പ്രായം കൊണ്ട് ശീലമായിപ്പോയ
പുസ്തകപ്പീടികയിലെ
പ്രണയകവിതാസമാഹാരങ്ങൾക്കു
മാത്രമായുള്ള പുത്തൻതട്ടിനുമുന്നിൽ
ഒരാൾക്ക് പ്രണയത്തെപ്പറ്റി
ഇതിനുമാത്രം എഴുതാൻ പറ്റുമോന്ന്
അന്തംവിട്ട് നിൽക്കുമ്പോഴാണ്
ചോന്നും നീലിച്ചും അങ്ങനേ അങ്ങ്
കറുത്തു പോയി,
നന്നായറിയാത്തൊരു കവിൾത്തടം
മുന്നിലൂടൊന്ന് പാഞ്ഞത്.
അതിന്മേൽ ഏറ്റവും കുറഞ്ഞത്
ഒരു കൈത്താളമെങ്കിലും
കൊട്ടിയിട്ടുണ്ടാവണം;
ശ്രുതിയൊക്കുംവരെ
കൊട്ട് തുടർന്നിട്ടുണ്ടാവണം;
ഉച്ചസ്ഥായികൾ പലവട്ടം
വന്നുപോയിരിക്കണം.
ഉള്ളിലുള്ള നോവും വേവും
ഒന്നൊഴിയാതെന്റെ
കണ്ണിലേക്ക് വാർത്തത-
തൊന്നടച്ചുതുറക്കും വേഗം
ഓടിയകന്നൊരാളുടെ
വർത്തമാനക്കൂടാണാ
പറക്കും നിറക്കൂട്ടെന്നുരുവിട്ട
ഫോൺ പൂട്ടിവെച്ച്
ആദ്യമോർത്തതൊരു
നേർച്ച നേരാനാണ്;
മിച്ചം വച്ച മനഃസന്തോഷത്തിനൊരു
പൊൻതുലാഭാരം നേർന്നാലും
തൂക്കമൊക്കില്ലെങ്കിലും
ഇറങ്ങിപ്പോക്കുകളുടെ
മധ്യസ്ഥനൊരുപകാരസ്മരണ!
പറങ്കിത്താഴിട്ട മറവിയറകൾ കാത്തോ-
രുപകാരസ്മരണകൾ ചൂട്ടുകത്തിക്കുന്ന
അറിയാദൂരങ്ങളിലിപ്പോൾ
പട്ടാപ്പകലും മാറിനിൽക്കുന്ന പാതിരകൾ
ഉറക്കമിളയ്ക്കുന്നുണ്ടാവണം.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.