ഏത് വഴിക്ക് ഞാൻ പോയാലും
നീ തന്നൊരെന്തിലോ മുട്ടുന്നൂ;
ഏഴിലം പാലകൾ പൂത്താലും
പൂമുല്ല മൊട്ടിട്ട് നിന്നാലും ,
മഞ്ഞൾ വെയിൽ മാറിക്കാർമേഘം
വന്നാലും നീയേ ഉദിക്കുന്നൂ.
കാളിയ മർദ്ദനം വായിച്ചൂ
പ്രാചീന കാവ്യങ്ങൾ തോറും ഞാൻ
എന്നാൽ നീ എല്ലാം അഴിക്കുന്നൂ
എന്തോ പുതുതായിച്ചേർക്കുന്നൂ
സീതയാണെന്നാകാം ആ നാഗം
തീയിലെരിച്ചിട്ടും പോകുന്നോൾ
പൂതനയാകാം ആ മിന്നും കാൽ
പൂ ചേർത്ത മദ്യം പോൽ മോന്തുന്നോൾ!
ഏത് വഴിക്ക് ഞാൻ പോയാലും
നീ തന്നൊരെന്തിലോ മുട്ടുന്നൂ;
കാലിക്കുടമണി കേൾക്കൂന്നൂ
ടാറിട്ട റോഡിൽക്കാർ പായുമ്പോൾ
നിൻ കാവ്യ ഗ്രന്ഥം പകുക്കുമ്പോൾ
എന്തേ മലർ മണം തൂവുന്നൂ ?
ഇല്ലിനി പാടില്ലാ ഞാനെന്ന്
ചില്ല തോറും നീ കരയുന്നു,
എന്റെ കിനാക്കൾ കരിഞ്ഞെന്നും
എന്റെ നിറങ്ങൾ കഴിഞ്ഞെന്നും
ഇന്നു പറഞ്ഞാലും നിൻ മനസ്സിൻ
മുല്ല പിറ്റേന്നും തളിർക്കുന്നു !
എന്തു ലഹരി നിലാവത്താ
മുല്ലത്തറയിലിരിക്കുമ്പോൾ
ഇല്ല കരയില്ല ഞാൻ വറ്റാ-
തുണ്ടല്ലോ നീ അടി നീരായി.
▮