ഭൂമി ജെ.എൻ.

തുടർച്ചകൾ,
അവശേഷിപ്പുകൾ

ഒന്ന്.

പ്രേമത്തിന്റെ അവശേഷിപ്പുകൾ…

അടരുകൾ, ഇതളുകൾ,

നിമിഷങ്ങൾ, തിരമാലകൾ, മേഘ-
കഷണങ്ങൾ, ദീർഘനിശ്വാസങ്ങൾ,

പുഞ്ചിരികൾ, കൺപീലികൾ,
നടത്തങ്ങൾ, മൂളിപ്പാട്ടുകൾ,

കണ്ണുനീർതുള്ളികൾ,
ചുംബനങ്ങൾ, പുസ്തകങ്ങൾ,

ഹൃദയത്തുണ്ടുകൾ, കുപ്പിവളകൾ,
കൺമഷിക്കണ്ണുകൾ, നാണങ്ങൾ,

വേദനകൾ, ദിവാസ്വപ്നങ്ങൾ,
കെട്ടിപ്പിടുത്തങ്ങൾ, കരച്ചിലുകൾ,

മയക്കങ്ങൾ, പൂക്കൾ,
കത്തുകൾ, തുറന്നുപറച്ചിലുകൾ,

നിരാശകൾ, ആഗ്രഹങ്ങൾ,
തേൻചുണ്ടുകൾ, ഹൃദയമിടിപ്പുകൾ...

ഇനിയും എന്തെല്ലാമോ…
പറയാൻ വാക്കുകൾ കൊണ്ടാവാത്ത.. എന്തെല്ലാമോ...

രണ്ട്.

വേദനയുടെ തുടർച്ചകൾ…

ആഴങ്ങളിലാണ് ഞാനുള്ളത്,
പക്ഷേ, അതറിയാതെയാണ്
അവരെന്നെത്തേടി വന്നത്.

നാക്കിൽ ഒട്ടിപ്പിടിക്കാത്ത,
ചങ്കിൽ കൊരുക്കാത്ത,
തലയിൽ തങ്ങാത്ത,
വാക്കുകൾ.

കരച്ചിൽ..,
അതിന്റെ ഭാഷ,
ചില മനുഷ്യർക്കത്
വല്ലാത്ത ഭംഗിയാണ്
ആഴം കൂടുംതോറും
ഏറുന്ന ഭംഗി! 

ചിരിക്ക് മിഴിവുണ്ടാകുന്നത്, കരച്ചിലുള്ളതുകൊണ്ടാണ്,
ഇരുട്ട്
വെളിച്ചത്തെ വെളിവാക്കുന്നുണ്ട്,
നിശ്ശബ്ദതയ്ക്ക്
വല്ലാത്ത ഒച്ചയാണ്,
ചെവി തുളഞ്ഞു പോകും…

ഹൃദയത്തിൽ വെടിയുണ്ട കയറിയതുപോലുള്ള
മുറിവുകൾ കണ്ടോ?

എത്രയോ നിശ്ശബ്ദമായ കലഹങ്ങളാണ്  ഉള്ളിന്റെയുള്ളിൽ നടക്കുന്നത്?

തൊണ്ടപൊട്ടി നിലവിളിക്കുമ്പോ
ശബ്ദം പുറത്തുവരാത്ത ദുഃസ്വപ്നം.

ആരെയുമറിയാതിരിക്കാൻ
എത്ര കരച്ചിലുകളുടെ ഒച്ചകളെ
നിങ്ങളും (ഞാനും)
ഞെക്കി കൊന്നിരിക്കുന്നു.

പേടിച്ച് പതുങ്ങിയ ശബ്ദങ്ങളും,
ശ്….. കൊണ്ട് നേർപ്പിച്ച കലപിലകളും,

ആത്മഹത്യ ചെയ്ത വാക്കുകൾ.

വറ്റിവരണ്ട ആത്മാവ്,
വൃത്തത്തിലുള്ള കുടുക്ക്.

മൂന്ന്.

ഇടനാഴി…

സ്നേഹത്തിന്റ്റേയും വേദനയുടെയും
ഇടയിലുള്ള ആ സ്ഥലം…

ചിന്തകൾക്ക് ഭാരമില്ല,
വികാരങ്ങൾക്ക് കനമില്ല,

കാലുകൾ ഭൂമിയിൽ തൊടുന്നില്ല,
എന്നാലും സൂര്യന്റെ ചൂട് തട്ടുന്നത്ര ഉയരത്തിലുമല്ല,

പഞ്ഞിക്കെട്ടുപോലെയുള്ള ഒഴുക്കം…

അരുവിയുടെ താളവും
മഴവില്ലിന്റെ തിളക്കവും

എന്നെ ഞാനവിടെ നിർത്തി…


Summary: Thudarchakal Avasheshippukal, Malayalam Poem written by Bhoomi JN Truecopy Webzine packet 257.


ഭൂമി ജെ.എൻ.

കവി, പെർഫോമിങ് ആർട്ടിസ്റ്റ്. കേരള യൂണിവേഴ്സിറ്റിയിൽ ഫിലോസഫിയിൽ ഗവേഷക വിദ്യാർത്ഥിനി. ജെൻഡർ, ക്വിയർ തിയറി, സബ്ജക്റ്റിവിറ്റി, പോസ്റ്റ്-മാർക്സിസം, ഫെമിനിസം എന്നിവയാണ് മേഖല.

Comments