എൽസ നീലിമ മാത്യു

യൂട്ടോപ്പ്യ

വിടെ എല്ലാവരും
തുല്യരാണത്രെ.
മതമെന്നൊരു വാക്ക്
അവർ കേട്ടിട്ടേയില്ലത്രെ.
പിന്നെയല്ലേ ജാതി!
നിറവും ഉയരവുമൊക്കെ
ആളെ അറിയാനുള്ള
അടയാളങ്ങൾ മാത്രമാണത്രെ.
അവിടെ എല്ലാവർക്കും
സദാ സന്തോഷമാണത്രെ.
ആരും ആരോടും
ഒരു നുണപോലും
പറയാറില്ലത്രെ.
അന്യോന്യം
പറഞ്ഞുപറ്റിക്കാറില്ലത്രെ!
അവിടെ ആരും
മതിലുകൾ പണിയാറില്ലത്രെ.
വാതിലുകൾ പൂട്ടാറില്ലത്രെ.
ഉറങ്ങുമ്പോൾ തലയിണക്കീഴിൽ
മൂർച്ചയുള്ള വെട്ടുകത്തി
കരുതിവെക്കാറില്ലത്രെ.
എല്ലാവർക്കും എല്ലാവരെയും
വിശ്വാസമാണത്രെ.

യൂട്ടോപ്പ്യ-
ഒരിക്കൽ അന്നാട്ടിൽ ഞാൻ വരും!

അവിടുത്തെ മഹാരാജാവാണ്
എന്റെ ദൈവം.
എനിക്കാഗ്രഹമുണ്ട്
അദ്ദേഹത്തെ വിശ്വസിക്കുവാൻ;
ആരാധിക്കുവാനും.
പക്ഷേ,
സകലരും തുല്യരായൊരു രാജ്യത്ത്
അങ്ങനെയൊരാളുണ്ടാകുമോ?
ഉണ്ടെങ്കിൽത്തന്നെ,
അയാൾ തന്നെത്തന്നെ
ഒരു മഹോന്നതപീഠത്തിൽ
പ്രതിഷ്ഠിക്കുമോ?
ഞാൻ എന്റെ പ്രജകളെ
സേവിക്കുകയാണെന്ന്
ഉച്ചത്തിൽ വിളിച്ചുപറയുമോ?
അദ്ദേഹത്തെ കണ്ടെത്താൻ
കുറച്ചു ബുദ്ധിമുട്ടും!

യൂട്ടോപ്പ്യ-
ഒരിക്കൽ അന്നാട്ടിൽ ഞാൻ വരും!

എനിക്കറിയാം -
അവിടേക്കുള്ള വഴി
എനിക്കറിയാമെന്നു പറഞ്ഞാൽ
ഒരായിരം പേർ
എന്റെ പിന്നാലെ വരുമെന്ന്;
പതിനായിരങ്ങൾക്ക് വഴിതെളിച്ചവളെന്ന്
പിൽക്കാലത്ത്
ഞാൻ അറിയപ്പെടുമെന്ന്;
എല്ലാവരും തുല്യരായൊരു
നാടുതേടിപ്പോയ
എന്റെ ചിത്രത്തിനുമുന്നിൽ
നിങ്ങൾ വിളക്കുവക്കുമെന്ന്;
കുമ്പിട്ടുതുടങ്ങുമെന്ന്;
എന്റെ വിഗ്രഹങ്ങൾ
കവല തോറും നിന്ന്
വെയിൽ കായുമെന്ന്;
ഞാനും ഒരു ദൈവമാകുമെന്ന്.

എനിക്കറിയാം -
എന്റെ പേരിൽ നിങ്ങൾ
രണ്ട് ചേരികളായിത്തിരിയുമെന്ന്;
അവ പതിയെ
പത്തും പലതുമാകുമെന്ന്.
എന്നോ മരിച്ചു മണ്ണടിഞ്ഞ
എന്റെ ശവക്കുഴി മാന്തി
ദ്രവിച്ചുതീരാത്ത എല്ലും പല്ലും
സ്ഫടികപാത്രങ്ങളിലേറ്റുമെന്ന്;
അവയ്ക്കായൊരു
കാഴ്ചബംഗ്ലാവ് പണികഴിപ്പിക്കുമെന്ന്.
എന്റെ ദർശനം കിട്ടിയ
പ്രവാചകവീരൻമാർ,
നിറഞ്ഞുകവിയുന്ന
പണപ്പെട്ടികൾ ഒളിപ്പിക്കാൻ
ദേവാലയങ്ങൾ പണിതുകൂട്ടുമെന്ന്.
അവരോരുത്തരും പിന്നെ
പുണ്യവാളന്മാരാകുമെന്ന്;
കഥ പിന്നെയും
കറങ്ങിത്തിരിയുമെന്ന്.

അതുകൊണ്ട്,
യൂട്ടോപ്പ്യ-
ഒരിക്കൽ അന്നാട്ടിൽ ഞാൻ വരും.
മറ്റാരോടും ഒരു വാക്കുപോലും പറയാതെ;
ഒറ്റയൊരാൾക്കുപോലും
വഴി പറഞ്ഞു കൊടുക്കാതെ...​▮


എൽസ നീലിമ മാത്യു

കവി. ​​​​​​​മാസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്​കൂളിൽ പോസ്റ്റ് ഡോക്​ടറൽ അസോസിയേറ്റ്​

Comments