സിൻഷ എം.

ഉപ്പിളി

ക്തം തുപ്പി മരിച്ച
ഏതോ വായോധികന്റെ
ചാവടക്കായിരുന്നു.

വഴിയിലെ മഞ്ഞപ്പിത്തം പിടിച്ച വിളക്കുകൾ
'കത്തലിനും' 'കെടലിനു'മിടയിലെ
നാട്ടുവെളിച്ചത്തിൽ ചോദ്യചിഹ്നമായി നിൽക്കുന്നു.
ഇരുട്ടിൽ തിളങ്ങിയ ഉപ്പിളിയുടെ വെളിച്ചത്തിൽ
ചിലന്തിവലയുടെ ഇഴയടുപ്പത്തിനിടയിലൂടെ
ഒളിഞ്ഞു നോക്കുന്ന ഉണ്മയുടെ കണ്ണിൽ
ഭയത്തിന്റെ തിമിരപ്പാട അടിഞ്ഞുകൂടി.

നിങ്ങൾക്കാവതുണ്ടെങ്കിൽ ഉറക്കെ ജയ് വിളിക്കെന്നോതി
കടവാതിലുകൾ ഇരുട്ടിന്റെ കൊടിയുയർത്താനിറങ്ങി.
എന്നത്തെയും പോലെ മൂളിയ കൂമന്റെ
നിസ്സംഗതയെ വിവേകമെന്നാരോ ചൊല്ലി വിളിച്ചു.

രക്തം തുപ്പി മരിച്ച
ഏതോ വായോധികന്റെ
ചാവടക്കായിരുന്നു.

അച്ഛനെ കൊന്നവന്റെ അരിയിട്ടുവാഴ്ച
പെറ്റമ്മയെ അടിമചന്തയിൽ കാക്കശിനുവിറ്റ്,
കാൽനക്കിയവനത്രെ ഇക്കുറി സമാധാന നൊബേൽ.
വീരപുത്രന്മാരുടെ സമരഗാഥകൾ ചിത്രകഥകളാക്കിയവർ
പുതിയ കാലത്തിന്റെ ഹെറഡോട്ടസ് ചമയുന്നു.

എന്നിട്ടും നോക്കിനിന്നവർ ഒരേസ്വരത്തിൽ
ഭയം (ശബ്ദം താഴ്ത്തി)
ഉള്ളത് പറയാം, ഇവിടെ ഒന്നും സംഭവിച്ചില്ല.

രക്തം തുപ്പി മരിച്ച
ഏതോ വായോധികന്റെ
ചാവടക്കായിരുന്നു.

ശ്രീകോവിലിൽ വച്ച് രതിവൈകൃതം ചീറ്റിയ
പെൺകിടാവിന്റെ ഗുഹ്യരക്തത്തിന്
മുലപ്പാലിന്റെ മണമായിരുന്നു.
രക്തത്തിൽ നന്മകലർന്ന
ഉന്നതകുലജാതരുടെ വഴിയിൽ പുഷ്പവൃഷ്ടി,
നികൃഷ്ടരുടെ ബൂട്ടിനു കീഴിൽ
ബാനുവിന്റെ ഗർഭപാത്രത്തിലെ
പൂർണവളർച്ചയെത്തിയ കുഞ്ഞിന്റെ ശവം
വീണ്ടും ഞെരിഞ്ഞമർന്നു.

എന്നിട്ടും കണ്ടുനിന്നവർ
ഭയം (ശബ്ദം താഴ്ത്തി)
ഉള്ളതുപറയാം, ഇവിടെ ഒന്നും സംഭവിച്ചില്ല.

രക്തം തുപ്പി മരിച്ച
ഏതോ വായോധികന്റെ
ചാവടക്കായിരുന്നു.

തർക്കഭൂമിയിൽ വേലായുധൻ പത്തലിറക്കി
സവാരിഗിരി പറഞ്ഞിറങ്ങിപ്പോയി.
പിന്നെ പത്തലിൽ കൊടിയായി, തോരണമായി,
തകർന്നുവീണ മിനാരത്തിനു മുകളിൽ
കാർക്കോടക താണ്ഡവമായി.

അരഞ്ഞാൺ വയറിന്റെ വിശപ്പിനുമേലെ
കൂറ്റൻ മിനാരവും ഗർഭഗൃഹങ്ങളും
ഏകകായ ശില്പങ്ങളും തലയുയർത്തി,
നിങ്ങളീ മണ്ണിനവകാശികളല്ലെന്ന്
നിസ്കാരത്തഴമ്പും കൊന്തയും നോക്കി വിധിയെഴുതി.

അപ്പോഴും കണ്ടവരൊക്കെയും പറഞ്ഞു
ഭയം (ശബ്ദം താഴ്ത്തി)
ഉള്ളത് പറയാം, ഇവിടെ ഒന്നും സംഭവിച്ചില്ല.

ഒടുവിൽ ചാവുനിലത്ത് തിളങ്ങുന്ന ഉപ്പിളികൾ
ധ്രുവങ്ങളിലേക്കകലുന്നു.
തലയ്ക്കുമുകളിൽ ഡെമോക്ലിസിന്റെ വാൾ
ഓർമ്മയുടെ വലിഞ്ഞുമുറുകുന്ന വയലറ്റ് ഞരവുകൾ
തിളങ്ങുന്ന ഉപ്പിളിയൂരി സത്യം ഗൗളി ചിലപ്പായി മുഴങ്ങുന്നു.

ഭയം
ഉള്ളത് പറയാം, അവസാനത്തെ സത്യം:
‘‘* ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു സ്ഥിതി- സമത്വ- മതേതരത്വ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നു’’.

-ഉപ്പിളി: പാമ്പിന്റെ ശരീരം ആവരണം ചെയ്തിരിക്കുന്ന പാളി.
-* ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന്.


Summary: Uppili malayalam poem written by Sinsha M, Published in Truecopy Webzine packet 289.


സിൻഷ എം.

കവി, കഥാകാരി. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സാഹിത്യപഠനവിഭാഗത്തിൽ ഗവേഷക.

Comments