മൂന്ന്​ കവിതകൾ

മരണം

രാള്‍,
നിന്ന നില്‍പ്പില്‍
പുറകോട്ട് മറിയുന്നു.

നിലവിളിയാല്‍
സമൃദ്ധമായ
തടാകം
ഉടലില്‍ നിറയുന്നു.

ഇടവഴിയോളം വന്ന്,
ഒരു തിര
വീട്ടുപടിക്കലേക്ക്
തിരിച്ചുപോകുന്നു.

പകലിന്റെ കണ്ണില്‍,
അടര്‍ന്നു വീഴാന്‍ ഒരു പുഴ
കടവില്‍ കാത്തുനില്‍ക്കുന്നു.

പൊടുന്നനെ
കാണാതാവുന്നവന്റെ
സ്വപ്നങ്ങള്‍
ഏത് ധ്യാനത്തിലാണ് ലയിക്കുന്നത്?

ഉറക്കം

ബെഡ്‌റൂം കിച്ചണിലുറങ്ങി.
കിച്ചണ്‍ ലിവിംഗ് റൂമിലും,
വരാന്ത ബാത്ത്‌റൂമിലും,
ബാത്ത്‌റൂം സിറ്റൗട്ടിലും ഉറങ്ങി.

കാര്‍പ്പോര്‍ച്ച്,
ടെറസിലേക്ക് കയറി.
നക്ഷത്രങ്ങളെ കണ്ടില്ല.

സ്ഥലം മാറികിടന്നാലെങ്കിലും
ഈ വീടൊന്നുറങ്ങിയെങ്കിലെന്ന്,
രാത്രി കണ്ണടച്ചു.

നഷ്ടം

പൂക്കള്‍ക്കുനേരെ ചുണ്ടു പിളര്‍ത്തി
വെയില്‍, കാറ്റിന്റെ ഉച്ചമയക്കങ്ങളില്‍
കുരുങ്ങുന്നു.

സൂര്യനില്‍നിന്ന് ഇറങ്ങിവന്ന്
ഒരു സന്ധ്യ
പകലിനുനേരെ
ചുവപ്പുകൊടി കാണിക്കുന്നു.

പൂച്ചമയക്കത്തിന്റെ ദൂരമേയുള്ളൂ
നമ്മള്‍ തമ്മിലെന്ന്,
രാത്രി പകലിനോട് വിതുമ്പുന്നു.

മാവിന്‍ ചോട്ടില്‍
അനങ്ങാനാവാതെ
ഒരു കുളം ഒറ്റയ്​ക്കു മരിക്കുന്നു.

Comments