എം.പി. അനസ്​

വാഗൺ കൂട്ടക്കൊല

നൂറ്റാണ്ടാം തീവണ്ടി
ഓടിക്കുതിക്കുമേ
കാറ്റുള്ളകാലമാ
ചരിതം തുടരുമേ..

പോരാടി വീണൊരാ
സ്വാതന്ത്ര്യ സമരത്തിൻ
ഓർമ്മയിലെന്നുമാ
പാളംവിറയ്ക്കുമേ.

തന്നെ കൊടുത്തിട്ടും
നാടിനെ കാക്കുവാൻ
തഞ്ചമതില്ലാതെ
നെഞ്ചു വിരിച്ചവർ

പെറ്റു കിടന്നൊരു
നാടിൻ മടിത്തട്ടിൽ
അടിമയായ് കഴിയുവാ-
നഭിമാനം പോരാഞ്ഞോർ

തന്നുടെ മലയാള
നാടിന്റെ ധർമ്മത്തെ
തമ്മിൽ പിണങ്ങാതെ
സത്യം പുലർത്തിയോർ

മണ്ണിൽ മറഞ്ഞൊരാ
വീരശുഹദാക്കൾ
സ്വാതന്ത്ര്യവീര്യത്തിൻ
മഹിതം രചിച്ചോവർ

വീരരവർ തീർത്ത
ധീരമാം പോരാട്ടം
കണ്ടു വിറച്ചന്ന്
ബ്രിട്ടന്നഹങ്കാരം.

വണികരായ് വന്നിട്ട്
നാടിതിൽ കൂടീട്ട്
വമ്പുറ്റ നാടിനെ
കൈയിലൊതുക്കിയോർ

വാളും പീരങ്കിയും
തോക്കും പലവിധ
മാരകമായുള്ള
കോപ്പുമെടുത്തവർ

ജാലിയൻവാലാബാ-
ഗെന്നൊരു മണ്ണതിൽ
തീ തുപ്പും തോക്കിനാൽ
കുരുതി പടുത്തവർ

ഒന്നിച്ചു കൂടിയ
സമര ഭടൻമാരെ
ചിന്നിച്ചു ചോരയിൽ
ജീവനെടുത്തവർ

പത്തൊമ്പതിലുളെളാ-
രച്ചരിതം പോലെ
വാഗൺകൊലയതും
ഉള്ളം തളർത്തുമേ

മോചനപ്പോരാട്ടം
തുടരുന്നൊരിന്ത്യയെ
ബ്രിട്ടന്റെ പട്ടാളം
കൊന്നു കെടുത്തുന്നാൾ

ഇങ്ങ് മലബാറും
കൊച്ചി തിരുദേശം
സ്വാതന്ത്ര്യദാഹത്താൽ
മുന്നണി കൂടുന്നേ

നാടിന്റെ മോചന
പ്പൂതിപെരുത്താരേ
സമരത്തിൻവീരിതം
നാട്ടിൽ പുലർന്നതേ

റൂഹതെടുക്കുവാൻ
മലബാറിൻ ദേശത്തും
കൊടുമയായപരാധം
കാട്ടിയേ വെള്ളക്കാർ

നാടിന്റെ കാവലായ്
നിന്നൊരാ വീരരേ
ഹിച്ച്‌കോക്കും കൂട്ടരും
ചതിയാൽ കൊരുത്തതേ

ബെല്ലാരി തന്നിലെ
ജയിലിലയക്കുവാൻ
ഖബറകമൊത്തൊരു
വാഗണൊരുക്കിയേ

വാഗണതിനുള്ളിൽ
നിറയാ മനുഷ്യരെ
കുത്തി നിറച്ചേറെ
ക്രൂരത കാട്ടിയേ

തോക്കിന്റെ പാത്തിയാൽ
തള്ളി നിറയ്ക്കുന്നേ
തോളെല്ല് പൊട്ടീട്ടും
തല്ലിയൊതുക്കുന്നേ

ഇതയമതില്ലാത്തോ
രിംഗ്ലീഷ്ശിപായിമാർ
ഇരുമ്പറതന്നുള്ളിൽ
തള്ളിയൊതുക്കിയേ

തൊണ്ട നനയ്ക്കുവാൻ
വെള്ളമതിലില്ലാ
കാറ്റുവന്നെത്തുവാ
നൊരുപോളയതുമില്ല

വാവുകറുത്തപോലാ
കെയിരുട്ടാകെ
ഖൽബ് പിളരുന്ന
നീറലതുണ്ടാമേ

തൊണ്ട വരണ്ടും
വിയർത്തു മറിഞ്ഞും
കൊണ്ടയ്യറയ്ക്കുള്ളിലായ്
വിങ്ങുന്നേ മോചനം

സോദരർ തമ്മിലായ്
വേർപ്പതു മുത്തിയും
നീരിനായുളേളാരു
ദാഹമകറ്റുന്നേ

പതിനേഴ് പതിനൊന്ന് എംസ്സെമെൽവിയെന്ന
മുദ്രയതുള്ളൊരാ
വാഗണതിനുള്ളിൽ

കാറ്റുകടക്കാത്തൊര
ക്കൂട്ടിലന്യോന്യം
ശ്വാസം തിരയുന്നേ
തമ്മിൽ മറന്നിട്ടേ

ഒരുവർക്കൊരുവരാൽ മുറിവേറ്റരുതിരത്തിൽ
ഒരുവനെന്നോർക്കാതെ
നാവതുനീട്ടുന്നേ

ഞരമ്പു വലിഞ്ഞുള്ള
വലിയലാലദ്ദിനം
സമരഭടൻമാർതൻ
മൗത്തായോരോർമ്മയാ

അറുപത്തിനാലുപേർ
നഫ്‌സു പിരിഞ്ഞന്ന്
അന്ത്യമാം യാത്രയെ
പുൽകിയുറങ്ങിയേ

കോരങ്ങാത്തെപ്പള്ളി
ഖബറകം തന്നിലും
പോർട്ടുമസ്ജ്ദിൻ
മണ്ണറതന്നിലും

പൂത്തൂരതിലുള്ള
സ്മാരകം തന്നിലും
പോരാടിയുള്ളോർതൻ
ചരിതംതുടരുമേ

വാഗണതിലുള്ള
ട്രാജഡിയല്ലല്ല
വെള്ളക്കാർ തീർത്തതാം
കൂട്ടുക്കുരുതിയാ

മണ്ണിൻ പ്രഭുക്കൻമാർ
ജന്മിമാരേറെയും
ബ്രിട്ടന്റെയോശാരം
കൂടിക്കഴിയുന്നാൾ

തന്നുടെ നാടായ
നാടിന്റെ രോദനം
തന്നാലേ കേട്ടിട്ട്
പോരാട്ടം കൊണ്ടോവർ

പട്ടാങ്ങുവിട്ടൊരാ
ബ്രിട്ടന്റെക്രൗര്യത്തിൽ
വിട്ടുകൊടുക്കാത്ത
സത്യമതുള്ളവർ

രാജ്യത്തെയോർത്തുള്ള
നൊമ്പരന്തന്നാലേ
രാപകലില്ലാതെ
ധീരരായ് നിന്നവർ

കൊല്ലാനായ് വന്നുള്ളെ
വെള്ളപ്പടയോട്
തന്റേടമൊന്നാലേ
നിന്നു പൊരുതിയോർ

പോരാടി വീണൊരാ
സ്വാതന്ത്ര്യ വീര്യത്തിൻ
ഓർമയിലെന്നുമാ
പാളംവിറയ്ക്കുമേ

നൂറ്റാണ്ടാം തീവണ്ടി
ഓടിക്കുതിക്കുമേ
കാറ്റുള്ളകാലമീ
ചരിതം തുടരുമേ.. ​▮

റൂഹ് = ജീവൻ
ഖബർ = മണ്ണറ
ഇതയം = ദയ
നഫ്‌സ് = ആത്മാവ്
ശുഹദാക്കൾ = രക്തസാക്ഷികൾ


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments