ങ്ങളെ ലാബില്‍ ആദ്യം കൊണ്ടുപോയത്
ഓന്താണ്.

തങ്കോംപിള്ള എന്നാണ് പേരെന്ന് അറിഞ്ഞത്
കഷണ്ടിത്തലയുള്ള
സാറിന്റെ പടം
പെന്‍ഷന്‍ പേജില്‍
കണ്ടവര്‍ പറഞ്ഞാണ്.

ആറാം ക്ലാസ്സുകാരെ
ലാബില്‍ കൊണ്ടുപോയിരുന്നത്
പ്രതികാര ബുദ്ധിയോടെയായിരുന്നു.

കെമസ്ട്രി ക്ലാസ്​ ഒന്നടങ്കം
സാറെത്തും മുമ്പേ
ഓന്ത്... ഓന്ത്...
എന്നാരവമിട്ടാണ് സ്വീകരിക്കാറ്.

ക്ഷോഭിച്ചു ചുവന്ന്,
എന്റെ നിറം മാറ്റരുതെന്ന്
പതിവായയാള്‍ പറയും.

പിന്നെ
എല്ലാവരേയും ക്യൂ നിര്‍ത്തി
ലാബിലേയ്ക്ക്.
ഇരുണ്ട കെട്ടിടത്തില്‍,
കേറുന്നിടത്തുതന്നെ
ചിരിച്ചുതൂങ്ങി നിൽക്കും

skelton.

ഇടം കയ്യിലെ വീണുപോയ വിരലുകള്‍
നൂല്‍ക്കമ്പി കൊണ്ടുകെട്ടി,
തിരിഞ്ഞിളകിയ
കശേരുക്കള്‍
ക്രമരഹിതമായി ...
വാല്‍ മുള്ളില്ലാത്ത
അസ്ഥികൂടം
ആടിയാടി ഭയം വിടര്‍ത്തി
തലയ്ക്കു മീതേ
കണ്‍കുഴിയില്‍
മാറാലയുമായി...

ഞെട്ടി, പലരും വീണു.
വീഴാത്തവരെ
ടെസ്റ്റ്യൂബിലെ
അമോണിയം ഹൈഡ്രോക്‌സൈഡ്
ആഞ്ഞുവലിപ്പിച്ച്
ഓന്ത്, സാറായി, സ്റ്റാറായി,
സാര്‍ ചക്രവര്‍ത്തിയായി.

പാവം
ലക്ഷ്മിക്കുട്ടിയമ്മ സാര്‍
കവിത പാടി
ശീലാവതീ മലയാളത്തില്‍,

ഇന്ന്
നട്ടെല്ലുളള നിരൂപണമുണ്ടായെന്ന്
പറഞ്ഞു!
കുട്ടികള്‍
പേടിച്ചു.

ആട്ടാനായി,
ലോപിച്ചു പോയ
coccyx
തപ്പി
പരിണാമപ്പുസ്തകത്തിലേയ്ക്ക്
തിരികെനടന്നു.


എൽ. തോമസ് കുട്ടി

കവി, നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യക്ഷനായിരുന്നു. ക്ഷ-റ, തെരഞ്ഞെടുത്ത കവിതകൾ, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി, മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, പരിസര കവിത തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments