വർണത്തിലാശങ്ക

ഞ്ഞ മനുഷ്യരെ കാണാം
പഴുത്തിലകളിൽ
വിൽപത്രമെഴുതുന്ന,
രാപ്പൂക്കളിൽ
നോവുകളിൽ
ഇലഞ്ഞി പൂക്കുന്ന ചന്ദ്രക്കലയിൽ
പഴുക്കടയ്ക്കത്തൂണലങ്കാരങ്ങളിൽ
ഉറയാത്തെയ്യങ്ങളാണവർ.

നീലമനുഷ്യരെ നോക്കാം.
അവർക്ക് സർപ്പസൗന്ദര്യമാണ്.
എന്റെ ദൈവങ്ങൾക്കും പാട്ടുകൾക്കും
വാദ്യങ്ങൾക്കു പോലും
അവരുടെ മണമാണ്.
എന്റെ അന്നത്തിനും
വെയിലിനും
കടലിനും
മയിൽപീലി വിരിയിച്ച മേടുകൾക്കും
ഞാനവരോട് കടപ്പെട്ടിരിക്കുന്നു.

അവരോ?
ചെണ്ടകളിലസുരരതാളം പെരുക്കി
ഹൃദയത്തിലുറഞ്ഞുതുള്ളിക്കേറി,
അത്യാർത്തികളെയും
അവസരവാദത്തെയും
വിചാരണ ചെയ്യുന്നു.
വാക്കിനെ സൂചിയിൽ കോർത്ത്
ലോകം നിർമിക്കുന്നു.

ചുവന്ന മനുഷ്യരെ എനിക്കിഷ്ടമാണ്.
അവരെന്നോട്
വേദനയിലും പകയിലും ഐക്യപ്പെടുന്നു.
വീണ്ടും വീണ്ടും നാവുനീട്ടുന്ന വിശപ്പിന്,
ഉറച്ച ചുവടുവയ്പുകളാൽ
അക്ഷരവും ചരിത്രവും
കോറിക്കൊടുക്കുന്നു.

അവരിലൊരാളായി
എന്നെയും ചേർക്കുന്നു.
കൈകോർത്ത്
സംഘത്തിലേയ്ക്ക് മോചിപ്പിക്കുന്നു.
ഓരോ മനുഷ്യരിലും എന്റെ നിറം ചേർത്ത് പരിണാമത്തിന്റെ മനോജ്ഞമാലയിൽ
കണ്ണിയാക്കുന്നു.
ഞാനോ,
വാഴക്കുലയിലെ പടലയിൽ നിന്ന് പച്ചക്കായകളെന്നോണം
അവരുടെയുടലിൽ നിന്ന്
വാക്കുകൾ ഇരിഞ്ഞു മാറ്റുന്നു.

പച്ചമനുഷ്യർ എന്റെ സ്നേഹിതരാണ്.
അവരിൽ ചിതറിവീഴുന്ന
വയലറ്റ് തുള്ളികൾ
എന്നെ
ഭയപ്പെടുത്തുന്നു.
പ്രഭാതങ്ങളിലിറ്റുന്ന
മഷിവാകപ്പൂക്കളായി,
പള്ളിക്കൂടമുറ്റത്തെ ഓർമകളായി
അത് ഒച്ചകളെയെഴുതുന്നു.

എങ്കിലും-
നുണകളുടെ പൂരപ്പറമ്പിൽ
നിറമില്ലായ്മയാകാം നേര്!

ഇലയ്ക്ക് വേണ്ടാത്ത പച്ച
പൂവിന് വേണ്ടാത്ത ചുവപ്പ്
കടലിന് വേണ്ടാത്ത നീല
ഓരോ നിറവും
അതിൽതന്നെ തിരസ്കരിക്കപ്പെട്ടിരിക്കുന്നു.
നിറങ്ങളില്ലെന്നു വിധിക്കപ്പെട്ടവരോ
മഴവില്ലുകൾ തീർക്കുന്നു.

ഇരുട്ടിൽ മുഴുകിയ നിറങ്ങൾക്കും
ചന്ദ്രിക പതിയുന്ന ഭൂമിയുടെ
ചെമ്പുമണത്തിനും മാത്രം
തളിർപ്പിക്കാനാവുന്ന വിയർപ്പുമണികൾ
ഞാൻ മാലയാക്കുന്നത്,
അവരുടെ ആമ്പൽപൂവിനെ
ലോക്കറ്റാക്കാനത്രേ!

മഞ്ഞലോഹമെന്ന്
എത്ര നാൾ വിളിക്കും?
ഇന്ദ്രനീലമെന്ന് എത്രനാൾ പരിഹസിക്കും?
വേണ്ടാതായ നിറങ്ങളെ
നിരസിക്കുന്ന,
ഒരേയൊരു അരുവിയാൽ നനയ്ക്കപ്പെടുന്ന
ഈ ഗ്രാമത്തിൽ?


Summary: Varnathilaashanka, a Malayalam poem written by Raprasad published in Truecopy Webzine packet 252.


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments