മരങ്ങളൊട്ടിച്ച വളവിൽ
കിലുക്കിലാ സൂത്രങ്ങൾ
ജീവിതമുരൾച്ചയൊച്ചയൊച്ചയിൽ
ചീവീട് കൂട്ടുകൂടാതെ പോയരാത്രിയിൽ
മദ്യലഹരിയിലാടുന്ന ഇലകളിൽ
കല്ലുവെക്കും പൊന്നു തുമ്പി
തൂവെളിച്ചം ചുട്ടുതിന്ന
മീനമാസ പക്ഷിവന്നോ.... വന്നോ?
ഉടുപ്പഴിച്ചെറിഞ്ഞ കറുത്ത കാറ്റുകൾ
നടുനിവർത്തിയോടുമ്പോൾ
ഒളിച്ച ചിറകുകൾ അനക്കമിട്ട നേരം
വളർന്ന വളവിലെ മാരനറിഞ്ഞു.
സൈലൻസ് പ്ലീസ് ...
ഒന്നെ രണ്ടെ മൂന്നേ നാലേ
അഞ്ചു മഴ പെയ്തു
നദികൾ മൂളുവാൻ തുടങ്ങി.
സൈലൻസ് സൈലൻസ്.
ടിപ്പുസുൽത്താൻ അതുവഴി
ചുരമില്ലാതെ നടന്നുവരുന്നുണ്ട്.
മാൻമലകൾ പരന്നോടുന്നുണ്ട്.
വളവിൽമാരൻ നരിക്കാലുമായി
പതുങ്ങി പതുങ്ങി വരുന്നുണ്ട്.
ok സംസാരിച്ചോളൂ.
അല്ലെങ്കി വേണ്ടാ, കേൾക്കൂ.
ടിപ്പുവിൻ്റെ കുതിരകളേയും കൂട്ടി
മാരൻ്റെ നരികൾ ഗദ്ധിക കാണുവാൻ പോയി.
ച്വാവാനി നലേഗാളോ ഗുരുവേ ച്വാവാനിന്നലേഗാ
ച്വാവാനി ന്നലേഗാളോ ഗുരുവേ ച്വാവാനിന്നലേഗാ...
മാട്ടു പാഗുളു കൊണ്ടണു ദേവാ ച്വാവാനിന്നലേഗാ ..
മഞ്ഞിൻ്റേയും കല്ലിൻ്റേയും വിത്തുകൾ
പിറക്കുവാനായി മണ്ണിലേക്ക് വീണപ്പോൾ
മാരൻ്റെ കാലുകൾ വിറച്ച് വിറച്ച്
കറുത്ത രാജ്യത്തിനകത്തിങ്ങനെ പാടി.
ബലിബലിബലി നിറെബല്യാ
പൂമിലി പുറാന്തൊരു പുല്ലുക്കൊടി നിറെബല്യാ
കല്ലിലിമുളെച്ചൊരു കല്ലുക്കൊടി നിറെബല്യാ
ഏയേയേയോയോയേയ്യേയോ.
അഞ്ചു മഴപെയ്തു
നദികൾ മൂളുവാൻതുടങ്ങി.
കാളിന്ദി നേരത്തെ കബനിയെ മുട്ടിട്ടുണ്ട്
ബസുവൻ്റെ കാലികൾ മേയുകയാണ്
വളവിൽമാരൻ്റെ വീരം ബൈര നാട്ടിൽ
കന്നലാടിയായി.
ടിപ്പു ബാവലിയിലൊരു വാൾ വെച്ചതും
കന്നടയും മലയാളവും പരിചിതരായി.
വളവിൽമാരൻ്റെ ഭാഷകൾ -
എന്തോപറയുന്നുണ്ട്.
സൈലൻസ്…
കേൾക്കൂ ...
കേട്ടോ?
എന്താണ് കേട്ടത്?
ആ.
കുറച്ച് മൃഗങ്ങൾ വഴിമുറിച്ചു കടക്കുന്നു
അതിലൊരു മൃഗം വില്ലുപോലെ വളഞ്ഞ് വളഞ്ഞ്
വളവിൽമാരൻ്റെ വളവിന്ന് ഒറ്റ എയ്യലായിരുന്നു.
ചരം മൂളി മൂളി മൂളി നാല് നാടിനെ തന്നു …
പാക്കന്നാടു
ഇളെരുന്നാടു
അഞ്ചുർന്നാടു
തിരുനെല്ലിന്നാടു.
ശരി ഇനി സംസാരിച്ചോളൂ
കഥെക്കഥെ കമ്പള
ശരി ഇനി സംസാരിച്ചോളൂ
കഥെക്കഥെ കമ്പള കഞ്ചിയട്ടെയ്.
ഏയേയേയോയോയേയ്യേയോ.