നിധിൻ വി.എൻ.

വാരണം ആയിരം

കാറ്റിന്,
വെയിലും മഴയുമെന്നപോലെ;
തൊൽക്കാപ്പിയവും
തിരുക്കുറലും
മധുരൈക്കാഞ്ചിയും
പിറന്ന മണ്ണിലൂടെ 
ഞാനലഞ്ഞു.

മഴയിൽ കുളിരാതെ,
മീനച്ചൂടേറ്റിയ വെയിലിൽ
ഉളളാകെ പൊള്ളി.
വേദന, തിടമ്പെടുത്തൊരു
കൊമ്പനായി ഉള്ളിലുയർന്നു.

വിരഹമൊരു വേണുഗാനത്തിൻ
കമ്പളം പുതച്ച്,
പാണ്ഡ്യ- ചോളർ
കല്ലിൽ കൊത്തിയെടുത്ത
കവിതയെ തഴുകി.

ഹൃദയമൊരു ശിലയായിരുന്നെങ്കിൽ
ഞാനതിൽ നിന്നെ
കൊത്തിയെടുത്തേനെയെന്ന്
എന്നിലെ കാമുകൻ, കൊഞ്ചി.

എണ്ണക്കറുപ്പിലലിഞ്ഞുപോയ
മഞ്ഞൾക്കാന്തിയും,
മല്ലിപ്പൂവും സെണ്ടുമല്ലിയും വാസനിക്കുന്ന തലമുടിയും,
നിന്നിലേക്കെന്നെ ചേർത്തുവെച്ചു.

തിരുപ്പാവൈയും
നാച്ചിയാർ തിരുമൊഴിയുമെഴുതിയ
ആണ്ടാളിനെപോലെ,
കാത്തിരിപ്പിൻ്റെ വീഞ്ഞ് നുകർന്ന്
തഞ്ചാവൂർ പാവപോലെ
ഞാനിരുന്നാടി.

വേദന കുടിയിരിക്കുന്ന
പശ്ചാത്തല സംഗീതം.
സന്ധ്യയെ പകർത്തിവെക്കുന്ന
കടലിനെൻ്റെ രൂപം.

ഭാരതിയാരിലേക്കോ
ഭാരതിദാസനിലേക്കോ
പരകായം ചെയ്തേക്കാവുന്ന
എൻ്റെ ഹൃദയം
“കല്പി”നായി കൊതിച്ചു.

ബാംസുരിയിൽ “ആഭേരി” പടരുന്നു.
ചായങ്ങൾപടർന്ന 
ക്യാൻവാസുപോലെ സന്ധ്യ.

കടൽ നോക്കി ഞാനിരിക്കേ,
ആയിരമാനകൾ കടൽക്കടന്നെത്തി.
അവയ്ക്കു നടുവിൽനിന്ന്
നീയെന്നെ തിരുമണം ചെയ്തു.

ഉയർന്ന ശംഖുനാദവും
ഉടഞ്ഞ മൺകലവും
എരിഞ്ഞ ചന്ദനവും എള്ളും
നിന്നിലലിഞ്ഞതിൽ സൂചനയായി.

കടലിലൂടൊരു മൺകലമൊഴുകുന്നു.
തിരകളതിനെ താലോലിക്കുന്നു.
കേൾക്കൂ, ഇപ്പോഴും നിന്നെയാണ് 
ഞാൻ വിളിക്കുന്നത്.

എങ്കിലും, പ്രണയമേ
നീ വരച്ചു പൂർത്തിയാക്കാത്ത
ക്യാൻവാസല്ലേ ഞാൻ?


Summary: Vaaranam Aayiram malayalam poem written by Nidhin VN Published Truecopy webzine Packet 306


നിധിൻ വി.എൻ.

കവി, കഥാകൃത്ത്. കടല്‍ച്ചുഴിയിലേക്ക് കപ്പല്‍ ചലിക്കുന്നവിധം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments