ഷീബ ദിൽഷാദ്

വല്യുമ്മയോർമ്മകൾ

ഒന്ന്: വിഷം

കൂവച്ചെടി പിഴുതിട്ടു വല്യുമ്മ
ചുവന്ന പൂക്കളും
വരയൻ ഇലകളുമായി
എന്നെ പൊതിയാനുള്ളത്രയും
വലിപ്പമുള്ള ചെടികൾ
അറ്റത്ത് നിറയെ കിഴങ്ങുകൾ
ഉപ്പിട്ട് വേവിച്ച
കൂവയുടെ കരിനീല നിറം
കണ്ട് ഞാൻ പേടിച്ചു.

അതിൻ്റെ ചുവട്ടിൽ
താമസിക്കുന്ന
മൂർഖൻപാമ്പുകൾ
കൊത്തിയിട്ടാണോ
ഈ നീലനിറം?

എന്തായാലും ഞാനിത് തിന്നില്ല..

നല്ല രുചിയോടെ കിഴങ്ങുകൾ
അകത്താക്കുന്നു
അനിയത്തി
ഇന്ന് രാത്രി അവൾ മരിക്കുമോ?
ഞാൻ പേടിയോടെ
വല്യുമ്മയോട് ചോദിച്ചു.

‘ചിലപ്പോൾ’.

രണ്ട്: ചികിത്സ

രാത്രി -
ചന്ദ്രൻ്റെ വെട്ടം കായലിൽ
ഞരമ്പു പോലെ
വഴി തെളിക്കുന്നു.

വള്ളക്കാരൻ
ഒരു കറുത്ത വര പോലെ
ഇരുട്ടിൽ ഉയർന്ന് നിൽക്കുന്നു.

ആരും ഒന്നും മിണ്ടുന്നില്ല

സ്രാമ്പിയിലെ മാമ
വാപ്പാടെ മടിയിൽ നീണ്ട് നിവർന്ന്
കിടക്കുന്നു.

അക്കരെയാണ് വല്യുമ്മാടെ വീട്
വിഷഹാരിയും വൈദ്യരുമാണ് വല്യുമ്മ
മാമായെ വൈന്നേരം ഒരു ചുരുട്ട കടിച്ചു
വള്ളത്തിൽ കേറും വരെ
കുഴപ്പമില്ലായിരുന്നു..
എനിക്ക് പേടിയായി

മാമ മരിക്കുമോ?

ഞാൻ ആകാശത്ത് വെറുതേ നോക്കി
ചന്ദ്രൻ ഞങ്ങൾക്ക് വെട്ടം
കാണിച്ച് കൂടെ വരുന്നു
തെങ്ങോലകൾ
വെള്ളിനിറമുള്ള ചുരുട്ടയുടെ
വയറാണെന്ന് എനിക്ക് തോന്നി
മാമാടെ കിടപ്പ് കണ്ട്
എനിക്ക് കരച്ചിൽ വന്നു.

വല്ലപ്പോഴും അംബികയിൽ
കൊണ്ടു പോയി സിനിമകൾ
കാണിച്ചു തരുന്ന ആളാണ്
ഇങ്ങനെ..

മാമായെ തോളിലിട്ടു കൊണ്ട്
വാപ്പ ഓടുന്നു
പിറകേ പേടിച്ചു വിറച്ച്
ഞാനും..

"ചേട്ടത്തീ, ചേട്ടത്തീ
വാപ്പ അണച്ചു, നിലവിളിച്ചു"
പട്ടികളുടെ നിർത്താത്ത കുര..
മുറ്റത്തെ കോസടിയിൽ
മാമായെ കിടത്തി
വിളക്കുമായി വല്യുമ്മ വന്നു
കാലിലെ മുറിവ് നോക്കി
ഏതോ കഷായം ചൂടാക്കി കുടിപ്പിച്ചു
മാമ കണ്ണു തുറന്നു

മുറിവായിൽ
ഒരു പുളിങ്കുരു പിളർന്ന് പതിച്ചുവച്ചു.
ചുരുട്ടയാണെങ്കിൽ പേടിക്കണ്ട
ഉറക്കമൊഴിഞ്ഞാൽ മതിയെന്ന് പറഞ്ഞു

മാമാടെ മുഖത്തെ പിരിമുറുക്കം
അയഞ്ഞു
ഞാൻ ആശ്വാസത്തോടെ വല്യുമ്മയെ
നോക്കി ചിരിച്ചു,

"സാരമില്ല നീ അവന് കൂട്ടിരുന്നോ
ഉറങ്ങാതെ സംസാരിച്ചിരിക്കാൻ
നീയാ പശ്റ്റ്.
ഒന്നും തിന്നണ്ട
വെള്ളോം കുടിക്കരുത്
പുളിങ്കുരു ഒട്ടിയിരിക്കുന്നത്
താഴെ വീഴുമ്പോൾ എന്നെ വിളി"

വാപ്പ തിരിച്ച് വീട്ടിലേക്കും
വല്യുമ്മ ഉറങ്ങാൻ അകത്തേക്കും
പോയി...

ഞാൻ ഒന്നും കഴിച്ചില്ല
വെള്ളവും കുടിച്ചില്ല.

ഒരു സിനിമയുടെ വാഗ്‌ദാനമാണോ
അതോ,
മാമായെ രക്ഷിക്കാനുള്ള വ്യഗ്രതയോ
ഞാനുറങ്ങിയില്ല..

വെളുപ്പിന് ഒരു മഞ്ഞുതുള്ളി പോലെ
ആ പുളിങ്കുരു നീലിച്ച് വീർത്ത്
താഴെ വീണു.

മൂന്ന്: അനുസരണ

മൈമൂനയെന്ന ആടും
രണ്ട് പിടക്കോഴികളും
വല്യുമ്മാടെ മുറിയുടെ
വിരിച്ച ചാക്കുകളിൽ ഉറങ്ങി
(ഒറ്റമുറി വീടുകളിൽ
സഹവർത്തിത്വം
ഏറെയാണല്ലോ.)

എനിക്ക് മുട്ടച്ചോറ്
ഉണ്ടാക്കുന്ന തിരക്കിലാണ്
വല്യുമ്മ

പുഴുങ്ങിയ മുട്ടയും ചോറും
മുട്ടത്തോടിൽ നിറച്ച്
ചോറുകലത്തിൽ
പൂഴ്ത്തിവക്കുന്നത്
മൈമൂനയെന്ന ആട്
നോക്കിക്കിടന്നു.

പണി പൂർത്തിയാക്കിയപ്പോൾ
വല്യുമ്മ ഒരു പിഞ്ഞാണത്തിൽ
കുറച്ച് കഞ്ഞി വെള്ളമൊഴിച്ചു
ഒരു പിടി പിണ്ണാക്കും ഉപ്പുമിട്ടു
ആടിൻ്റെ മുന്നിൽവച്ചു.

ആടത് കുടിക്കുമ്പോൾ
എനിക്ക് മുട്ടത്തോടിൽ നിന്ന്
ചോറ് വാരിത്തന്നു..

ആട് മുറിയിൽ മൂത്രമൊഴിക്കുമോ?
എനിക്ക് സംശയമായി…

വല്യുമ്മ എല്ലാ ജോലിയും
തീർത്ത് കിടക്കുന്നതിനുമുമ്പ്
ആടിനെ പുറത്തേക്ക് കൊണ്ടുപോയി..

" പെടാടേ, പെടാടേ"
ആടിൻ്റെ മുതുവിൽ തടവി
വല്യുമ്മ ശാസിക്കുന്നു.

ആട് കുറച്ചു നേരം അനങ്ങാതെ നിന്നു
പിന്നീട് ശ്ർർ.... ന്ന് മൂത്രമൊഴിച്ചു.

പുറത്തെ നിലാവ്
മരയഴികളിലൂടെ ഞങ്ങൾ കിടക്കുന്ന
മുറിയിലെത്തി
വെളുത്ത് പട്ടുപോലുള്ള
ആട് ഒരു കുഞ്ഞിനെപ്പോലെ
ഉറങ്ങി...

Comments