ഉത്നാപിഷ്ടിം

ർദ്ധനഗ്നനായ *ഉത്നാപിഷ്ടിം
അതിരാവിലെ എഴുന്നേറ്റ്
പ്രപഞ്ചത്തിന്റെ
ബാൽക്കണിയിൽ ചെന്ന്
എക്‌സർസൈസ് തുടങ്ങി.

അയാൾ അദൃശ്യനായി
നിരർത്ഥകമായ തെരുവിലൂടെ
ജിംഗിൾ എന്ന
വളർത്തുനായ്ക്കുട്ടിക്കൊപ്പം
സായാഹ്നസവാരിക്കിറങ്ങുകയാണ്
നൂറു പിണ്ഡങ്ങൾ മരണപ്പെട്ട തെരുവിൽ.

യുദ്ധപ്പടപ്പുകളുടെ തിരുമുറിവിൽ
പഴുത്ത കബന്ധങ്ങൾക്കിടയിലായ്
സമന്തപഞ്ചകമെന്ന് പേരുള്ള
കോഫി ഹൗസിലെ
തിരക്കിനിടയിലിരുന്ന്
അയാൾ ചായ കുടിച്ചു.

യുദ്ധത്തിനിടയിലും ഗോപുരങ്ങളുടെ
മിനുക്കുപണി തകൃതി.
വിനോദങ്ങളിൽ സെൽഫിയായിപ്പോയ
ചെറുപ്പക്കാരുടെ ചരിത്ര(?)ചിത്രങ്ങൾ.
അതിനു താഴെ പൂക്കടകൾക്കും
തോക്ക് വില്പനകൾക്കുമിടയിലൂടെ
വൃദ്ധർമാത്രം നടന്നുപോകുന്ന
തെരുവുപാതകൾ
ആർട്ട് ഗാലറികൾ.

‘വരൂ... വരൂ...'
സെയിൽസ് ഗേൾസായ
വൃദ്ധസ്ത്രീകളെയും കടന്ന്
‘പ്രേതജീവിതത്തിലെ അസ്പൃശ്യർ'
എന്ന പുസ്തകത്തിനായി
അയാൾ ലൈബ്രറിയിലേക്ക് കയറുന്നു

അയാളുടെ പക്കലുള്ള
ഊദിന്റ ഗന്ധമാർന്ന ചെടി
നിത്യയൗവനസുധയുടെതാണെന്ന്
അടക്കം പറച്ചിലുയർന്നു.
നടക്കുന്തോറും
ചെറുപ്പക്കാരുടെ
ഉറച്ച കാലടികളായിരുന്നു
അയാൾക്ക്.

പ്രേതജീവിതത്തിലെ അസ്പൃശ്യരായ
സകല വൃദ്ധർക്കും അയാൾ
ചിരഞ്ജീവികളായ ദൈവങ്ങളുടെ രഹസ്യം
പറഞ്ഞുകൊടുക്കുന്ന പുസ്തകമെഴുതി.

അയാൾ തുകൽവാറുപേക്ഷിച്ചു
നഗ്നപാദനായി
യൂണിവേഴ്സിറ്റിയിലേക്ക് പോയി.
വൃദ്ധരെ ചെറുപ്പക്കാരാക്കി
യോഗ ക്ലാസുകൾ നൽകി
കുണ്ഡലിനിയെ ഉണർത്തി.

സകല വൃദ്ധരെയും അയാൾ
നിത്യയൗവനസുധയുടെ ഊദ് നൽകി
തെരുവിലൂടെ നടത്തിച്ചു,
മരണത്തെ തോൽപ്പിക്കാൻ!
മരണത്തെ തോൽപ്പിക്കുകയെന്നാൽ
യുദ്ധത്തിനു മുൻപുള്ള
എത്രമഹത്തായ സന്ധിയാണത്.

അയാൾ പറഞ്ഞു;
നോക്കൂ... നോക്കൂ...
തെരുവിൽ പടക്കളങ്ങൾ
കാഹളങ്ങൾ യുദ്ധഭേരികൾ
പോർവിളികൾ.
പൊടിയടങ്ങുമ്പോൾ
മുന്നിൽ ചതുരംഗ പലക
64 ചതുരങ്ങൾ...8×8 നിരകൾ
'ചെക്ക്... ചെക്ക്...'എന്ന് ആക്രോശം

ഉത്നാംപിഷ്ടിം യൂണിവേഴ്സിറ്റിയിൽ
ക്ലാസ് എടുത്തു തുടങ്ങി;
പെണ്ണുങ്ങൾ യുദ്ധത്തിനുപോകുകയാണ്
വൃദ്ധരും അർദ്ധനഗ്നരുമാണവർ
തെരുവുകളിൽ അക്രമമഴിച്ചുവിട്ടിരിക്കുന്നു
ദേവദാരുക്കൾ മുറിച്ചു വിറ്റു
ആളുകൾ മരിക്കാതിരിക്കാൻ
തമ്മിൽ യുദ്ധം ചെയ്തുകൊണ്ടിരുന്നു
കരുക്കൾ നീങ്ങിത്തുടങ്ങി
കാലാളുകൾ, കുതിരകൾ, തേരുകൾ,
മന്ത്രി, ആന, രാജാവ്...
ഉത്നാപിഷ്ടിം പറഞ്ഞു നിർത്തി.
ഇപ്പോൾ തെരുവിൽ രാജാവ്
യുദ്ധത്തിലൂടെ മരണപ്പെട്ടിരിക്കുന്നു
ചരിത്രത്തിൽ അയാൾക്ക് അമരത്വമുണ്ട്
കാരണം അയാൾ രാജാവായിരുന്നു.

പ്രളയം വന്നപ്പോൾ
അർദ്ധനഗ്നനായ ഉത്നാപിഷ്ടിം
ഒരു പക്ഷിയുടെ ഇരുചിറകുകളായി
നിത്യയൗവനസുധയുടെ
തേനും മണവുമാണയാൾക്ക്.

(ഉത്നാപിഷ്ടിം- പ്രളയത്തെ അതിജീവിച്ചവൻ. ചിരഞ്ജീവി. പുരാതന മെസൊപ്പൊട്ടോമിയയിലെ ഇതിഹാസമായ ഗിൽഗമേഷിന്റെ പൂർവ പിതാമഹൻ. ചിരഞ്ജീവിയാകാൻ ആഗ്രഹിച്ച ഗിൽഗമേഷ് ഉത്നാപിഷ്ടിമിന്റെ കയ്യിൽനിന്ന് ദിവ്യ ഔഷധച്ചെടിയായ നിത്യയൗവനസുധ സ്വന്തമാക്കിയെങ്കിലും അത് കൈയ്യിൽ നിന്ന് നഷ്ടമായി).


പി.വി. സൂര്യഗായത്രി

കവി. ദുബായ് ആസ്ഥാനമായ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. രജസ്വല, മേരിഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments