അറബി ഭാഷയിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരിൽ ഒരാളാണ് നൗറി അൽ ജറാഹ്. ദമസ്ക്കസിൽ ജനിച്ചു. 1980-കൾ മുതൽ സ്വയം നാടുകടത്തലിനു വിധേയനായി ബെയ്റൂട്ടിലും പിന്നീട് ഇംഗ്ലണ്ടിലും താമസിക്കുന്നു. സിറിയയിലെ ആഭ്യന്തര കലഹത്തിന്റെ ഏറ്റവും ഇരുണ്ട നാളുകളിൽ ബെയ് റൂട്ടിൽ വച്ച് എഴുതിയതാണ് ഈ കവിതകൾ.
സ്വതന്ത്ര പരിഭാഷ: ഡോ. ജ്യോതിമോൾ പി.
▮
ഞാൻ നിന്നെ കണ്ടു
ഇന്നലെ ഞാൻ നിന്നെ കണ്ടു,
ഇന്നലെ നീയും ഞാനും പട്ടണത്തിൽ ഉണ്ടായിരുന്നു
ഞാൻ, നീ കടന്നുപോകുന്നത് നോക്കിക്കൊണ്ടും
നീ, കാണാതെയും:
വാതിൽക്കൽ നിയോഗിക്കപ്പെട്ട
ഒരു നൂറു കാവൽക്കാർ.
ആയുധങ്ങൾ കൈയിൽ,
വിരിഞ്ഞ തോളുകൾ
നിഴലാകുവാൻ തകർക്കപ്പെട്ടവർ
നിന്റെ ഉറക്കത്തിന്റെ കാവലാളുകൾ.
ജീവിതത്തിൽ,
മരണത്തിൽ
ജീവിതത്തിലും മരണത്തിലും
ഞാൻ നിന്നെ സ്നേഹിക്കുന്നു.
ഉണർവിന്റെ അധിപനാണ് നീ,
ഹൃദയത്തിന്റെ കലാപവും
അന്തമില്ലാത്ത പകലിന്റെ അരാജകത്വവും നീ തന്നെ
മാറ്റത്തിന്റെ നിമിഷങ്ങളിലെ ലക്ഷ്യങ്ങളും നീ.
ജീവിതത്തിലും മരണത്തിലും
കൂസലില്ലാതെ
മറവിയുടെ മട്ടുപ്പാവിലെ
ആ ഇരുണ്ട ഇടവേളകളിലൂടെ
ഞാൻ നിന്നെ സ്നേഹിക്കുന്നു.
സൈനികരും കല്ലുകളും നിറഞ്ഞ തെരുവുകളിലും
കൗതുകങ്ങളിലേക്കുള്ള വഴിയിലെ നാൽക്കവലയിലും
ഞാൻ നിന്നെ സ്നേഹിക്കുന്നു.
ചന്ദ്രൻ ഏകനായി മുറിയിലേക്ക് പ്രവേശിക്കുന്നു,
പക്ഷെ,
നിന്നെ സ്നേഹിക്കാൻ എനിക്ക് ഒരു ജന്മം പോരാ,
അതിനാൽ എന്റേതായ ആദ്യത്തെയും,
അവസാനത്തെയും ആവേശത്തോടെ
ഞാൻ ആത്മാവിന്റെ പുഷ്പങ്ങളെ നുറുക്കി,
അനന്തതയിൽ എത്തിച്ചേരുന്നു.
ജീവിതത്തിലും മരണത്തിലും
വിദ്വേഷത്തിന്റെ വനത്തിലും
ആശങ്കയുടെ ദിനങ്ങളിലും
മനുഷ്യൻ മാരക പുഷ്പങ്ങൾ വിളവെടുക്കുമ്പോഴും
അന്യോന്യം കുത്തിയും വെടിവച്ചും അടിച്ചും കൊല്ലുമ്പോളും,
ഞാൻ നിന്നെ സ്നേഹിക്കുന്നു.
ജീവിതത്തിലും, മരണത്തിലും
തിക്തമായ ജാഗ്രതയിലും.
ഞാൻ ഒരു പെണ്ണിനെക്കുറിച്ച്
സംസാരിക്കുന്നു
ഞാൻ ഒരു പെണ്ണിനെക്കുറിച്ച് സംസാരിക്കുന്നു
എന്നെ ചുംബിക്കാൻ രോഷത്തോടെ കോണിപ്പടികളിറങ്ങിവന്ന്
“തെറ്റിദ്ധരിക്കല്ലേ എന്നെ’’ എന്ന് മൊഴിയുന്ന പെണ്ണ്.
എന്നെ ചുണ്ടുകളിൽ നിന്ന് പുറത്താക്കി
കിടക്കയിലേക്ക് നയിക്കുന്നവൾ.
കാൽപ്പാദങ്ങളെക്കുറിച്ച്
രോഷത്തോടെ ഓർക്കുന്ന ഒരു പെണ്ണിനെക്കുറിച്ച്
ഞാൻ സംസാരിക്കുന്നു.
എന്നെ തെമ്മാടി എന്ന് വിളിക്കുന്നവൾ
അവസാനം ഞാൻ ഒരു കളിമൺ പുരുഷനെന്നും
ഊട്ടി ഉറപ്പിക്കുന്നവൾ.
അവളുടെ തലമുടി മുറിയിൽവച്ച് അവൾ പാടിയ
നീളൻ കവിതയാകുന്നു
മട്ടുപ്പാവിൽ അവൾ ദൈവത്തിന്റെ ഓറഞ്ച് ചുവപ്പ് സൂര്യാസ്തമയം ധ്യാനിച്ചു.