ഉല്പത്തി

ജ്ഞാതമായ പർവതത്തിന്റെ
പിളർപ്പിലുണർന്ന സൂര്യൻ,
കമിഴ്​ന്ന്​ കിടക്കുകയായിരുന്ന
നിന്റെ പിന്നഴകിന്റെ
വിടവിൽ ഒളിച്ചു.

സ്ഥാനം തെറ്റിയ
ഒരിക്കിളിയായി
നീയെന്നെ പൊതിഞ്ഞു
ഞാനപ്പോൾ
രതിയേക്കാൾ ഭയാനകമായ
സുഖത്തെ അറിഞ്ഞു.

എന്നിലൊതുങ്ങാതെ നീ
ഉന്മാദത്തിന്റെ പ്രവാഹമായി
ലോകം നിത്യമായ നിലാവിൽ നനഞ്ഞു.

ഭൂമിക്കടിയിൽ,മീതെയും
കടലിനാഴത്തിൽ,പരപ്പിലും
നിന്റെ സീൽക്കാരം പടർന്നു
കാലം അതിൽ ഊയലാടി മൂർച്ഛിച്ചു.

ആകാശം
മഴയെ ഗർഭം ധരിക്കുന്നില്ല
കാറ്റിന് കൂടൊരുക്കുന്നില്ല.
ഭൂമിയോ,
അഗ്‌നിപർവ്വതങ്ങളെയും
ഭൂകമ്പങ്ങളെയും
ആവാഹിച്ച് ഒളിപ്പിക്കുന്നു.​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ. വെറുതെയിരിക്കുവിൻ, താജ്​മഹൽ, പല കാലങ്ങളിൽ ഒരു പൂവ്​, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ.

Comments