മുങ്ങാങ്കുഴി കളിക്കുമ്പോൾ
പുഴയടിത്തട്ടിൽ നിന്നൊരു
മരണവിളി മുകളിലേക്ക്
പൊങ്ങി വന്നു.
നാടുവിട്ടുപോയെന്ന്
നാട്ടാരു പാടി നടന്ന
അയ്യനും തങ്കിയും
വെള്ളത്തിനടിയിൽ
ഒട്ടിക്കിടന്ന് മയങ്ങുന്നു.
ഉടലിൽ ഇത്തിരിയും
ഉയിരു ബാക്കി വെക്കാതെ
പരസ്പരം ജീവൻ കൊടുത്ത്
സ്നേഹിക്കുന്ന രണ്ടുപേരെ
പത്രത്തിലെഴുതാനും
ചിത്രത്തിലാക്കാനും
ഒത്തിരിപ്പേര് വരികയായി.
വെള്ളത്തിനപ്പോൾ
മരണത്തണുപ്പ്.
ആറ്റുവക്കിലെ
ഇലയും മരങ്ങളും
ആടാതെയുലായാതെ
സാക്ഷിനിൽപ്പ്.
മരിച്ചെന്ന് ഉറപ്പിച്ചു.
സ്നേഹത്തോടെ ജീവിച്ചിരുന്നോ എന്നതിന് തെളിവെടുപ്പായി.
വാരിയെല്ലുകൾക്ക്
മീതെയിട്ട നെഞ്ചുടുപ്പിൽ
പൊള്ളിപ്പിളർന്ന
രണ്ടു വൃണങ്ങൾ കണ്ടെടുത്തു.
അയ്യൻ ഹൃദയം പകുത്ത് നൽകിയെന്ന്
ഒറ്റനോട്ടത്തിൽ കിറുകൃത്യം.
മണൽ പരപ്പിൽ മലർത്തിക്കിടത്തി മനസ്സമ്മതം.
ചന്തം ചാർത്തിന് ഇലയുടുപ്പുകളും
പൂ മറകളും വെച്ചു.
മധുരം വെപ്പിന്
നാടൊന്നാകെ
വട്ടമിട്ടുനിന്ന് കുശുകുശുപ്പ്.
തങ്കയുടെ വയറ്റിലപ്പോൾ
കുഞ്ഞുപിള്ളേരുടെ ഒച്ച.
അയ്യനുപ്പിട്ടതും
തങ്കിമുളകിട്ടതും
ബാക്കിയെല്ലാവരും ചേർന്ന് വറവിടുന്നു.
പുഴയുടെ അടിവയറുതേടി
ഞങ്ങൾ ഊളിയിടുമ്പോൾ
മധുവിധു കണ്ട മീനുകൾക്ക്
നാണച്ചൊരുക്ക്.
തങ്കിയിൽ നിന്ന്
ഹൃദയം തട്ടിപ്പറിച്ചൊഴുക്കിയ
ഞങ്ങടെ പുഴക്കപ്പോൾ
കടലിന്റെ ഉപ്പുവാസന.
പുതുമോടിക്ക്
പരലോകത്തേക്ക്
പോയല്ലേയവരെന്ന്
അടക്കിന് വന്നവരെല്ലാം
അടക്കം പറഞ്ഞു.
പിറ്റേന്ന് കാലത്ത്
മീങ്കാരന്റെ കൂവൽ കേൾക്കാൻ
ഞങ്ങൾ മുട്ടിപ്പായി
പ്രാർത്ഥന തുടങ്ങി.
