ഒരിക്കൽ
ഒന്നും പറയാതെപോയ
കൂട്ടുകാരിയെ
കേട്ടാലറയ്ക്കുന്ന
ചീത്ത പറയുന്നവരോട്…
കൊടുംകാട്ടിൽ
ആകാശം തൊടും
മരങ്ങൾക്കു കീഴെ
ഒറ്റയ്ക്ക് നിന്നിട്ടുണ്ടോ
നിങ്ങൾ?
ചീവീടുകൾ
താളം തെറ്റാതെ
മലനിരകളെ തമ്മിൽ
ബന്ധിപ്പിക്കുമ്പോൾ
എവിടെനിന്നെന്നറിയാതെ
ഏകാന്തത
ഒഴുകിപ്പരക്കുന്നത്
അനുഭവിച്ചിട്ടുണ്ടോ?
മലമുഴക്കി
താണുപറക്കുന്ന
ചിറകടിയൊച്ചയിൽ
കുട്ടിത്തേവാങ്കുകളുടെ
കണ്ണുകളിൽ
ഭീതിയുടെ വെയിൽ
വീഴുന്നത്
നിങ്ങൾ കണ്ടിട്ടുണ്ടോ?
കൈയകലത്തിൽ
ഒറ്റയാൻ
ഞെരിയൊടിക്കുമ്പോൾ,
കാട് കാടാകുമ്പോൾ
ആരുമില്ലാത്തവരുടെ
നക്ഷത്രങ്ങൾ
ആകാശത്ത്
പൊലിയുന്നത്?
കാട്ടരുവിയിലെ
നീർവഞ്ചിതുരുത്തിൽ
വായിൽ എല്ലുകുടുങ്ങി മരിച്ച
മുതലയുടെ
ജീർണ്ണിച്ച ശവം
നിങ്ങൾ കണ്ടിട്ടുണ്ടോ?
നിസ്സഹായതയുടെ
നിർമ്മമതയുടെ
നിരാസത്തിന്റെ
നീരാളികൾ
അവളെ
വരിഞ്ഞുമുറുക്കിയിരിക്കാം
എന്ന്
എന്നെങ്കിലും നിങ്ങൾ
ഓർത്തിട്ടുണ്ടോ?
എന്തിനാണ്
പിന്നെ നിങ്ങൾ
അവൾക്ക്
വനദേവതയെന്നു
പേരിട്ടത്?
