വിമീഷ് മണിയൂർ

തുളപുരാണം

ന്റെ മൂക്കിലെ രണ്ടു തുളകളിലൊന്ന്
ഇന്ന് പുലർച്ചെ
പല്ലുതേക്കുന്നതിനിടയിൽ മരിച്ചുപോയ്.

ശരിക്കും മരിച്ചതുതന്നെയാണോ
എന്ന് ഉറപ്പുവരുത്താനായ് 
നാലഞ്ച് മിനിറ്റ് ഞാനങ്ങാതെ നിന്നു.

അഥവാ ജീവനോടെ തിരിച്ചുവന്നാൽ
രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാൻ
ഞാൻ ഒരുക്കമായിരുന്നു,
എന്നിട്ടും അതിനിടവന്നില്ല.

ഒരു തുളമാത്രം മരിച്ചു എന്ന് പറഞ്ഞാൽ
ആളുകൾ വിശ്വസിക്കുമോ?

മുഴുവനായും കണ്ണടഞ്ഞിട്ടില്ലാത്ത
എന്റെ മുഖം നാളെ പത്രത്തിൽ വരുമോ?

ഒരു തുളയുടെ മാത്രം ശവമടക്ക് നടത്താൻ 
സമുദായക്കാർ അനുവദിക്കുമോ?

ഇപ്പഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സുന്ദരൻ 
രണ്ടാമൻ തുളയ്ക്ക് 
കുടുംബജീവിതമില്ലാതെ പോവുമോ?

ശരീരത്തിലെ എല്ലാവർക്കുമായ്
ഞാനടച്ചിരുന്ന ഇൻഷൂർ
അൽപമെങ്കിലും തിരിച്ചുകിട്ടുമോ?

ജീവിച്ചിരിക്കുന്ന എന്റെ സെൽഫികളിൽ
ചത്തതുള അശ്രീകരമായ് തീരുമോ
സ്ഥിരമായ് അതുവഴി കയറിപ്പോയവരൊക്കെ
നടത്തിവന്നിരുന്ന കച്ചവടത്തിൽനിന്ന് പിൻമാറുമോ? മരണമറിഞ്ഞ് പോലീസുകാർ
കേസെടുത്ത് അന്വേഷിക്കുമോ?

ആലോചിക്കുന്തോറും 
ഒരു തുളയും മണവും കിട്ടാതെ
ഞാൻ അശുവായ്.

മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരുന്ന
സ്വാമിമാർ ആരെങ്കിലും
ബാക്കിയുണ്ടോ എന്ന് തിരക്കിനോക്കി.

ഒരു തുളയ്ക്ക് മാത്രമായ് മന്ത്രങ്ങളില്ലെന്നും
ഏറ്റവും ചുരുങ്ങിയത് 
ഒരു തലയും ഒരു കൈയ്യുമെങ്കിലും വേണമെന്നും
സുഹൃത്തിന്റെ മെയിൽ പാഞ്ഞുവന്ന് ചരിഞ്ഞു.

രണ്ടുതുള സത്യത്തിൽ ആവശ്യമില്ലെന്നും
ഒരു തുള കൊണ്ടുതന്നെ ജീവിച്ചുപോവാമെന്നും
ബുദ്ധിമുട്ടുണ്ടെങ്കിൽ
വല്ലപ്പോഴും വായ തുറന്നുപിടിച്ചാൽ മതിയെന്നും
ഗൂഗിൾ നയം വ്യക്തമാക്കി.

ചത്തത് തിരിച്ചറിയാതിരിക്കാൻ
മൂക്കുകുത്തിയാലോ എന്നാലോചിച്ചു.
അളിഞ്ഞുപോകുന്ന തുളയിൽ എത്രനാൾ
മൂക്കുപൊത്തി അത് ജീവിക്കുമെന്നോർത്ത്
എനിക്കപ്പോൾ ഗദ്ഗദം വന്നു.

ഏതായാലും രണ്ടും കൽപ്പിച്ച്
ഞാനൊന്ന് ചീറ്റി നോക്കി.

ഒരു തുള അഴിഞ്ഞ് താഴെ കിടക്കുന്നു.


വിമീഷ്‌ മണിയൂർ

നോവലിസ്​റ്റ്​, കവി. റേഷൻ കാർഡ്, ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം, ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി, യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു (കവിത സമാഹാരങ്ങൾ), സാധാരണം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. കവിതകൾ തമിഴ്, കന്നട, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments