ഹരിപ്രിയ സി.

ഉദ്യാനം


രിചിതമല്ലാതെയാവുന്ന
നഗരങ്ങൾ
നടന്നുപോവുകയില്ല.
ഒരിക്കൽ മാത്രം,
ജലമതിനെ ചുരുക്കിച്ചെറുതാക്കി
കീശയിൽ വയ്ക്കും.
കേൾവിക്കാരില്ലാത്ത
രഹസ്യമല്ലേയെന്ന
നിഴലുതൊടുവിച്ച്
ഉദരത്തിൽ കരുതും.

ഒഴുക്കിന്റെ സങ്കോചം
ജലപാതത്തിൽ നിന്നുമിനിയ്ച്ച്
നഗരച്ചുവരിൽ പുരളുമ്പോ
ഒരിക്കൽ മാത്രം ധരിച്ച
കുപ്പായത്തിന്റെ
മണം തടഞ്ഞ്,
രാത്രിവെട്ടം
മയങ്ങിമയങ്ങി വീഴും.
പതറിനീന്തുന്ന
മീനുകളെപ്പോലെ
ഏകാന്തതയിലെ നഗരം
കാലുകളുടെ അഭാവത്തെ
മറന്നുപോവും.

മണ്ണ് തുരന്ന് ഈയാംപാറ്റകൾ വരുന്നുണ്ടല്ലോയെന്നത്
ആശ്വസിക്കും.
ഉതിർമുല്ല വാസനിക്കുന്ന
മണ്ണിലാവട്ടെ
ഉറങ്ങാക്കുഞ്ഞുങ്ങളുടെ വേരുകളുണ്ട്.
ആ വേരുനീക്കിയാൽ
രാത്രി പകലാവും;
അതിനിടയിൽ
അമ്മയെന്നും
വ്യസനമാണല്ലോയെന്ന്
ഭൂമി പരിഭ്രമിക്കും.
പുല്ലുകൾക്കിടയിൽ നിന്ന്
നീണ്ടു വരുന്ന വേരുകൾ
മഴ പെയ്യുന്നുണ്ടോയെന്ന്
ഭൂമിയോട് ചോദിക്കും.
ജലം നഗരത്തോട്
മിണ്ടാക്കുട്ടീ മറുപടി പറയൂ
എന്ന് പറയും.

നഗരം കരയുമ്പോൾ മാത്രം
മണ്ണിൽ വേരുകളേയില്ല.
അത് മിണ്ടുമ്പോൾ
നീരിൽ
വെളിച്ചം പടരുന്നു.
ഭൂമിയന്ന് തുന്നി ബാക്കിയാക്കിയ
ഒരു പക്ഷി
നഗരത്തെ, ജലത്തിന്റെ
കീശയിൽ നിന്ന്
പുറത്തേക്കിട്ടു.

ഉറങ്ങാക്കുഞ്ഞുങ്ങളുടെ
അമ്മമാർ
കുപ്പായങ്ങൾ തുന്നുമ്പോൾ
വിജനമായ നഗരങ്ങളുടെ
ഓർമ തികയ്ക്കാൻ
ശ്രദ്ധിച്ചു.
മഴ മണക്കുന്ന എല്ലാ ശരീരങ്ങളും
ഇനിയൊട്ട് നടന്നുപോവുകയില്ലല്ലോ
എന്ന്
പ്രാർത്ഥിക്കുമ്പോൾ
കരയാൻ മാത്രം ശ്രദ്ധിച്ചു.
പകൽ രാത്രിയാവും മുന്നേ
ഉറങ്ങാക്കുഞ്ഞുങ്ങളുടെ വേരുകളും
മൗനത്തിന്റെ
ഒരംശം
സൂക്ഷിക്കാനൊരുങ്ങുന്നു.

പരിചിതരല്ലാത്ത കുഞ്ഞുങ്ങൾ
നടന്നുതുടങ്ങുമ്പോൾ
ഉറങ്ങാനഗരം
കീശകൾ തുന്നിയിരിക്കുന്നു.


Summary: Udhyanam malayalam poem by Haripriya C Published in truecopy Webzine packet 237.


ഹരിപ്രിയ സി.

കവി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം പൂർത്തിയാക്കി.

Comments