ഷീബ ദിൽഷാദ്

ഉറുമ്പുകളും ആട്ടിൻപറ്റവും

ക്ഷരങ്ങൾ ചെറിയ ഉറുമ്പുകളാണെന്ന്
എനിക്ക് തോന്നി
ഞാൻ അവയെ ഒറ്റ വരിയിലൂടെ നടത്തി..
വരിതെറ്റാതെ നടന്നുവരുന്ന
ചെറിയ, കറുത്ത ഉറുമ്പുകൾ..
ഞാൻ അവരോട് മുമ്പേ നടന്നു പോകാൻ
പറഞ്ഞു.
അവർക്ക് പിന്നിലായി നടക്കുമ്പോൾ എനിക്ക് തോന്നി,
അവർ കുന്നുകയറുന്ന ആട്ടിൻ പറ്റമാണെന്ന്.
ലാഘവത്വം ആട്ടിടയനെപ്പോലെ
എന്നിൽ ചൂളമടിച്ചു.

ഞാനവർക്കു പേരിട്ടു

എതിരൻ, പൂങ്കനി, മേരി,
തെലുഗു, കൂർഗ്ഗരസി.
മനുഷ്യന്റെ ചുണ്ടനക്കങ്ങൾ മൃഗത്തിന് അറിയാമോ...
ആടിന് പുല്ലിന്റെ മണം കിട്ടി
മ് മേ…
അവർ തമ്മാമ്മിൽ പറഞ്ഞു.

മലകളിൽ നിന്ന് കാറ്റു വന്നു
മേഘങ്ങൾ മരച്ചില്ലകളെ മുട്ടിയുരുമ്മി
കടന്നുപോയി.
പ്രശാന്തമായ ഹൃദയത്തോടെ
ഞാനെന്റെ ആട്ടിൻ കുട്ടികളെ നോക്കി
മേരി എന്ന എന്റെ പ്രിയപ്പെട്ടവൾ
പല്ലുമുളച്ചു തുടങ്ങിയ അവളുടെ
കുഞ്ഞനെ
ഇളം പുല്ലിന്റെ തലപ്പുകൾ പതിയെ തീറ്റിക്കുന്നു.
വെയിലിന്റെ
സുതാര്യമായ തിരശ്ശീല മെല്ലെ ഇളകുന്നു.

താഴ്‌വരയുടെ വിസ്താരമളന്നു കഴിഞ്ഞ
പരുന്തിൻ പറ്റം
പുതിയ കാഴ്ചകൾ തിരയുന്നു.
വിടർന്ന ചിറകുകൾ
ലോകമാകെ വിരിച്ച
ഭീമൻ വല
എന്റെ ആട്ടിൻ പറ്റത്തെ
തേടിപ്പിച്ചു
മൺസൂണിൻ റാസ്പടിയുടെ
ആനന്ദം
ഹൈക്കുകളായി,
വലക്കണ്ണികൾ പൊട്ടിത്തകർന്നു
അവരെന്നെ ചേർന്ന്
മുട്ടിയുരുമ്മി നിന്നു.
തമിഴും , തെലുങ്കും, കൂർഗ്ഗും...
കെട്ടിപ്പിടിച്ചു.
മലമടക്കിൽ
നിന്ന് ചെമ്മൺ പാതകളിലേക്ക്
ഒലിച്ചിറങ്ങി, അടിഞ്ഞുകൂടി.

എന്റെ വിരലുകൾ മണ്ണിരയെപ്പോലെ
അഴുകിക്കിടക്കുന്ന
ഇലകൾക്കിടയിലേക്ക് നൂഴ്ന്നു പോയി.
ആഹ്! എന്താണെന്നെ കടിച്ചത്?
എന്തൊരു വേദന
നോക്കൂ, ഒരു കട്ടുറുമ്പ്.
അം എന്ന അക്ഷരം.


Summary: Urumbukalum Aattinpattavum, a Malayalam Poem written by Sheeba Dilshad published in truecopy webzine


ഷീബ ദിൽഷാദ്​

കവി. അവസാനത്തെ ആകാശവും പക്ഷികളും എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments