കരുണാകരൻ

വർഷങ്ങളോളം

‘There is such loneliness in that gold’.
- The Moon, Jorge Luis Borges, Selected Poems.

നൽച്ചില്ലിൽ
മുഖമമർത്തി, എന്റെ
ഉറക്കത്തിലേക്ക് തുറിച്ചുനോക്കിയവളേ-

അടുക്കളത്തോട്ടത്തിൽ പെട്ടെന്ന്
അപ്രത്യക്ഷനായ ചെമ്പോത്ത്
അതിന്റെ ഒച്ചയോടെ പരന്ന വെളിച്ചം

നിന്നെ മായ്ച്ചുവെങ്കിലും.

ഈ സ്വപ്നം ഞാൻ മറക്കുന്നില്ല.

ജനൽച്ചില്ലിൽ പുലർച്ചയിലേക്ക് പതിഞ്ഞ മുഖം
മറക്കുന്നില്ല.

നിന്റെ കണ്ണുകൾ, കണ്ണീർ നനച്ച നോട്ടം
നിന്റെ മൂക്ക്, നിന്റെ ചുണ്ട്, നിന്റെ
ചപ്പിയ പുഞ്ചിരി

ഒന്നും ഞാൻ മായ്ച്ചുകളയുന്നില്ല.

ഇന്ന് ഞാൻ വാതിൽ തുറക്കുന്നില്ല.
ഇന്ന് ഞാൻ ജനൽ തുറക്കുന്നില്ല.

ആ മുഖം മാത്രം ഓർമ്മിക്കുന്നു.

മരിച്ചവരെ നുഴഞ്ഞുകയറാൻ അനുവദിക്കാതെ
മറവി പ്രാർത്ഥനയാക്കിയവരെ ഉപേക്ഷിച്ച്
നിന്റെ മുഖം പതിഞ്ഞ ജനൽച്ചില്ല് മാത്രം കാണുന്നു.

അവിടെ നീ നിന്നിടത്ത് തെളിയുന്ന
എന്റെ മുഖം മാത്രം കാണുന്നു. പിന്നെ
കണ്ണുകളടയ്ക്കുന്നു.

വർഷങ്ങളോളം മരിക്കുന്നു.


Summary: Varshangalolam a Malayalam language poem written by Karunakaran


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments