ഒട്ടുപാലിൻ കടുംവാട
ചുറ്റിനിന്ന് കനച്ച നാൾ
മഴപ്പാവാടയിൽ
റബ്ബർ മരങ്ങൾ
നിന്നുലഞ്ഞപ്പോൾ
ചുട്ട ചീനിക്കിഴങ്ങിന്റെ
മട്ട് പോലെ;
കരിമ്പുറം
അകംരുചി;
പട്ടുപോയ പ്രേമദാഹപ്പറ്റിരുന്ന്
കനക്കുന്നൂ....
തൊട്ടപാടേ മാഞ്ഞുപോകും
ആവിനീരിൻ ചിത്രജാലം
പോലെ പോയീ തൊട്ടുപിന്നിൽ
എത്ര വർഷങ്ങൾ.....
അന്ന് തൊണ്ണൂറുകൾ
അതിൻ തിണ്ണമേലെ
ചിരിക്കുന്നൂ
തെറ്റിയോടും ഓർമതോറും
ഗ്ലാഡിയമ്മാമ്മ...
ആയകാലത്തോടിയോട്ടം
കൂട്ടിവച്ചാൽ
തമ്പുരാനേ
അറ്റമില്ല; അതിൻ മീതെ
ഒറ്റയാൾത്തെയ്യം
തെളിയുന്ന ഓർമ്മ....
ആറിലഞ്ചാമത്തതായി
പെറ്റുവച്ച നാൾ മുതലെ
പെൺമനസ്സോ,ടാണൊരുത്തൻ
ഊരു ചുറ്റുന്നൂ;
പെൺമണങ്ങൾ
പെൺകൊതികൾ
പൊറ്റകെട്ടും നെഞ്ചിലൂടെ
-പ്പാഞ്ഞുപോയീ പരിഹാസ
പ്പാഴ്മുഴക്കങ്ങൾ...
സ്നാനവെള്ളം തേവിയന്ന്
കൂട്ടിയിട്ട പേരിൽനിന്ന്
തോമയെന്ന പേരെടുത്ത്
വച്ചുകെട്ടീട്ടും
പെണ്ണൊരുത്തിയുള്ളി
ലൂടെ പ്പാഞ്ഞുപോകും
നേരമെല്ലാം
തോമ മാഞ്ഞു
ഗ്ലാഡിയായി
തെളിഞ്ഞുപൊങ്ങീ
നാട്ടുകാര് പേ പറഞ്ഞു
കൂട്ടുകാരായാരുമില്ലാ
തെത്രയെത്ര ക്രിസ്തുമസിൻ
രാവ് കൊഴിഞ്ഞൂ....
ആളൊഴിഞ്ഞദ്വീപ്
തോരാതാഗ്രഹങ്ങ
ളാർത്തുപെയ്തു
സങ്കടത്തിൻ കപ്പൽ കേറി
നാട് ചുറ്റിലും...
മറയുന്ന ഓർമ...
പേരുമൂരും കലങ്ങുന്നു
പകലെന്നോ
രാത്രിയെന്നോ
മറന്നുപോയ്
ദാഹിക്കാനും
വിശക്കാനും
മറന്നുപോയ്
ഗ്ലാഡിയമ്മാമ്മ...
എങ്കിലുമാ
ശൂന്യമായ
നെഞ്ചിലേക്ക് വലിച്ചിടും
തോർത്തുമുണ്ട് നേരെയാക്കും,
ഉള്ളിലവൾ പെണ്ണൊരുത്തി,
മറവിമങ്ങലില്ലാതെ
ഇപ്പൊഴുമുണർന്നു തന്നെ
യിരിക്കുന്നുണ്ടാം.....
മറക്കാനും
മരിക്കാനും
കഴിയാതെയൊരു
പെൺചൂ-
രകത്തെങ്ങോ
മുറിഞ്ഞിന്നും കരയുന്നുണ്ടാം...