രണ്ട് കവിതകൾ

മണ്ണുപാട്ട്

1.

മരങ്ങൾക്കെല്ലാം
സംഗീതമുള്ളതുകൊണ്ടാണ്
ഭൂമിയിൽ
വിത്തുകൾ ഇപ്പോഴും
മുളച്ചേയിരിക്കുന്നത്

2.

സൂര്യനൊരത്യുഗ്രൻ ചുംബനം കൊണ്ട്
ഇന്നത്തെയുച്ചയെ എരിച്ചത്
ഒത്തിരിക്കാലം മുമ്പെന്നപോലെ.

തെരുവിലാർത്തുവന്ന ആൾക്കൂട്ടം
ഒറ്റയാളായി ചുരുങ്ങി
നൂറു കത്തികൾ ചേർന്ന്
ഒറ്റ വാദ്യം
നൂറു തെറികൾ ചേർന്ന്
ഒറ്റ ഗാനം
ഒറ്റയുടെ മുഴക്കം.

നൂറു ലിംഗം ചേർന്ന് ഒരു പീരങ്കിയായി
എല്ലാവരെയും ഒന്നിച്ചെരിച്ചുകളഞ്ഞു
ചിതറിയവരെ ഓടിച്ചു പിടിച്ച്
ജയിൽചിത്രങ്ങളായി തൂക്കി
ശബ്ദങ്ങളെ ചോരപ്പശതേച്ചൊട്ടിച്ചു.

3.

തടവുപുള്ളികൾ അഴികളിൽ താളം പിടിച്ച്
ജലതരംഗം വായിച്ചു
ആകാശം
തുള്ളികളായി ഇറങ്ങിവന്ന്
അതിന്റെ നീലശബ്ദത്തിൽ
ചുവന്ന പാട്ടുകൾ പാടിത്തുടങ്ങി.

4.

നിതാന്തമായ ഇരുളിലേക്ക്
ഉരുണ്ടുപോകുന്ന ഗോളത്തെ സങ്കൽപ്പിക്കുക

കൊഴുത്ത മാംസത്തെ കുത്തിനിറച്ച്
വായടപ്പിക്കുന്ന
ഏകതാനതയുടെ രാഷ്ട്രശില്പങ്ങളെ
വിശ്വസിക്കാതിരിക്കുക.

അതിരുകളുടെ മറവികളിൽ
മതിലുകളുടെ സിദ്ധാന്തങ്ങളെ
പുണർന്നുറങ്ങിയ രാവുകളെ
പകലുകളിലേക്ക്
വലിച്ചിഴയ്ക്കാതിരിക്കുക.

ഞാൺവിട്ട അമ്പിനും
കുഴലൊഴിഞ്ഞുപാഞ്ഞ ഉണ്ടയ്ക്കും
വാവിട്ട വാക്കിനും
പാതയായി ദുർബലപ്പെടാതിരിക്കുക.

ഇതൊരു മരമാണ്
മരണമാണ്
വേരുകളാഴ്ന്നത് കടത്തിലാണ്.

കടക്കാലമാണ്
ഉള്ളിയുടെ
അവസാനത്തെ ഉപഭൂഖണ്ഡമാണ്
ഉള്ളിലെ ഹൃദയം
ഒരു തുള്ളി കണ്ണീരാണ്.

5.

കയ്പ്പിനിപ്പാക്കിയ നീലക്കരിമ്പുകളിൽ
തെരുവു വിളഞ്ഞു
മണ്ണടിഞ്ഞ കാലത്തീന്ന്
ചോളവും
പാട്ടൊഴിഞ്ഞ പാടത്തൂന്ന്
നെല്ലും
വിണ്ടു കീറിയ പാദങ്ങളെ
പാടങ്ങളാക്കിയ
ഗോതമ്പും
അടിഞ്ഞ നാഗരികതവിട്ട് തിനയും
നാണം വെടിഞ്ഞ പരുത്തിയും
പടപ്പാട്ടുകളിൽ
അക്ഷൗഹിണികളായി നിരന്നു.

6.

തോക്കിൻ കുഴലിനറ്റത്ത്
ആർത്തു പൂവിട്ട ചെമ്പരുത്തികളേ,
വരിക
തരിക.

നിങ്ങടെ തേനിന്
നൂറു മധുരമാണ്

ഇറ്റു മോരു വീണാൽ പുളിക്കുന്ന
പാലാഴിയല്ല,
വേദനയുടെ
നെഞ്ചിൻകുടങ്ങളിലെന്ന്
അസുര വാദ്യങ്ങൾ മുഴങ്ങുന്നുണ്ട്.

വിമാനങ്ങൾ ഉയരെയും
തേനീച്ചകൾ താഴെയും
മൂളുന്നുണ്ട്.

ടാങ്കറുകൾ ഒഴുകിയ നിരത്തിൽ
ഡ്രില്ലറുകൾ വേരുറപ്പിക്കുന്നുണ്ട്

നേരുമുളയ്ക്കുവോളം നനവ്
വാക്കിലിപ്പോഴും ബാക്കിയുണ്ട്.

7.

പരിഹസിക്കരുത്,
ഇത് അപൂർണമായ ഗീതമാണ്.

ക്ഷമിക്കരുത്

ഇത്,
എരിച്ചുകളഞ്ഞ പുസ്തകങ്ങളിലെ
തീയോ,
ഞെരിച്ചുടച്ച തൊണ്ടക്കുഴിയിലെ
ഒച്ചയോ പോലെ
തെരുവിൽ ചിതറുമ്പോൾ മാത്രം
പൂർണമാകുന്ന കവിതയാണ്

രണ്ട്:
കടലലിവ്

രു ദിവസം
കടൽ
രണ്ടു കുട്ടികളെ കാണുകയായിരുന്നു.

കടൽ അവരോട്ട് ചിരിച്ചു.
കുട്ടികൾ ശ്രദ്ധിച്ചില്ല.
കുറച്ചു കൂടി
ആഴമുള്ള കാര്യങ്ങളിൽ
തിരയുകയായിരുന്നു അവർ.
കടലിന് അത്ഭുതം തോന്നി.
സത്യമായും അത്
അവരുടെ സൗന്ദര്യത്തിൽ
മുഴുകിപ്പോയിരുന്നു.

അവർ രണ്ടാളും കളി തുടങ്ങി.
കടൽ ഇടയ്ക്കിടെ അവരെ
തൊടാൻ ആഞ്ഞു.
പക്ഷേ അവർ പിന്മാറിക്കൊണ്ടിരുന്നു. അതോ,
അവരുതൊട്ട് ഇക്കിളിയാക്കും
എന്ന് ഭയന്ന്,
പാവം കടൽ
പിൻവാങ്ങി പോകുന്നതോ?

കടലിന് അത്ഭുതമായിരുന്നു.
എത്രനേരമാണ് താൻ
കുട്ടികളുടെ കളി
കണ്ടുനിന്നത്?
കുട്ടികളുടെ കണ്ണിൽ സൂര്യൻ അസ്തമിക്കുന്നത്
നോക്കിനിന്നത്?

എത്ര സൂര്യന്മാരാണ് കുട്ടികളുടെ കണ്ണിൽ അസ്തമിക്കുന്നത്?
കണ്ടിട്ടും കണ്ടിട്ടും കടലിന്
ആർത്തി തീർന്നില്ല.

എല്ലാ ദിവസവും
രാവിലെയും വൈകുന്നേരവും
അത്
കുട്ടികളെ കണ്ടു നനഞ്ഞു.
ഉച്ചകളിൽ കാത്തിരുന്നു മുഷിഞ്ഞു.

മലയിറങ്ങി
കാടിറങ്ങി
വീടിറങ്ങി
കൂടിറങ്ങി
കടലിൻ്റെ വൈകുന്നേരങ്ങളിലേക്ക് കുട്ടികൾ വന്നുകൊണ്ടേയിരുന്നു.
കടലാകട്ടെ,
കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ
കുട്ടികൾക്കായി കളികളും
കളിപ്പാട്ടങ്ങളുമൊരുക്കി.

കുട്ടികളുടെ കണ്ണിലെ ആകാശവും
ഉദയങ്ങളും കാണാൻ
ആവേശത്തോടെ
അത്യാഗ്രഹത്തോടെ
കടലിൻ്റെ ഉള്ളു പിടഞ്ഞു.

കാണാത്തപ്പോൾ,
രാത്രികളിൽ
തൻ്റെ ഏകാന്തതയോട് മല്ലിട്ട്
അത് കരഞ്ഞു.
ചിലപ്പോൾ അലറി.
ഒരമ്മയെന്നോണം,
കുട്ടികളുടെ ഉള്ളിൽ
ഒളിച്ചു താമസിക്കാൻ
അത് കൊതിച്ചു.

എടുത്തതിനേക്കാളേറെ
അത്
കൊടുത്തുകൊണ്ടിരുന്നു.
കൊടുക്കാനായി
ഇനിയും
കാത്തുവച്ചും തുടർന്നു.

കുട്ടികൾ വരാത്ത നേരങ്ങളിൽ
കടലിന് അനാഥത്വം കയ്ച്ചു.
കുട്ടികൾ എത്തുന്ന നിമിഷം
അതെല്ലാം മറന്നു.

താനുള്ളപ്പോൾ
കുട്ടികൾക്ക് കണ്ണീരില്ലെന്ന്
കടലിനറിയാം.
കുട്ടികളുടെ നനവിൽ
കണ്ണാടി നോക്കാനാണ്
താനവരെ സൃഷ്ടിച്ചതെന്നും
കടലിനറിയാം.

ഭൂമിയിൽ
എല്ലാ കുട്ടികൾക്കും
ഭാഷ ഒന്നെന്നപോലെ,
എല്ലാ കടലുകളും
ഒന്നാണെന്നും
അതിനറിയാം.


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments