർ അശോകൻ.

▮ 

യുദ്ധത്തിൽ രക്ഷപ്പെട്ട ഒരുവൾ
ഒരു തൊപ്പിക്കട നടത്തുന്നു
അവൾക്ക് ഒരു കൈയില്ലെന്നാലും
മനോഹരമായി ചിരിക്കുന്നു
നിത്യവും തന്റെ ചെറിയ മകൻ
റോഡ് കടക്കുമ്പോൾ
അവൾ പതറുന്നു.
അവനുവേണ്ടി ഒരുക്കിവെച്ച
പ്ലംസ് പഴങ്ങൾ കൊടുക്കുന്നു
വിലപേശുന്നവരോട് അയഞ്ഞും
ദിവസഗഡുക്കളെ ഭയന്നും
വൈകീട്ട് അഞ്ചുമണിക്കുതന്നെ
അവൾ കട അടയ്ക്കുന്നു.
രാത്രിയിൽ ചോറുകൊടുത്ത്
യുദ്ധകാലകഥയൊന്ന് പറഞ്ഞ്
മകനെ ഉറക്കുന്ന അവൾക്ക്
നന്നായി ഉറങ്ങാനേ കഴിയുന്നില്ല.
പുലർച്ചവരെ ഉണർന്നിരിക്കുമ്പോൾ
അവൾക്കാശ്വാസമായ്
ഇല്ലാത്ത മറ്റേ കൈ മുളച്ചുവന്ന്
അവളെ വാരിപ്പുണരുന്നു.

പൊതി

മുതുകിൽ വലിയ പൊതിയുമായി
നാട്ടുകവലയിൽ ഇരുന്നിരുന്നവനെ
ഒരു കൂട്ടം വളഞ്ഞു

"എവിടെനിന്ന് വരുന്നു"

അവൻ പൊതി തുറന്ന്
പ്ലാസ്റ്റിക് പാട്ടയിലിരുന്ന
അഴുകിയ മുന്തിരിപ്പഴങ്ങൾ താഴെയെറിഞ്ഞു.

‘‘എത്ര നാളായി നടക്കുന്നു"

പൊതിതുറന്ന്
അലക്കാത്ത പന്ത്രണ്ട് ഷർട്ടുകൾ പുറത്തെടുത്തു.

‘‘നിന്റെ അമ്മയും അച്ഛനും എവിടെയാണ്"

പൊതിതുറന്ന്
വെള്ളത്തുണികൊണ്ടുമൂടിയ
രണ്ട് ചെറിയ മൺഫ്ളാസ്ക്ക് പുറത്തുവെച്ചു.

‘‘കൂടപ്പിറപ്പുകൾ എത്ര പേർ"

പൊതിതുറന്ന്
പാവയെ എടുത്ത്
തനിയെ കളിക്കാൻ തുടങ്ങി 

എനിക്ക് ആ പൊതിയോട്
വല്ലാത്തൊരു പൂതി തോന്നി
ഇനിയും ആ പൊതിയ്ക്കുള്ളിൽ
എന്തെല്ലാമുണ്ടാകും....
അലകൾ ആർത്തിരമ്പും നീലക്കടൽ
പോകപ്പോകെ വളരും വലിയ മലകൾ
ഓടുന്തോറും മതിവരാത്ത കുതിരകൾ
ഉത്തരം നൽകുന്ന ദൈവങ്ങൾ
സുൽത്താന്റെ വാൾ
തുടങ്ങിയെന്തൊക്കെയോ
ഞാനാലോചിക്കാൻ തുടങ്ങി

അപ്പോൾ കൂട്ടത്തിൽ തടിച്ച ഒരുത്തൻ ചോദിച്ചു,
"ഭക്ഷണത്തിനെന്ത് ചെയ്യും"

ഇത്തവണ അവൻ ഒന്നുമെടുത്ത് വെളിയിൽ വെച്ചില്ല
പൊതി മടിയോടുചേർത്തുപിടിച്ച്
അവിടെത്തന്നെ ചുരുണ്ടുകിടന്നു.

വിളി

വെള്ളത്തിൽ നിന്നൊരു കൈ
ഉയർന്നുവന്നു
അതവൾ കണ്ടു
അതവളെ വിളിച്ചു
അവൾ വെള്ളത്തിലിറങ്ങി
ആ കൈ മീനായി മാറി
ആഴമേറുന്തോറും പാറയായി മാറി
ഒടുവിൽ പൊടിയായി മറഞ്ഞു
അവൾക്ക് ശ്വാസംമുട്ടി.

ഇപ്പോൾ
അവൾ പൊടിയായി
പാറയായി
മീനായി
വെള്ളത്തിനുമുകളിൽ വന്നു.

കരയിൽ വെറുതെയിരുന്ന എന്നോട്
അവൾ അറിയുമോയെന്ന് ചോദിച്ചു
ഞാൻ കുളം നോക്കി
ഒന്നുമേ പിടികിട്ടുന്നില്ലെന്ന്  പറഞ്ഞു.
നോക്ക് അവിടെ നന്നായി നോക്കെന്ന്
ഉച്ചത്തിൽ അലറി.

കുളത്തിന്റെ മേലേ ഒരു ചെറിയ ഇല
അത് ഒഴുകുന്നു
അത് വിളിക്കുന്നു.


Summary: Three Tamil poems by poet Cha Durai, translated by Vijayakumar Ashokan.


ച. ദുരൈ

രാമേശ്വരത്തിനടുത്ത മണ്ഡപം ഊരാണ് സ്വദേശം. കടലുമായും തീരദേശവുമായും ബന്ധപ്പെട്ട പ്രമേയങ്ങളാണ് കവിതയിലും കഥയിലുമുള്ളത്. മത്തി, ചങ്കായം എന്നിവയാണ് കവിതാസമാഹാരങ്ങൾ.

വിജയകുമാർ അശോകൻ

ഭാഷാ ഗവേഷകൻ. കേരള യൂണിവേഴ്സിറ്റിയിൽ മലയാളം ഡിപ്പാർട്ടുമെന്റിൽ സീനിയർ റിസർച്ച് ഫെല്ലോ.

Comments