തൃത്താല - കുമ്പിടി റോഡ്

തൃത്താലയിൽനിന്ന്
കുമ്പിടിയിലേക്കുള്ള റോഡ്
ഒരിക്കലെനിക്ക് നിന്നിലേക്കെത്താനുള്ള
ഏക വഴിയായിരുന്നു.

കാഞ്ഞിരത്തറ,
തോണിക്കടവ്
സിനിമാകൊട്ടക...
ആരോ നെയ്തുവെച്ച
കഥകൾക്കൊണ്ടായിരുന്നു
ആദ്യമാദ്യം ഓരോ കാഴ്ചയിലും
നമ്മൾ മിണ്ടിയത്.

കമ്പിളിപ്പുഴുപോലെ വെളുത്ത പുല്ല്,
പഞ്ചാരമണൽ തിളക്കം
ഉച്ചവെയിലിൽ മുങ്ങിക്കുളിക്കുന്ന കൊക്ക്,
മനമൽക്കാവിലേക്ക് പോകുന്ന റോഡ്
കൂടലൂരങ്ങാടിയിലെ
പുരാതന ചായക്കടയിൽ
ഉളളിവട മൂക്കുന്ന മണം...
അടയാളങ്ങളേറയായിരുന്നു
വഴിതെറ്റാതെ
ശരിയായ സ്റ്റോപ്പിൽ
ബസ്സിറങ്ങാൻ...

വെള്ളിയാങ്കല്ല് പാലം വന്നപ്പോൾ
വഴിയൊന്ന് എളുപ്പമായി
നമുക്കിടയിലെ കഥകളുടെ
ഭാവം മാറി...

അതിരുകളില്ലാത്ത
വാക്കുകൾ വെറും
കളിപ്പാട്ടങ്ങളായി,
ഓരോ യാത്രകളിലും
രഹസ്യങ്ങളുടെ ഉപ്പുച്ചുവച്ചു.
മഞ്ഞും വെയിലും മഴയും
നമുക്കിടയിലൂടെ
കാലത്തെ കൊത്തിപ്പറന്നു.

ഞാൻ ഇങ്ങേ കരയിലും
നീ അങ്ങേ കരയിലും
ഒരു പ്രളയകാലത്ത്
ചിമ്മിനിവിളക്കിന്റെ
വെട്ടത്തിൽ രണ്ടായി…

കഥകളൊഴുകി
സ്വപ്നങ്ങളൊഴുകി
നിലാവിന്റെയറ്റത്തുനിന്ന്
വേലിയേറ്റങ്ങളുതിർന്നു...
രജതരേഖകൾ നെറുകയിൽ
അധികാരം സ്ഥാപിച്ച്
നീണ്ടു നിവർന്നുനിന്നു.

കാലങ്ങൾക്കിപ്പുറം
തൃത്താലയിൽനിന്ന്
കുമ്പിടിയിലേക്ക്
ഞാൻ കയറിയ
ബസ്സു തിരിയുന്നു.
കൂട്ടിന് സൈഡു സീറ്റിൽ
വഴിയിൽനിന്ന് കിട്ടിയ
കാടുകയറി
മെല്ലിച്ച ഒരു പുഴ...

മറവിയുടെ
മാന്ത്രികപിണച്ചിലിൽ
കഥകളകപ്പെടും മുൻപ്
ഒന്നു കൂടി
ഓർത്തിരിക്കട്ടെ
വഴികൾ
ഇറങ്ങാനുള്ളയിടം
നീ കാത്തിരിക്കുന്ന തുരുത്ത്...

* തൃത്താല, കുമ്പിടി: പാലക്കാട് ജില്ലയിലെ ഭാരതപ്പുഴയോരത്തെ രണ്ടു സ്ഥലപ്പേരുകൾ.

Comments