വരയിട്ട
പുസ്തകങ്ങൾ

നിങ്ങൾ
സുന്ദരമായ കൈയക്ഷരങ്ങളേപ്പറ്റി
സംസാരിക്കുന്നു
അതിൻറെ വളവുകളേയും
വടിവൊത്ത ആകാരഭംഗിയേയും കുറിച്ച്.

വരയിട്ട നോട്ടുപുസ്തകം
എനിയ്ക്കുനേരേ നീട്ടിക്കൊണ്ട്
അതിരുകൾക്കുള്ളിൽ ഒതുങ്ങേണ്ട
അവയുടെ
അടക്കത്തെയും ഒതുക്കത്തെയും
ഓർമ്മപ്പെടുത്തുന്നു.

വാക്കുകൾക്കും വരികൾക്കുമിടയിൽ
പാലിക്കേണ്ട
കൃത്യമായ അകലത്തേപ്പറ്റി,
ഒരു ചെറിയ വെട്ടലുകൊണ്ടുമാത്രം
കേടുപറ്റിപ്പോകുന്ന
അവയുടെ ശുദ്ധിയെപ്പറ്റിയും
സദാ
നിങ്ങളാകുലപ്പെടുന്നു..

കൈകൊരുക്കാതെ
കെട്ടുപിണയാതെ
പൊടുന്നനെ ഉച്ചത്തിൽ ചിരിക്കാതെ
സ്വകാര്യം പറയാതെ
എത്തിനോക്കാതെ
എതിർക്കാതെ
ഈ വരകൾക്കുള്ളിൽ ഒതുങ്ങിവളരുവാൻ
എന്റെ അക്ഷരങ്ങളോട്
നിങ്ങളാജ്ഞാപിക്കുന്നു…

സാധ്യമല്ല,
ഇനിമേൽ
എനിയ്ക്ക് നിങ്ങളുടെ നേർരേഖകൾ
ആവശ്യമില്ലാ
എവിടെയും തമ്മിൽപ്പുണരാത്ത
ഈ സമാന്തരരേഖകളുടെ
തൊട്ടുകൂടായ്മ…
അതിനുള്ളിൽ
പൊട്ടിച്ചിരിക്കാതെ
ഉറക്കെ കരയാതെ
പ്രണയിക്കാതെ
കലഹിക്കാതെ
എന്നും ഒരേപോലെ
അർത്ഥമില്ലാതെ പുഞ്ചിരിയ്ക്കുന്ന,
ഉരുണ്ടു കറുത്ത അടിമകളേപ്പോലെ
വാങ്ങാനാരെയോ കാത്തിരിക്കുന്ന,
അക്ഷരങ്ങൾ…
വീർപ്പുമുട്ടുകയാണ്…

വരയും കുറിയുമില്ലാത്ത
ഒരു പുസ്തകം തരൂ, എനിയ്ക്ക്
വളഞ്ഞും
പുളഞ്ഞും
ആന കളിച്ചും
ഉറക്കെ ചിരിച്ചും
കെട്ടിപ്പിടിച്ചും
കരണത്തടിച്ചും കൊണ്ട്
ചിട്ടയില്ലാതെ ഞാനെഴുതട്ടേ..

അവരിനി
ഉൻമാദികളായി കൂവിവിളിയ്ക്കും…
ഇന്നോളം നിഷേധിക്കപ്പെട്ട
പാതിരാവുകളിൽ
ചേക്കേറാൻ കൂട്ടാക്കാതെ
സ്വാതന്ത്ര്യത്തോടെ
പറന്നുകൊണ്ടിരിക്കും…

പരസ്പരം കലഹിക്കും
വെല്ലുവിളിയ്ക്കും
പിന്നെയുമിണചേരും…

എൻറെ താളുകളിൽ അനവധി
വെട്ടലുകളും തിരുത്തലുകളുമുണ്ടാകും
ചിലപ്പോൾ വെട്ടിനു മീതേ കൂടി
ഞാൻ
വീണ്ടുമെഴുതിയെന്നും വരാം

ഈയശുദ്ധി എനിയ്ക്ക് പ്രിയങ്കരമാണ്.
ദിശയില്ലാതെയാണ്
ഞാനൊഴുകുക.
എനിയ്ക്ക് കൈവഴികൾ പിറക്കും.

എഴുതുന്നതെല്ലാം വായിക്കണമെന്ന്
ഇങ്ങനെ ശഠിക്കുന്നതെന്തിന്?
ഇതെൻറെ മാത്രം പുസ്തകമല്ലേ.

എത്രനോക്കി കണ്ണുരുട്ടിയാലും
തലങ്ങും വിലങ്ങും മേൽക്കുമേലുമൊഴുകുന്ന
ഈ വാചകങ്ങൾ
നോക്കൂ, നിങ്ങൾക്കിനി
പിടിതരാനേ പോകുന്നില്ലാ.

പെണ്ണോ, ആണോ, ആൺപെണ്ണോ
എന്റെ മുഴുവൻ കുഞ്ഞുങ്ങളേയും
നാലുവരക്കോപ്പി കാണാതെയാണ്
ഞാൻ വളർത്തുക.


ലയ ചന്ദ്രലേഖ

കവി, കഥാകാരി, എഴുത്തുകാരി. വോയ്‌സ് ഓവർ ആർട്ടിസ്റ്റ്. സ്കൂൾ വിദ്യാഭ്യാസകാലത്ത് 'ഓളങ്ങൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധാനം, തിരക്കഥാ രചന എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കി. 

Comments