അനൂന പർവിൻ പി. കെ.

ഉടലുപ്പ്

ടലുൾ സമവാക്യങ്ങളെ തിളച്ചുമറിയാതെ നോക്കി.
പ്രണയത്തെ തറച്ച് മുറിച്ചു
ചട്ടിയിൽ കയറ്റി ഉടച്ചുവേവിച്ചു.
ഇരുട്ടിൽ തപ്പിത്തടഞ്ഞ പഴയ ഒരു കവിത
പപ്പടം വെന്ത എണ്ണയിൽ നീറിമരിച്ചു.
ചിരി മണക്കുന്ന ഒരു ഓർമ പയറുതോരനൊപ്പം വാടി.

അടുക്കളയിൽ പൊന്തിവന്ന മണം
നരച്ച തുണിയുടെ ദീർഘനിശ്വാസം വലിച്ചെടുത്തു.
കലഹിച്ചു തോറ്റ ഇന്നലെ രാത്രിയുടെ നനവ്,
അടുപ്പ് നക്കിയെടുത്തു.

നിശ്ശബ്ദതയുടെ വിറങ്ങലിച്ച ഉപരിതലത്തിൽ
കല്ല് വീണു വരച്ചിട്ട വൃത്തങ്ങളിൽ വഴിതെറ്റി
മസാല കണക്കൊക്കെ ഇടറിവീണു.

അടുക്കളപടിക്കിപ്പുറം,
വേനലെരിയുന്ന മുറ്റത്തിനപ്പുറം,
വലിച്ചെറിഞ്ഞ വിത്തുകൾ മുളച്ചുപൊന്തി തുറിച്ചുനോക്കി.
ഒരിത്തിരി ജീവൻ ഉമ്മറം - അടുക്കള ദൂരത്തിനിടയിൽ
എരിഞ്ഞുകത്തി അമർഷത്തിന്റെ ചുമയെ പടച്ചുവിട്ടു.

തീന്മേശക്കരികെ
ചില്ലുപാത്രത്തിൽ തലതല്ലിവീണ മൃതദേഹത്തിന്,
ഉടലുപ്പ് കുറവത്രേ
ചൂടും ഇല്ലത്രെ.

Comments