ഉയിർപ്പ്

ജീവിതത്തെ ഒറ്റ് കൊടുത്ത
ഒരുവളെ എനിക്കറിയാം.

മഞ്ഞമന്ദാരം പോലെ
വിടർന്ന് ചിരിക്കാനറിയാമായിരുന്ന
അവളുടെ മുഖത്ത്,
ഇപ്പോൾ ചോരയും
ചലവുമൊലിച്ച്
കടും ചോപ്പ്
പൂത്തുനിൽക്കുന്നുണ്ട്.

വെള്ളാരങ്കലിന്മേൽ
പായൽ വിതറിയ പോൽ
കണ്ണ് ഒലിച്ച് പടർന്ന്
മരവിച്ച്
എല്ല് തകർന്ന്
കൂടില്ലാതായിപ്പോയവൾ.

ജീവിതത്തെ ഒറ്റ് കൊടുത്ത
ഒരുവളെ എനിക്കറിയാം.
പ്രാണനൂതി നിറച്ച പന്ത്,
കാഴ്ച്ചക്കാർക്കിടയിലേക്ക്
വലിച്ചെറിഞ്ഞ്
മൈതാനിയിൽ
അള്ളിപ്പിടിച്ചിരുന്ന്
നിലവിളിച്ചവൾ.

തീമഴ പെയ്തപ്പോൾ
കുടയില്ലാതിറങ്ങിനടന്ന്
മഞ്ഞുകാലമെന്ന്
പറഞ്ഞൊരുവൾ.

അവൾ ഓടിയ വഴിയേ
ഭൂമി പിളർന്നു​കൊണ്ടിരുന്നു.
അവൾ തൊട്ട മരങ്ങൾ
വെന്തുരുകി.
പുണ്യമാണവളെന്ന്, ആകാശം.
കടലാഴമാണെന്ന്, കവിത.
കനിവാണെന്ന്, കാറ്റ്.

ഭൂമിയുടെ ഒടുവിലത്തെ ദിക്കിലേക്കോടി
കടലിലേക്കിറങ്ങി പോയവൾ...
നിർത്താതെ ചിരിക്കുന്നുണ്ട്.
ഞാനവളെ കാത്ത് തീരത്തിരിപ്പാണ്,
പുണ്യമെന്ന് പറഞ്ഞവരോട് വന്യത
എന്ന് കയർക്കാൻ.
കനിവെന്നോതിയവരെ
കനവ് എന്ന് തിരുത്താൻ.

പ്രാണനിൽ പൊടിഞ്ഞ ചോര
കണ്ണീരുപ്പിനാൽ ഉണക്കി...

അവൾ കടലിളക്കിവരും.
ഒരു ശ്വാസമെങ്കിലും,
അവളുടെ ഉയിർപ്പിനെ
കുറിക്കും

ജീവിതത്തെ ഒറ്റുകൊടുത്ത
ഒരുവളെ എനിക്കറിയാം…

Comments